അബുദാബി വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 17.4 ശതമാനം വര്‍ധന

Posted on: September 29, 2015 9:02 pm | Last updated: September 29, 2015 at 9:02 pm

ABU DHABI AIRPORT
അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ഓഗസ്റ്റില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 17.4 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായതായി അധികൃതര്‍ വെളിപ്പെടുത്തി. ഈദും വേനലവധിയും ചെലവഴിക്കാന്‍ വിദേശികള്‍ കൂട്ടത്തോടെ സ്വദേശങ്ങളിലേക്ക് പോയതോടെയാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്.

2014 ഓഗസ്റ്റില്‍ 19.20 ലക്ഷം യാത്രക്കാര്‍ വിമാനത്താവളം ഉപയോഗിച്ചപ്പോള്‍ ഈ വര്‍ഷം ഇതേ കാലത്ത് 22.54 ലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തില്‍ എത്തിയത്. ഒരു മാസം വിമാനത്താവളത്തില്‍ എത്തുന്ന ഏറ്റവും കൂടിയ യാത്രക്കാരുടെ നിരക്കാണിത്.

20 ലക്ഷത്തില്‍ അധികം യാത്രക്കാര്‍ ഒരൊറ്റ മാസം പോകുകയെന്ന റെക്കാര്‍ഡാണ് കഴിഞ്ഞ മാസം സംഭവിച്ചിരിക്കുന്നതെന്ന് അബുദാബി എയര്‍പോര്‍ട്ട്‌സ് സി ഒ ഒ അഹ്മദ് അല്‍ ഹദ്ദാബി പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ ഒരൊറ്റ മാസം 20 ലക്ഷത്തിന് മുകളില്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തുന്നത്. വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വേനല്‍ അവധിക്കായി സ്വന്തം നാടുകളിലേക്ക് പോയവര്‍ കൂട്ടത്തോടെ തിരിച്ചെത്തിയതാണ് യാത്രക്കാരുടെ എണ്ണം റെക്കാര്‍ഡിലേക്ക് എത്താന്‍ സഹായിച്ചത്.

വിമാനങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 14.1 ശതമാനം വര്‍ധനവാണ് വിമാനത്താവളത്തില്‍ എത്തുന്ന വിമാനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 70,857 മെട്രിക് ടണ്‍ കാര്‍ഗോയും വിമാനത്താവളം കൈകാര്യം ചെയ്തു. ഈ ഇനത്തില്‍ ഏഴു ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. അബുദാബി ബിസിനസ്‌കാരുടെയും വിനോദസഞ്ചാരികളുടെയും ഇഷ്ടപ്രദേശമായി മാറുന്നതിനാലാണ് വിമാനത്താവളത്തിലേക്ക് കൂടുതല്‍ യാത്രക്കാര്‍ എത്തിക്കൊണ്ടിരിക്കുന്നത്. വിമാനങ്ങളുടെയും യാത്രക്കാരുടെയും ആധിക്യത്തിന് അനുയോജ്യമായ രീതിയില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.