ഡിഫ്തീരിയയും പ്രതിരോധ കുത്തിവെപ്പുകളും

Posted on: September 24, 2015 4:41 am | Last updated: September 23, 2015 at 9:42 pm

diftheriaമലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ രോഗം വീണ്ടും തലപൊക്കിയത് നമ്മെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പലതുകൊണ്ടും വ്യതിരിക്തമായി നില്‍ക്കുന്ന കേരളം ആരോഗ്യ രംഗത്ത് വികസിത രാജ്യങ്ങളുടെ നിലവാരം പുലര്‍ത്തിയിരുന്നു. എന്നുവെച്ചാല്‍, ആരോഗ്യരംഗത്ത് കേരളം ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലായിരുന്നു. ലോകാരോഗ്യ സംഘടന പോലും ഈ രംഗത്തെ കേരളമോഡലിനെ പ്രശംസിച്ചിട്ടുണ്ട്. കേരളീയരുടെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും വ്യക്തിശുചിത്വവും പോഷാകാഹാര ശീലങ്ങളും ആരോഗ്യ സംരക്ഷണത്തിലുള്ള ഉത്സാഹവുമൊക്കെ ഈ ഔന്നിത്യത്തിന് നിദാനമായി ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, ഇന്ന് സമ്പന്ന രാജ്യങ്ങളില്‍ കാണുന്ന ജീവിത ശൈലീരോഗങ്ങളും അവികസിത രാജ്യങ്ങളില്‍ കാണുന്ന സാംക്രമികരോഗങ്ങളും ഒരേ സമയം ബാധിക്കുന്ന രോഗാതുര സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുന്നു. ഒരുകാലത്ത് സംഹാരതാണ്ഡവമാടിയിരുന്ന ഒട്ടനവധി സാംക്രമിക രോഗങ്ങളെ നമ്മുടെ നാട്ടില്‍ നിന്നും ഇല്ലായ്മ ചെയ്തത് പ്രതിരോധകുത്തിവെപ്പുകളിലൂടെയായിരുന്നു. ഡിഫ്തീരിയ പോലുള്ള പൂര്‍ണമായും തടയാവുന്നതും പിടിപെട്ടാല്‍ മരണം വരെ സംഭവിക്കാവുന്നതുമായ രോഗങ്ങള്‍ നമ്മുടെ നാട്ടില്‍ വീണ്ടും തലപൊക്കുന്നു എന്നത് ദുഃഖകരമാണ്. കൊറൈന്‍ ബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് ഡിഫ്തീരിയ. രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോഴാണ് രോഗം പകരാനിടവരുന്നത്. തുപ്പല്‍ കണികകള്‍ ഈ സമയത്ത് സമീപത്തുള്ളവരിലേക്ക് എത്തുന്നു. അപൂര്‍വമായി ചിലപ്പോള്‍ ത്വക്കില്‍ നിന്നും പടര്‍ന്നേക്കാം. രോഗാണു തൊണ്ടയിലാണ് കൂടുതലായും അധിവസിക്കുന്നത്. മൂക്കിന്റെ ദ്വാരങ്ങളിലും ഇവയെ കാണാം.
തൊണ്ടവേദനയും പനിയുമാണ് ആദ്യഘട്ടത്തിലെ ലക്ഷണങ്ങള്‍. ചുമയുമുണ്ടാകാം. ഇത് ജലദോഷമാണെന്ന് തെറ്റിദ്ധരിക്കും എന്നതാണ് ഒരു പ്രശ്‌നം. വൈകാതെ ഒരു വെളുത്ത പാട പ്രത്യക്ഷപ്പെടുന്നു. പിന്നെ ഇതിന്റെ നിറം വ്യത്യാസപ്പെടും. ഇത് നീക്കുമ്പോള്‍ ചിലപ്പോള്‍ രക്തസ്രാവം ഉണ്ടാകാം. രോഗം ഗുരുതരമാകുമ്പോള്‍ കരള്‍, വൃക്ക, ഹൃദയം, കണ്ണ് എന്നിവയെയും ചിലപ്പോള്‍ ഞരമ്പുകളെയും ബാധിച്ചേക്കാം. പടരാതിരിക്കാന്‍ അസുഖം വന്നയാളെ രണ്ട് ആഴ്ച മാറ്റിപ്പാര്‍പ്പിക്കണം. രോഗപ്രതിരോധ ശേഷിയുള്ളവരില്‍ രോഗാണു എത്തിയാല്‍ അവരില്‍ രോഗമുണ്ടാക്കില്ലെങ്കിലും പ്രതിരോധ ശേഷി ആര്‍ജിക്കാത്തവര്‍ക്ക് ഈ ‘രോഗവാഹകരി’ല്‍ നിന്ന് പടര്‍ന്നേക്കാം.
