Connect with us

Wayanad

അനധികൃത ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കും

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാനത്ത് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ചെറുകാട്ടൂരില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് വില്ലേജിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി കൈയ്യേറിയിട്ടുള്ളത് ഹാരിസണ്‍, എ.വി.റ്റി, റ്റാറ്റാ, തുടങ്ങിയ വന്‍ കമ്പനികള്‍ ആണെങ്കില്‍ പോലും കേരളത്തിന് അവകാശപ്പെട്ട ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിക്കും. ആദ്യഘട്ടമെന്നനിലയില്‍ ലാന്റ് കണ്‍സര്‍വെന്‍സി ആക്ട് പ്രകാരം ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള 33,000 ഏക്കര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. കേരള ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി ഈ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെച്ചത്. ഭൂരഹിതരായ കേരളത്തിലെ പാവപ്പെട്ടവരുടെ കണ്ണീരു കാണാന്‍ ഹൈക്കോടതിക്കാവുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. അതേസമയം പാവപ്പെട്ട കര്‍ഷകര്‍ പണം നല്‍കി വാങ്ങിയ ഭൂമിയുടെ നികുതി സ്വീകരിക്കുനില്ലെന്നപരാതി കഴിഞ്ഞ മന്ത്രി സഭാ യോഗം പരിഗണിക്കുകയും നികുതി സ്വീകരിക്കുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1,40,473 പേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ട്.
സര്‍ക്കാറിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും രണ്ട് ലക്ഷം പേര്‍ക്ക് പട്ടയം നല്‍കും. പുറമ്പോക്കില്‍ താമസിക്കുന്ന പാവപ്പെട്ടവരെ സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ അദാലത്തില്‍ 4,730.00 പരാതികള്‍ പരിഹരിച്ചതായും റവന്യൂ അദാലത്ത് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയതായും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തുടങ്ങിയത് മുതല്‍ സെപ്തംബര്‍ 25 വരെ റവന്യൂ വകുപ്പ് 1,60,6400 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഏല്ലാ വില്ലേജ് ഓഫീസുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.