ബി ജെ പിയുമായി ചര്‍ച്ച നടത്തി: വെള്ളാപ്പള്ളിക്കൊപ്പം ചേരാന്‍ വി എസ് ഡി പിയും

Posted on: October 4, 2015 12:32 am | Last updated: October 4, 2015 at 12:32 am
SHARE

തിരുവനന്തപുരം: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണിയിലേക്ക് ചേക്കേറാന്‍ തയ്യാറായി നാടാര്‍ സമുദായ സംഘടനയായ വൈകുണ്ഠസ്വാമി ധര്‍മ പരിപാലനസംഘം (വി എസ് ഡി പി) നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി വി എസ് ഡി പി നേതാക്കള്‍ ബി ജെ പി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബി ജെ പി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിജയകരമായിരുന്നെന്നും ചര്‍ച്ചയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നാടാര്‍ സമുദായാംഗങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും വി എസ് ഡി പി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
വി എസ് ഡി പിയുമായി നടത്തിയ ചര്‍ച്ച വിജയകരമായിരുന്നുവെന്നും നാടാര്‍ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും അറിയിച്ചു.
ജയസാധ്യതയുള്ള വി എസ് ഡി പി സ്ഥാനാര്‍ഥികളെ പ്രാദേശികമായി പിന്തുണക്കും. എസ് എന്‍ ഡി പിയുമായി നടത്തിയ ചര്‍ച്ചപോലെ ഇതിനെ കാണേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളാപ്പള്ളി നടേശനുമായി ഈ മാസം അഞ്ചിന് ചര്‍ച്ച നടത്തുമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു. ആറിന് സംഘടനയുടെ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത് പ്രവര്‍ത്തകരോട് നിലപാട് വിശദീകരിക്കും.
അതേസമയം ഹിന്ദുക്കളെ മാത്രം സംഘടിപ്പിക്കാനാണ് വെള്ളാപ്പള്ളി നടേശന്‍ ലക്ഷ്യമിടുന്നതെങ്കില്‍ അവരുമായി വി എസ് ഡി പി സഹകരിക്കില്ല. വി എസ് ഡി പിയില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളുമുണ്ട്. എല്ലാ മനുഷ്യരെയും ഒരുമിച്ചുചേര്‍ക്കണമെന്നതാണ് വി എസ് ഡി പിയുടെ നിലപാട്. 10 വര്‍ഷമായി ബി ജെ പിയോട് നാടാര്‍ സമുദായം എതിര്‍പ്പ് വെച്ചുപുലര്‍ത്തുകയായിരുന്നു.
ഇനി ബി ജെ പിയെ പഴയരീതിയില്‍ എതിര്‍ക്കേണ്ടെന്ന നിലപാടിലാണ് വി എസ് ഡി പി. കോണ്‍ഗ്രസിനോടായിരുന്നു സമുദായത്തിനും സംഘടനക്കും അടുപ്പം. എന്നാല്‍, കോണ്‍ഗ്രസ് സമുദായത്തെ വഞ്ചിക്കുകയാണുണ്ടായത്. ചെറിയ ചില ആവശ്യങ്ങളാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാറിന് മുന്നിലും വെച്ചത്.
ഇതിനുവേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അംഗങ്ങള്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കും. ബി ജെ പി നേതാക്കളുമായുള്ള ചര്‍ച്ചയില്‍ രാഷ്ട്രീയം വിഷയമായില്ലെന്നും സമുദായത്തിന്റെ ചില ആവശ്യങ്ങള്‍ ബി ജെ പി നേതാക്കളെ ധരിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഡല്‍ഹിയില്‍ വെച്ച് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി രണ്ടാം ഘട്ട ചര്‍ച്ച നടത്താനുള്ള നീക്കത്തിലാണ് വി എസ് ഡി പി.

ജനങ്ങള്‍ക്ക് പ്രതീക്ഷ
മൂന്നാം മുന്നണിയിലെന്ന് വി എസ് ഡി പി
തിരുവനന്തപുരം: കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ പരാജയപ്പെട്ടുവെന്നും ഇനി ജനങ്ങള്‍ക്ക് പ്രതീക്ഷിക്കാനുള്ളത് മൂന്നാം മുന്നണിയിലാണെന്നും വി എസ് ഡി പി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍. ബി ജെ പി നേതാക്കളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും സമുദായവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
ബി ജെ പിയോട് വി എസ് ഡി പിക്ക് എതിര്‍പ്പില്ല. ബി ജെ പിയുമായുള്ള ചര്‍ച്ചകള്‍ വിജയകരമായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ബി ജെ പിയെ എതിര്‍ക്കുന്ന നിലപാടായിരുന്നു വി എസ് ഡി പിക്ക്. ഇനി ആ എതിര്‍പ്പ് തുടരേണ്ടെന്നാണ് തീരുമാനം. എന്നാല്‍ ഹിന്ദു സമുദായത്തെ മാത്രം സംഘടിപ്പിക്കാനാണ് തീരുമാനമെങ്കില്‍ വി എസ് ഡി പി അതിനോട് കൂട്ടുചേരില്ല.
എല്ലാ മനുഷ്യരെയും ഒരുമിച്ചു ചേര്‍ക്കണമെന്നാണ് വി എസ് ഡി പിയുടെ നിലപാടെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ജയസാധ്യതയുണ്ടെങ്കില്‍വി എസ് ഡി പി സ്ഥാനാര്‍ഥികളെ പ്രാദേശികമായി പിന്തുണക്കുമെന്നും നാടാര്‍ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും വ്യക്തമാക്കി.