നഗരസഭ ബസ് സ്റ്റാന്‍ഡ് വിപുലീകരണം; കൗണ്‍സിലില്‍ പ്രതിപക്ഷ ബഹളം

Posted on: October 1, 2015 9:56 am | Last updated: October 1, 2015 at 9:56 am
SHARE

ഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാന്‍ഡ് വിപുലീകരണവുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം.
നഗരസഭ ബസ് സ്റ്റാന്‍ഡ് വിപുലീകരണത്തിന് കെ യു ആര്‍ ഡി എഫ് സി അനുവദിച്ച വായ്പ തുകയും നഗരസഭ അക്കൗണ്ടിലുള്ള തുകയും തമ്മില്‍ ഉള്ള വൈരുധ്യത്തെ ചൊല്ലിയും വായ്പ തിരിച്ചടവിലേക്ക് വീണ്ടും വായ്പയെടുക്കുന്നതിനെ ചൊല്ലിയുമാണ് ബഹളമുണ്ടായത്. കെ യു ആര്‍ ഡി എഫ് സി വായ്പ സംഖ്യയായി 12,83,40,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ നഗരസഭക്ക് 11,14,33,675 രൂപയാണ് ലഭിച്ചിരിക്കുന്നത്. അതേ സമയം അക്കൗണ്ടില്‍ ഉള്ളത് 106034877 രൂപയുമാണ്.ഇതില്‍ ബാക്കി വരുന്ന 539878 രൂപയെ ചൊല്ലിയാണ് ബഹളമുണ്ടായത്.
ഈ തുക എന്തിന് വേണ്ടി വിനിയോഗിച്ചു എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ തുകയെ ചൊല്ലിയുള്ള അവ്യക്തത നീക്കാന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി സുബൈദക്കോ, ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വൈസ് ചെയര്‍മാന്‍ സി ശ്രീകുമാരനോ ഉദ്യോഗസ്ഥര്‍ക്കോ സാധിച്ചില്ല. ബേങ്കുമായി ബന്ധപ്പെട്ട് തുകയിലെ വൈരുധ്യം കണ്ടെത്തുമെന്ന് വൈസ് ചെയര്‍മാന്‍ സി ശ്രീകുമാരന്‍ അറിയിച്ചു.ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനായി കെ യു ആര്‍ ഡി എഫ് സി യില്‍ നിന്ന് വായ്പയെടുത്തതുകയിലേക്കുള്ള തിരിച്ചടവിനായി വീണ്ടും ഇതേ സ്ഥാപനത്തില്‍ നിന്ന് തന്നെ വേറെ വായ്പ എടുക്കുന്നതിനെ സംബന്ധിച്ച അജണ്ടയെ ചൊല്ലിയും ബഹളമുണ്ടായി. 2,92,71,491 രൂപയാണ് കെ യു ആര്‍ ഡി എഫ് സിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ നഗരസഭക്ക് അനുവദിക്കാമെന്നേറ്റിരുന്നത്. എന്നാല്‍ ഇതിനെതിരെയും പ്രതിപക്ഷ ബഹളം ഉണ്ടായി.
നിര്‍മാണ പ്രവൃത്തികളുടെ വ്യക്തമായ വിവരങ്ങള്‍ നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിനും വ്യക്തമായ മറുപടി നല്‍കാന്‍ ഭരണപക്ഷത്തിനായില്ല. ഇതിനെ തുടര്‍ന്ന് അജണ്ട മാറ്റി വെക്കുകയായിരുന്നു.
നഗരസഭയിലെ കുടിശ്ശിക ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ഫയല്‍ അദാലത്ത് നടത്തണമെന്ന ഉത്തരവ് കൗണ്‍സിലര്‍മാരെ യഥാസമയം അറിയിച്ചില്ലെന്നും ആരോപണമുയര്‍ന്നു. എന്നാല്‍ പരാതികള്‍ ഒന്നും ലഭിക്കാത്തതിനാലാണ് അദാലത്ത് നടത്താതിരുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ വിശദീകരിച്ചു. എന്നാല്‍ റവന്യൂ വിഭാഗത്തില്‍ മാത്രം നൂറ് കണക്കിന് ഫയലുകളാണ് കെട്ടികിടക്കുന്നതെന്ന് പ്രതിപക്ഷം പറഞ്ഞു. അദാലത്ത് വീണ്ടും നടത്താന്‍ പറ്റുമോയെന്നുള്ള സാധുത ആരായുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.