ഇത്തരം രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം പ്രതിരോധ കുത്തിവെപ്പ് തന്നെയാണ്. രോഗം വന്ന ശേഷം ചികിത്സിക്കുക എന്ന പൗരാണിക സമീപനത്തിന് പകരം മാരകമായ രോഗങ്ങള്‍ വരാതെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെപ്പറ്റി നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അന്വേഷണ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് വാക്‌സിനേഷന്‍ എന്ന പുതിയതും ലളിതവുമായ രീതിയിലേക്ക് വൈദ്യശാസ്ത്രം എത്തിച്ചേര്‍ന്നത്.
1974ല്‍ ലോകാരോഗ്യസംഘടന ഗ്ലോബല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിന് തുടക്കമിടുകയും 1978 ജനുവരിയില്‍ ഇന്ത്യയില്‍ തുടങ്ങുകയും ചെയ്തു. 1985ല്‍ ഇന്ത്യയില്‍ യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം എന്ന പേരില്‍ വളരെ സംഘടിതവും സുശക്തവുമായ രീതിയില്‍ ഇത് നടപ്പാക്കി. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നത് കേരള സംസ്ഥാനമായിരുന്നു.
വാക്‌സിനേഷന്‍ എന്ന് പറയുന്നത് നമുക്ക് രോഗമുണ്ടാക്കുന്ന രോഗാണുക്കളെ ജീവനോടെയോ കൊന്നതിന് ശേഷമോ (killed vaccine) അല്ലെങ്കില്‍ രോഗകാരിയായ ഭാഗങ്ങള്‍ വേര്‍തിരിച്ചെടുത്ത് (toxo-ids) അത് ശരീരത്തില്‍ കുത്തിവെക്കുകയോ അല്ലെങ്കില്‍ അതിന്റെ കോശത്തിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ (cellular factions) വേര്‍തിരിച്ചെടുത്തോ ആണ് വാക്‌സിനുകളുണ്ടാക്കുന്നത്. ഇവ ശരീരത്തില്‍ എത്തുമ്പോള്‍ പ്രകൃതിദത്തമായി നമുക്ക് അണുബാധ വരുമ്പോള്‍ ശരീരം അവക്കെതിരെ സ്വസംരക്ഷണത്തിനാവശ്യമായ പ്രതിദ്രവ്യങ്ങള്‍ (antibodies) നിര്‍മിക്കുന്നതുപോലെ പ്രതിദ്രവ്യനിര്‍മാണം നടത്തുന്നു. പക്ഷേ, വരാത്തത്രയും നേര്‍പിക്കുന്നതുകൊണ്ടും അല്ലെങ്കില്‍ കൊല്ലുന്നതുകൊണ്ടും വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് മാരകമായ രീതിയില്‍ രോഗം വരുന്നുമില്ല. ഇതുമൂലം പല വാക്‌സിനുകളും ഒന്നോ അതിലധികമോ ഡോസ് ശരീരത്തിലത്തുമ്പോള്‍ ആ രോഗത്തിനെതിരെയുള്ള ആജീവനാന്ത സംരക്ഷണം ശരീരം തന്നെ നിര്‍മിക്കുകയും ചെയ്യുന്നു.
പക്ഷേ ഇന്ന് വാക്‌സിനേഷനില്‍ വേണ്ടത്ര നാം ശ്രദ്ധിക്കാതിരിക്കുന്നതുകൊണ്ടും ചില കേന്ദ്രങ്ങളില്‍ നിന്നുള്ള തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ കൊണ്ടും നാം അതില്‍ നിന്നും പിറകോട്ട് പോയതാണ് ഒരിക്കല്‍ നാം നിര്‍മാര്‍ജനം ചെയ്തതും വര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ കാണാതിരിക്കുകയും ചെയ്ത ഡിഫ്തീരിയ വീണ്ടും തിരിച്ചവരാനുണ്ടായ കാരണം. വേണ്ടത്ര പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി തീര്‍ത്തും ഫലപ്രദം എന്ന് കണ്ടെത്തിയ ശേഷമാണ് ലോകാരോഗ്യസംഘടന ആഗോളതലത്തില്‍ വാക്‌സിനേഷനുള്ള പ്രചാരണം ആരംഭിച്ചത്.
