Connect with us

Editorial

മിനായിലെ ദുരന്തം

Published

|

Last Updated

മിന വീണ്ടും ഒരു വന്‍ ദുരന്തത്തിന് സാക്ഷിയായിരിക്കുന്നു. വ്യാഴാഴ്ച മിനാ, മക്ക അതിര്‍ത്തിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എഴുന്നൂറിലധികം തീര്‍ഥാടകരാണ് മരിച്ചത്. എണ്ണൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. മരിച്ചവരില്‍ ഏറെയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണെന്നാണ് വിവരം. കൂട്ടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ 16 ഇന്ത്യക്കാരുമുണ്ട്. സഊദി സിവില്‍ ഡിഫന്‍സും റെഡ്ക്രസന്റ് വളണ്ടിയര്‍മാരും വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും അപകടം നടന്നു മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തത് കൊണ്ടാണ് മരണ സംഖ്യ ഇത്രയും കൊണ്ടൊതുങ്ങിയത്. അല്ലായിരുന്നെങ്കില്‍ ആയിരക്കണക്കിന് വരുമായിരുന്നുവെന്നാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരില്‍ നിന്നുള്ള വിവരം. ഈ ഹജ്ജ് സീസനില്‍ ഉണ്ടായ രണ്ടാമത്തെ ദുരന്തമാണിത്. രണ്ടാഴ്ച മുമ്പ് മസ്ജിദുല്‍ ഹറാമില്‍ പള്ളിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപിക്കപ്പെട്ട കൂറ്റന്‍ ക്രെയിന്‍ തകര്‍ന്ന് 107 പേര്‍ മരിച്ചിരുന്നു.
ഇതിന് മുമ്പ് ഹജ്ജിനോടനുബന്ധിച്ച വലിയ ദുരന്തം നടന്നത് 2006ലാണ്. കല്ലേറിന്റെ വേളയില്‍ മിനായില്‍ അനുഭവപ്പെട്ട തിരക്കാണ് അന്നും ദുരന്തകാരണം. അക്കാലത്ത് പക്ഷേ, കല്ലേറിന് ജംറകളുടെ അടുത്തേക്ക് പോകാനും തിരിച്ചു തമ്പുകളിലേക്ക് മടങ്ങാനും ഒരൊറ്റ വഴിയാണുണ്ടായിരുന്നത്. ഇതുമൂലം തിരക്ക് സാധാരണമായിരുന്നു. 2006ലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷത്തേക്ക് സഊദി ഭരണകൂടം ജംറകളിലേക്ക് പോകാനും മടങ്ങാനും വെവ്വേറെ വഴികള്‍ നിര്‍മിക്കുകയും റോഡുകളുടെ വീതി വര്‍ധിപ്പിക്കുകയും മുകളിലേക്ക് കൂടുതല്‍ പ്ലാറ്റുഫോമുകള്‍ നിര്‍മിച്ചു തിരക്കില്ലാതെ കല്ലേറ് കര്‍മം നിര്‍വഹിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. ഇപ്പോള്‍ ജംറകള്‍ക്ക് ചുറ്റു ഒരേ സമയം അഞ്ച് നിലകളില്‍ നിന്ന് കല്ലെറിയാന്‍ സൗകര്യമുണ്ട്. ഇതിന് പുറമെ ഹജ്ജ് കേന്ദ്രങ്ങളെ നിരീക്ഷിക്കാനും അവിചാരിത അത്യാഹിതങ്ങളെ നേരിടാനും മക്കയില്‍ 100 ആംബുലന്‍സ് കേന്ദ്രങ്ങള്‍, എയര്‍ ആംബുലന്‍സ് സേവനത്തിന് മൂന്ന് ഹെലിപാഡുകള്‍, കാലാവസ്ഥാ നിരീക്ഷണത്തിന് മക്കയിലെയും മിനായിലെയും അറഫയിലെയും സ്ഥിരം നിരീക്ഷണ കേന്ദ്രങ്ങള്‍ക്ക് പുറെ മൂന്ന് പ്രത്യേക ഓട്ടോമാറ്റിക് നിരീക്ഷണ കേന്ദ്രങ്ങള്‍, മക്കയിലും മിനയിലും മുസ്ദലിഫയിലും 1500 ഓളം ബെഡുകളോടെ എട്ട് സ്‌പെഷ്യല്‍ ആശുപത്രികള്‍, 94 മെഡിക്കല്‍ സെന്ററുകള്‍, അടിയന്തിര സേവനത്തിന് വേറെ 35 സംഘങ്ങള്‍, 12 മോട്ടോര്‍ സംഘങ്ങള്‍, 84 ഡോക്ടര്‍മാര്‍ തുടങ്ങിയവയും