ശാസ്ത്രിയുടെ മരണത്തില്‍ അസ്വാഭാവികതയെന്ന് മകന്‍

Posted on: September 26, 2015 5:21 pm | Last updated: September 27, 2015 at 12:29 am

Lal Bahadur Shastri, June 1964, New Delhi, India.

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടണമെന്ന ആവശ്യവുമായി മകനും കോണ്‍ഗ്രസ് നേതാവുമായ അനില്‍ ശാസ്ത്രി. ശാസ്ത്രിയുടെ മരത്തില്‍ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്നും അനില്‍ ശാസ്ത്രി ആവശ്യപ്പെട്ടു. ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടേത് സ്വാഭാവിക മരണമാണെന്ന് കണക്കാക്കാനാകില്ല. മൃതദേഹത്തിന് നീല നിറമായിരുന്നുവെന്നും റഷ്യയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് ശാസ്ത്രിയുടെ ഡയറി കാണാതായിട്ടുണ്ടെന്നും അനില്‍ ശാസ്ത്രി പറഞ്ഞു.
ജാഗ്രതയില്ലാതെയാണ് റഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതെന്ന് അനില്‍ ശാസ്ത്രി കുറ്റപ്പെടുത്തി. താഷ്‌ക്കെന്റില്‍ ലാല്‍ബഹാദൂര്‍ ശാസ്ത്രി താമസിച്ച ഹോട്ടല്‍ മുറിയില്‍ ബെല്ലോ ടെലിഫോണോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

anil-shastri.transf1er

മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പുറത്തുവിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അനില്‍ ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന കാരണത്താല്‍, ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷ യു പി എ സര്‍ക്കാര്‍ തള്ളുകയായിരുന്നു. മൂന്ന് തവണ മന്‍മോഹന്‍ സര്‍ക്കാറിനെ ഇതുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും ഒന്നും നടന്നില്ലെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തി. രേഖകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രിമാരായ ചന്ദ്രശേഖര്‍, ഐ കെ ഗുജ്‌റാള്‍, മന്‍മോഹന്‍ സിംഗ് എന്നിവരെ ബന്ധിപ്പെട്ടിരുന്നുവെന്നും ഇവര്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും മകനും ബി ജെ പി നേതാവുമായ സുനില്‍ ശാസ്ത്രി പറഞ്ഞു.
1966 ജനുവരി 11ന് റഷ്യയിലെ താഷ്‌ക്കന്റില്‍ വെച്ച് പാക്കിസ്ഥാനുമായുള്ള സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ച് മണിക്കൂറുകള്‍ക്കകമാണ് ലാല്‍ബഹാദൂര്‍ ശാസ്ത്രി ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് ഔദ്യോഗിക വിവരം.