പ്രഖ്യാപനത്തിന് അമ്പതാണ്ട്; കടലാസിലൊതുങ്ങി മലയോര ഹൈവേ

Posted on: September 26, 2015 12:29 pm | Last updated: September 26, 2015 at 12:29 pm

കണ്ണൂര്‍: കേരളത്തിലെ 13 ജില്ലകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മലയോര ഹൈവേ അരനൂറ്റാണ്ട് കഴിഞ്ഞിട്ടും യാഥാര്‍ഥ്യമായില്ല. അമ്പത് വര്‍ഷം മുമ്പേയാണ് മലയോര മേഖലയുടെ സമഗ്ര വികസനത്തിന് നാഴികക്കല്ലായിത്തീരുന്ന മലയോര ഹൈവേ എന്ന ആശയത്തിന് അസ്ഥിവാരമിട്ടത്. ഹൈവേ യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി ഇക്കാലയളവില്‍ വിവിധ തലങ്ങളില്‍ ചര്‍ച്ചകളും സര്‍വേ പ്രവര്‍ത്തനങ്ങളും നടന്നെങ്കിലും പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഭരണ കാലത്ത് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി മലയോര ഹൈവേക്ക് തുക നീക്കിവെച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. കാലാകാലങ്ങളില്‍ മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ തുക ഉള്‍ക്കൊള്ളിക്കാറുണ്ടെങ്കിലും. മറ്റു നടപടികള്‍ ഉണ്ടാകാറില്ല. 2009ലെ ബജറ്റില്‍ 40 കോടി രൂപയാണ് വകയിരുത്തിയത്.
തിരഞ്ഞെടുപ്പ് വേളകളില്‍ മലയോര മേഖലയില്‍ നിന്ന് ഉയര്‍ന്നുവരുന്ന പ്രധാന തിരഞ്ഞെടുപ്പ് വിഷയം മലയോര ഹൈവേ സംബന്ധിച്ചുള്ളതായിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിലും ഈ വിഷയം ഉയര്‍ത്തിപ്പിടിക്കാനാണ് ജനങ്ങളുടെ നീക്കം. അരനൂറ്റാണ്ട് കഴിഞ്ഞിട്ടും മലയോര ഹൈവേ യാഥാര്‍ഥ്യമാകാത്തതിന്റെ ഉത്തരവാദികള്‍ വികസന സംസ്‌കാരമില്ലാത്ത എം പിമാരും എം എല്‍ എമാരുമാണെന്ന് മലയോര മേഖലയിലെ ജനങ്ങള്‍ ഏകസ്വരത്തില്‍ കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് കാലത്ത് മുന്നണികളും രാഷ്ട്രീയക്കാരും സ്ഥാനാര്‍ഥികളും മലനാട്ടിലെ ജനങ്ങളെ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുകയാണെന്നും വോട്ട് നേടി അധികാരത്തിലെത്തിയാല്‍ പിന്നെ തിരിഞ്ഞുനോക്കാറില്ലെന്നുമാണ് മലയോര ജനതയുടെ പരാതി.
