മറ്റൊരു കന്യാസ്ത്രീയെ കൂടി കൊലപ്പെടുത്തിയതായി സതീഷ് ബാബു

Posted on: September 29, 2015 12:45 pm | Last updated: September 30, 2015 at 12:56 pm

satheesh sister amala murder case
കോട്ടയം: മറ്റൊരു കന്യാ സ്ത്രീയെ കൂടി കൊലപ്പെടുത്തിയതായി സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതി സതീഷ് ബാബുവിന്റെ മൊഴി. കഴിഞ്ഞ ഏപ്രിലില്‍ മരിച്ച ചേറ്റുതോട് തിരുഹൃദയ മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയയെയും താന്‍ കൊലപ്പെടുത്തിയതാണെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞ ഏപ്രില്‍ 17ന് തലക്ക് പരുക്ക് പറ്റി മരിച്ച നിലയില്‍ സിസ്റ്റര്‍ ജോസ് മരിയയെ മുറിയില്‍ കണ്ടെത്തുകയായിരുന്നു. കാല്‍ തെന്നിവീണ് മരിച്ചതാകാമെന്നായിരുന്നു അന്ന് മഠം അധികൃതര്‍ കരുതിയത്.

സിസ്റ്റര്‍ അമല താമസിച്ചിരുന്ന പാലാ കാര്‍മ്മലീത്ത ലിസ്യൂ കോണ്‍വെന്റില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് പ്രതി വെളിപ്പെടുത്തല്‍ നടത്തിയത്. ചേരുതോട്ടിലെ മഠത്തില്‍ നിന്ന് കൊലപാതകത്തിന് ശേഷം 70,000 രൂപ കവര്‍ന്നതായും പ്രതി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. പണം മോഷണം പോയതായി അന്ന് മഠം അധികൃതര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും അന്വേഷണം പാതിവഴിയില്‍ നിലക്കുകയായിരുന്നു.