Connect with us

International

ഐക്യരാഷ്ട്ര സഭ രക്ഷാസമിതി പരിഷ്‌കരിക്കണം: മോദി

Published

|

Last Updated

ന്യൂയോര്‍ക്ക്: യു എന്‍ രക്ഷാസമിതി വിപുലീകരണം സമയബന്ധിതമായി നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ബ്രസീല്‍, ജര്‍മനി, ജപ്പാന്‍ ഉള്‍പ്പെട്ട ജി നാല് രാഷ്ട്രത്തലവന്മാര്‍ പങ്കെടുത്ത യോഗത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. യു എന്‍ സുരക്ഷാ സമിതി വിപുലീകരണവുമായി ബന്ധപ്പെട്ട് നവംബറില്‍ യോഗം ചേരാനിരിക്കെ നിര്‍ണായകമായ പ്രസംഗമാണ് ഇന്നലെ നരേന്ദ്ര മോദി നടത്തിയത്.
രക്ഷാ സമിതി വിപുലീകണം നടപ്പാക്കേണ്ടത് അത്യാവശ്യവും പ്രധാനവുമാണെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി ആഗോളശ്രദ്ധ നേടിയ കാര്യമാണ് രക്ഷാസമിതി വിപുലീകരണം. എന്നാല്‍, അക്കാര്യത്തില്‍ ഒരു പുരോഗതിയും ഇതുവരെ ഉണ്ടായിട്ടില്ല. ഐക്യരാഷ്ട്രസഭ രൂപവത്കരിച്ചതിന് ശേഷം ലോകം ഒരുപാട് മാറി. അംഗ രാഷ്ട്രങ്ങളുടെ എണ്ണം നാല് മടങ്ങായി വര്‍ധിച്ചു. സുരക്ഷാഭീഷണി പ്രവചനാതീതവും തിരിച്ചറിയാനാകാത്തതുമായി എന്നും മോദി കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് ശേഷം സംസാരിച്ച ലോക നേതാക്കളും പുനഃസംഘടന അനിവാര്യമാണെന്ന് വ്യക്തമാക്കി. ഇന്ത്യയെ കൂടാതെ ബ്രസീല്‍, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളും സുരക്ഷാ സമിതി അംഗത്വത്തിനായി ആവശ്യമുന്നയിച്ചിട്ടുണ്ട്. ജര്‍മന്‍ ചാന്‍സലര്‍ അങ്‌ഗേല മെര്‍കെല്‍, ബ്രസീല്‍ പ്രസിഡന്റ് ഡില്‍മ റൂസെഫ്, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.
നാല് രാജ്യങ്ങളും ചേര്‍ന്ന് ശക്തമായ സമ്മര്‍ദമാണ് സുരക്ഷാ സമിതി അംഗത്വത്തിനായി ചെലുത്തുന്നതെന്ന് ഉയര്‍ന്ന നയതതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇക്കാര്യത്തിനായി ഇന്ത്യയാണ് ജി നാല് രാജ്യങ്ങളുടെ യോഗം വിളിച്ചത്. 2004ന് ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു യോഗം സംഘടിപ്പിക്കുന്നത്. നാല് രാഷ്ട്രങ്ങള്‍ ഇക്കാര്യത്തി ന് വേണ്ടി രണ്ടാമതൊരു യോഗം കൂടി ചേരുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.

Latest