ദേശീയ പതാകയില്‍ ഒപ്പിട്ടു; മോദി വിവാദ കുരുക്കില്‍

Posted on: September 26, 2015 1:34 am | Last updated: September 26, 2015 at 12:35 pm

modiന്യൂയോര്‍ക്ക്: ദേശീയ പതാകയില്‍ ഒപ്പു ചാര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി വിവാദമായി. പ്രധാനമന്ത്രിയുടെ പാചക വിദഗ്ധന്‍ വികാസ് ഖന്ന യു എസ് പ്രസിഡന്റ് ബരാക് ഒബാമക്ക് സമ്മാനിക്കുന്നതിന് ഏറ്റുവാങ്ങിയ ദേശീയ പതാകയിലാണ് പ്രധാനമന്ത്രി മോദി കൈയ്യൊപ്പ് ചാര്‍ത്തിയതായി കണ്ടെത്തിയത്. എന്നാല്‍ ഇത് വിവാദമായതോടെ ഉദ്യോഗസ്ഥര്‍ പതാക തിരിച്ചുവാങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. നിമിഷങ്ങള്‍ക്കകം വിഷയം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. പതാകയില്‍ കയ്യൊപ്പു ചാര്‍ത്തിയ പ്രധാനമന്ത്രിയുടെ നടപടി ദേശീയ പതാകയെ അപമാനിക്കലാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
മറ്റൊരു രാജ്യത്തെ നേതാവിന് സമ്മാനിക്കാനാണെങ്കില്‍ പോലും ദേശീയ പതാകയില്‍ ഒപ്പുവച്ചതിലൂടെ ഇന്ത്യന്‍ പതാകയുടെ വ്യവസ്ഥകള്‍ ലംഘിക്കുകയാണ് മോദി ചെയ്തിരിക്കുന്നതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ദേശീയ പതാകയില്‍ എന്തെങ്കിലും എഴുതുന്നത് പതാകയെ അപമാനിക്കുന്നതിന് തുല്യമായാണ് കണക്കാക്കുന്നത്. 2002ലെ ഇന്ത്യന്‍ പതാക കോഡ്, പാര്‍ട്ട് രണ്ട്, സെക്ഷന്‍ മൂന്ന് അനുസരിച്ച് ഇന്ത്യന്‍ ദേശീയ പതാകയില്‍ എഴുതുന്നതോ എന്തെങ്കിലും കുറിക്കുന്നതോ പതാകയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കുന്നു.
മോദി എപ്പോഴാണ് പതാകയില്‍ ഒപ്പിട്ടതെന്നോ ഇതെങ്ങനെ വികാസ് ഖന്നയുടെ കൈകളിലെത്തിയെന്നോ വ്യക്തമല്ല. ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ സമ്മാനിക്കുന്നതിന് മോദി നല്‍കിയതാണ് ഈ പതാകയെന്നാണ് വികാസ് ഖന്നയുടെ ഭാഷ്യം.