1954ലാണ് മലയോര ഹൈവേ എന്ന ആശയം ഉയര്‍ന്നുവന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്തിനും ഭക്ഷ്യക്ഷാമത്തിനും മലബാര്‍ കുടിയേറ്റത്തിനും ശേഷമാണ് ഇതിന്റെ പ്രസക്തി വര്‍ധിച്ചത്. കാസര്‍കോട് നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കടുക്കര വരെ 900 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് നിര്‍ദ്ദിഷ്ട മലയോരഹൈവേ. മലയോര പ്രദേശങ്ങള്‍ തമ്മില്‍ ബന്ധപ്പെടാന്‍ ജനങ്ങള്‍ക്ക് ഗതാഗത സൗകര്യമില്ലാതിരുന്ന ഘട്ടത്തിലാണ് മലയോര ഹൈവേയുടെ ആവശ്യകതയെക്കുറിച്ച് ഗൗരവമായ ആലോചന തുടങ്ങിയത്. മലയോര ഹൈവേ യാഥാര്‍ഥ്യമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇക്കാലമത്രയും ചെറുതും വലുതുമായ സമരങ്ങള്‍ നടന്നു. മലയോര ഹൈവേ എന്ന ആശയം ആദ്യമായി കൊണ്ടുവന്ന മലയോര വികസന സമിതി നേതാവ് ജോസഫ് കനകമൊട്ടയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭസമരങ്ങള്‍ നടന്നത്. 1979ല്‍ ഈ ആവശ്യമുന്നയിച്ച് തിരുവനന്തപുരത്തേക്ക് മലയോരജനത നടത്തിയ പ്രതിഷേധ മാര്‍ച്ച് അധികൃതരുടെ കണ്ണു തുറപ്പിക്കുന്നതായിരുന്നു. 1979- 1980 വര്‍ഷങ്ങളില്‍ മലയോര കര്‍ഷകരെ അണിനിരത്തി പ്രക്ഷോഭം നടത്തി. അന്നത്തെ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ്‌കോയക്കും പിന്നീട് അധികാരത്തിലേറിയ ഇ കെ നായനാര്‍, കെ കരുണാകരന്‍, എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ക്കും മലയോരവികസന സമിതി ഭാരവാഹികള്‍ നിരവധി തവണ നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
മലയോര ഹൈവേ സംസ്ഥാന ഹൈവേ ആയി അംഗീകരിച്ച് ഉത്തരവിറങ്ങിയത് 1997ലാണ്. 59 ാം നമ്പര്‍ ആയാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഘട്ടത്തില്‍ എക്‌സ്പ്രസ് ഹൈവേ എന്ന ആശയം അന്നത്തെ പൊതുമരാമത്ത് മന്ത്രി ഡോ. എം കെ മുനീര്‍ മുന്നോട്ടുവെച്ചതോടെ മലയോര ഹൈവേ പിന്തള്ളപ്പെട്ടു. ജോസഫ് കനകമൊട്ടയും സംഘവും അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇരിക്കൂര്‍ നിയോജക മണ്ഡലം എം എല്‍ എ ആയ കെ സി ജോസഫിന്റെ പരിശ്രമം കൊണ്ട് പയ്യാവൂര്‍ മുതല്‍ ചെമ്പേരി പുറഞ്ഞാണ്‍ വരെ 10 കിലോമീറ്റര്‍ മലയോര ഹൈവേക്ക് അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞു. ഇതിന്റെ മുക്കാല്‍ ഭാഗത്തോളം പണിയും പൂര്‍ത്തിയായെങ്കിലും ഈ ഭാഗം ഇപ്പോള്‍ തകര്‍ന്നുകിടക്കുന്ന അവസ്ഥയിലാണ്.
കാസര്‍കോട് ജില്ലയില്‍ 130 കിലോമീറ്ററും കണ്ണൂര്‍ ജില്ലയില്‍ 100 കിലോമീറ്ററും വയനാട് ജില്ലയില്‍ 80 കിലോമീറ്ററുമാണ് മലയോര ഹൈവേയുടെ വിസ്തൃതി. നിര്‍ദിഷ്ട മലയോര ഹൈവേ നിര്‍മാണത്തിന് ഏറ്റവുമൊടുവില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലും മലബാര്‍ പാക്കേജിലുള്‍പ്പെടുത്തി തുക വകയിരുത്തിയിട്ടുണ്ട്. ജോസഫ് കനകമൊട്ടയുടെ ജീവിതാഭിലാഷമായിരുന്നു മലയോര ഹൈവേ. ഈ സ്വപ്‌ന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ അശ്രാന്ത പരിശ്രമമാണ് അദ്ദേഹം നടത്തിയത്. കിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ ചിരകാല സ്വപ്‌നമാണ് മലയോര ഹൈവേ. ഇത് എന്ന് യാഥാര്‍ഥ്യമാകുമെന്നതും കാത്ത് ദിവസങ്ങള്‍ തള്ളി നീക്കുകയാണ് മലയോര ജനത.