അല്‍ജസീറ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈജിപ്ത് സര്‍ക്കാര്‍ മാപ്പ് നല്‍കി

Posted on: September 23, 2015 10:51 pm | Last updated: September 23, 2015 at 10:51 pm

al-jazeeraകൈറോ: ജയിലില്‍ കഴിയുന്ന അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകരായ മൊഹമ്മദ് ഫാമി, ബഹര്‍ മുഹമ്മദ് എന്നിവര്‍ക്ക് ഈജിപ്ത് മാപ്പ് നല്‍കിയതായി ഈജിപ്ത് പ്രസിഡന്റിന്റെ വക്താവ് അല്ല യൂസുഫ് അല്‍ അഹ്‌റാം പത്രത്തോട് പറഞ്ഞു. ബലിപെരുന്നാളിനോടനുബന്ധിച്ച് നിരവധി പേര്‍ക്ക് മാപ്പ് നല്‍കി വിട്ടയക്കുന്നതിന്റെ ഭാഗമായാണ് ഇത്. നിയമവിരുദ്ധമായ രീതിയില്‍ പ്രതിഷേധങ്ങള്‍ നടത്തിയ കേസുകളില്‍ മനുഷ്യത്വപരവും ആരോഗ്യസംബന്ധവുമായ കാര്യങ്ങള്‍ പരിഗണിച്ച് 100 യുവാക്കളെ ജയില്‍മോചിതരാക്കുമെന്ന് ബുധനാഴ്ച ഫേസ്ബുക്കിലൂടെ പ്രസിഡന്റ് അബ്ദല്‍ ഫത്തഹ് അല്‍ സിസി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആസ്‌ത്രേലിയക്കാരനായ പീറ്റര്‍ ഗ്രിസ്റ്റ് ഉള്‍പ്പെടെയുള്ള മറ്റ് ഏഴ് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ മാപ്പ് ലഭിച്ചവരില്‍ ഉള്‍പ്പെടുമോ എന്ന കാര്യം വ്യക്തമല്ല. മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചവരാണിവര്‍. തങ്ങളുടെ ജീവനക്കാര്‍ക്ക്‌മേല്‍ ചുമത്തിയ കുറ്റങ്ങള്‍ പിന്‍വലിച്ച് ഇവരെ വിട്ടയക്കണമെന്ന് അല്‍ ജസീറ തൂടര്‍ച്ചയായി ആവശ്യപ്പെട്ടുവരികയായിരുന്നു. ഗ്രിസ്റ്റിക്കൊപ്പം കനേഡിയക്കാരനായ ഫാമി, ഈജിപ്ത് കാരനായ മുഹമ്മദ് എന്നിവരെ ആഗസ്ത് 29നാണ് കൈറോയിലെ ഒരു കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചത്. തീവ്രവാദ സംഘടനയെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയായിരുന്നു ഇത്. ഫിബ്രവരിയില്‍ മോചിതനായ ഗ്രിസ്റ്റ് സ്വദേശത്തേക്ക് മടങ്ങിയെങ്കിലും ഇദ്ദേഹത്തിനെതിരായ കേസ് ഇപ്പോഴും കോടതിയില്‍ തുടരുകയാണ്. വെടിയുണ്ട കൈവശംവെച്ചുവെന്ന കേസില്‍ മുഹമ്മദിന് ആറ് മാസം കൂടി അധിക തടവ് വിധിച്ചിരുന്നു.