ഏത് ചികിത്സകള്‍ക്കും ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. ആധുനിക വൈദ്യമരുന്നുകള്‍, ആയുര്‍വേദം, ഹോമിയോപ്പതി, യുനാനി തുടങ്ങി എല്ലാ മരുന്നുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. അതുപോലെ നാം സ്ഥിരമായി കഴിക്കുന്ന ചോറിനും കറിക്കും വരെ അലര്‍ജിയുള്ള വ്യക്തികളെ ലേഖകന് നേരിട്ടറിയാം. പച്ചക്കറിക്കും ഇറച്ചി, മത്സ്യം, മുട്ട എന്നിവക്കും അലര്‍ജിയുള്ള ധാരാളം പേരുണ്ട്. വാക്‌സിനേഷന്‍ മൂലം സാധാരണയായി ശരീരത്തില്‍ ചില ചുവന്ന പാടുകള്‍ ഉണ്ടാകുക, പനി, കുത്തിവെച്ച ഭാഗത്ത് വേദന തുടങ്ങി ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ മാഞ്ഞുപോകുന്ന പ്രയാസങ്ങള്‍ ഉണ്ടായേക്കും. വളരെ വളരെ അപൂര്‍വമായി അലര്‍ജി കാരണം ചില ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കും. പക്ഷേ, ലക്ഷക്കണക്കിനാളുകളില്‍ ഒന്നോ, രണ്ടോ പേര്‍ക്ക് പ്രയാസമുണ്ടായി എന്നതിന്റെ പേരില്‍ വളരെ ഗുണകരവും ആരോഗ്യ സംരക്ഷണത്തില്‍ വലിയ പങ്കുമുള്ള ഒരു ചികിത്സാരീതിയെ നിഷേധിക്കുന്നത് ശരിയല്ല. വാക്‌സിനില്‍ ഉപയോഗിക്കുന്ന ചില രാസവസ്തുക്കള്‍ ഓട്ടിസത്തിന് കാരണമാകാമെന്ന് പ്രസിദ്ധ വൈദ്യശാസ്ത്ര ജേര്‍ണലായ ലാന്‍സെറ്റില്‍ വന്നതും കേരളത്തിലുണ്ടായ ചില മരണങ്ങളുമാണ് വാക്‌സിന്‍വിരുദ്ധ പ്രചാരണത്തിന് ആയുധമാകുന്നത്. പക്ഷേ, കൂടുതല്‍ വിപുലമായ പഠനങ്ങളിലൂടെ ഇവ രണ്ടും ശരിയല്ലെന്ന് തെളിയിക്കപ്പെട്ടു. പ്രസ്തുത മാസികയില്‍ തിരുത്ത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.
രോഗാണുക്കളിലൂടെ രോഗം പകരുമെന്ന് പ്രവാചക തിരുവചനങ്ങളില്‍ കാണാവുന്നതാണ്. രോഗമുള്ള ഒട്ടകത്തെ ആരോഗ്യമുള്ള ഒട്ടകങ്ങള്‍ വെള്ളം കുടിക്കുന്നിടത്ത് കൊണ്ടു പോകരുത്, കുഷ്ഠരോഗികളുമായി സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്കിടയില്‍ ഒരു കുന്തത്തിന്റെ ദൂരമെങ്കിലുമുണ്ടാവട്ടെ (അന്തരീക്ഷത്തിലൂടെ പകരുന്ന രോഗികളെ പരിശോധിക്കുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ 60 സെ.മീ എങ്കിലും അകലം പാലിക്കണമെന്നതാണ് വൈദ്യശാസ്ത്ര നിര്‍ദേശം) അല്ലെങ്കില്‍ രോഗം പകരാം. ഏതെങ്കിലും നാട്ടില്‍ പ്ലേഗ് ബാധിച്ചതായി കേട്ടാല്‍ നിങ്ങള്‍ അവിടേക്ക് പോകരുത്. ഇനി നിങ്ങളുടെ നാട്ടിലാണ് പ്ലേഗ് ബാധിച്ചതെങ്കില്‍ നിങ്ങള്‍ അവിടെ നിന്ന് പുറത്ത് പോകുകയുമരുത്- തുടങ്ങിയ പ്രവാചക വചനങ്ങള്‍ അണുക്കളിലൂടെ രോഗം പകരുമെന്നതിന്റെ വ്യക്തമായ സൂചനകളും രോഗം പകരാതിരിക്കാനുള്ള ഉജ്ജ്വലമായ ആരോഗ്യ നിര്‍ദേശങ്ങളുമാണ്.
മറ്റു ജില്ലകള്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ വളരെ മുന്‍പന്തിയിലെത്തിയപ്പോള്‍ 40 ശതമാനത്തില്‍ താഴെയാണ് മലപ്പുറം ജില്ലയില്‍ വാക്‌സിനേഷന്‍ എടുക്കുന്നവര്‍ എന്നാണ് ചില പഠന റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. അതുകൊണ്ട് തന്നെ ഈ നില തുടര്‍ന്നാല്‍ വരും വര്‍ഷങ്ങളില്‍ നാം തടഞ്ഞുനിര്‍ത്തിയ മിക്ക സാംക്രമിക രോഗങ്ങളും വന്‍തോതില്‍ നമ്മുടെ നാട്ടില്‍ തിരിച്ചുവരാനും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോടൊപ്പം സാമുദായിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളും ഒന്നിച്ച് മുന്നേറിയാല്‍ മാത്രമേ ജനങ്ങളിലേക്ക് ഈ സന്ദേശമെത്തിക്കാനും നമ്മുടെ സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കൂ.
(ലേഖകന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രൊഫസറാണ്. ഫോണ്‍: 9495649737)