ഹജ്ജ് തീര്‍ഥാടകര്‍ക്ക് മാത്രമായി ഒരുക്കിയിട്ടുണ്ട്. എന്നിട്ടും ഇത്രയും വലിയ ഒരു ദുരന്തം സംഭവിച്ചത്, തീര്‍ഥാടകരില്‍ ചിലര്‍ നിര്‍ദേശം ലംഘിച്ച് അവര്‍ക്ക് നിശ്ചയിക്കപ്പെട്ട വഴിയിലൂടെയല്ലാതെ നീങ്ങിയത് മൂലമാണെന്ന് സഊദി അധികൃതരുടെ വാദം. ചൂടിന്റെ തോത് വളരെ ഉയര്‍ന്നിരിക്കെ കല്ലേറിനെത്തിയ വൃദ്ധരും സ്ത്രീകളും തളര്‍ന്ന് വഴിയിലിരുന്നപ്പോള്‍ ഉണ്ടായ മാര്‍ഗതടസ്സം സൃഷ്ടിച്ച തിക്കും തിരക്കുമാണ് അപകട കാരണമെന്നും പറയപ്പെടുന്നുണ്ട്. ദശലക്ഷങ്ങള്‍ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളില്‍, നിശ്ചിത സമയത്തില്‍ അനുഷ്ഠാന കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ നിശ്ചയിക്കപ്പെട്ട ഇടങ്ങളില്‍ പ്രത്യേകിച്ച് അധികൃതരുടെ നിയന്തണങ്ങള്‍ പരിഗണിക്കേണ്ടതും നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതും അനിവാര്യമാണ്. അധികൃതരേക്കാള്‍ കര്‍മങ്ങള്‍ക്കെത്തുന്ന വിശ്വാസികളാണ് ഇക്കാര്യത്തില്‍ ഏറ്റവും ശ്രദ്ധ പുലര്‍ത്തേണ്ടത്. തങ്ങളുടെയും ഹജ്ജിനെനെത്തിയ മറ്റു വിശ്വാസി സഹോദരങ്ങളുടെയും സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന ബോധം അവര്‍ക്കെപ്പോഴുമുണ്ടായിരിക്കണം. ജനങ്ങള്‍ കൂറ്റന്‍ ജലപ്രവാഹം പോലെ ഒഴുകിവരുന്ന മിനായില്‍ ഏതാനും ചിലരുടെ അശ്രദ്ധയും നിയമ ലംഘനവും മതി വലിയ ദുരന്തങ്ങളുണ്ടാകാന്‍. അതേസമയം, ഔദ്യോഗിക സംവിധാനം കൂടുതല്‍ കാര്യക്ഷമമാകേണ്ട ആവശ്യകതയും ഈ ദുരന്തം മുന്നോട്ട് വെക്കുന്നു. ആഗോള മുസ്‌ലിംകള്‍ പെരുന്നാള്‍ ആഘോഷത്തില്‍ മുഴുകിയിരിക്കെ ഇസ്‌ലാമിന്റെ മുഖ്യകേന്ദ്രമായ മക്കയിലുണ്ടായ ദുരന്തം വിശ്വാസി സമൂഹത്തിലാകെ നടുക്കവും ദുഃഖവും പടര്‍ത്തിയിട്ടുണ്ട്. പല ഗള്‍ഫ് രാജ്യങ്ങളിലും ഔദ്യോഗിക പെരുന്നാള്‍ ചടങ്ങുകളും പരിപാടികളും ഉപേക്ഷിച്ചു വിശ്വാസികള്‍ ദുരന്തത്തിനിരയായ സഹോദരങ്ങളുടെ ആത്മീയ മോക്ഷത്തിനും പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്നവരുടെ സുഖപ്രാപ്തിക്കും വേണ്ടിയുള്ളപ്രാര്‍ഥനയില്‍ മുഴുകുകയുണ്ടായി. സത്യവിശ്വാസികള്‍ ഒരും ശരീരം പോലെയോ, ഒരു കെട്ടിടത്തിന്റെ ചുമരുകളില്‍ അടുക്കി വെച്ച കല്ലുകളെപ്പോലെയോ പരസ്പര ബന്ധിതരും സഹായികളുമാണെന്നാണ് തിരുനബി പഠിപ്പിച്ചത്. ഏതൊരു സഹോദരന് അത്യാഹിതം സംഭവിച്ചാലും ലോകത്തിന്റെ ഏതു കോണിലുള്ള വിശ്വാസിയും അതില്‍ ആകുലപ്പെടുകയും വേദനിക്കുകയും ചെയ്യുന്നു. ഈ വദനയാണ് യഥാര്‍ഥ വിശ്വാസത്തിന്റെ അടയാളം. ദുരന്തത്തില്‍ മരണപ്പെട്ട തീര്‍ഥാടകര്‍ക്ക് അല്ലാഹു പരലോകത്ത് ഉന്നത സ്ഥാനം നല്‍കുകയും പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടുന്ന് സുഖപ്രാപ്തി നകുകയും ചെയ്യട്ടെ എന്ന പ്രാര്‍ഥനയോടെ അല്ലാഹുവിന്റെ അതിഥികളെന്ന് പ്രവാചകര്‍ വിശേഷിപ്പിച്ച പുണ്യ തീര്‍ഥാകര്‍ക്ക് വന്നുഭവിച്ച പ്രയാസത്തില്‍ നമുക്കും പങ്കാളികളാകാം.

Latest