തേക്കിന്‍ നാട്ടിലെ രാഷ്ട്രീയ വിധിയെഴുത്ത് ആര്‍ക്കൊപ്പം

Posted on: September 22, 2015 10:31 am | Last updated: September 22, 2015 at 10:31 am

local body electionകിഴക്കന്‍ ഏറനാടിന്റെ ആസ്ഥാന നഗരിയായ നിലമ്പൂരില്‍ ഇടതു വലതു രാഷ്ടീയ ചേരികള്‍ക്ക് വ്യക്തമായ ഇടമുണ്ടെങ്കിലും അരനൂറ്റാണ്ടിലേറെ കാലമായി കേരളത്തിന്റെ രാഷ്ട്രീയ ചാണക്യനെന്ന ഖ്യാതിയുള്ള ആര്യാടന്‍ മുഹമ്മദിന്റെ തന്ത്രവും അടവുമാണ് ഇവിടത്തെ രാഷ്ട്രീയ ഗതി നിര്‍ണയിച്ചു കൊണ്ടിരിക്കുന്നത്. സഖാവ് കുഞ്ഞാലിയുടെ വിപ്ലവ വീര്യവും തോട്ടം തൊഴിലാളികളുടെ മുേന്നറ്റങ്ങളില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് പ്രവര്‍ത്തിക്കുന്ന ഇടതു പാര്‍ട്ടികള്‍ക്ക് ജില്ലയുടെ ഇതര ഭാഗങ്ങളേക്കാള്‍ നിലമ്പൂരില്‍ വേരോട്ടമുണ്ടെങ്കിലും ആര്യാടന്റെ മറു തന്ത്രങ്ങളില്‍ നിഷ്പ്രഭമായി മാറുകയാണ് പതിവ്. മുസ്‌ലിം ലീഗിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയില്‍ ലീഗിനെ രണ്ടാം നിരയിലേക്ക് പിന്തള്ളി കോണ്‍ഗ്രസ് മേധാവിത്വം പുലര്‍ത്തുന്ന അപൂര്‍വ്വം പ്രദേശങ്ങളിലൊന്നുമാണ് നിലമ്പൂര്‍. രൂപവത്കരണ കാലഘട്ടം മുതല്‍ വലതു സഖ്യത്തിന് ഭരണം നേടിക്കൊടുത്ത നിലമ്പൂര്‍ പഞ്ചായത്ത് 1995- 2000 കാലയളവില്‍ മാത്രമാണ് ഇടതു ചേരിയെ പരീക്ഷിച്ചത്. 2011ല്‍ നിലമ്പൂര്‍ നഗരസഭയായി മാറിയപ്പോഴും യു ഡി എഫിനെ തുണച്ചു.
പ്രഥമ ചെയര്‍മാനായി രാഷ്ടീയ തറവാട്ടില്‍ നിന്നുള്ള ആര്യാടന്‍ ഷൗക്കത്ത് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കന്നിയങ്കത്തില്‍ വികസനങ്ങളുടെ പരമ്പര സൃഷ്ടിച്ച് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയെന്ന് ഭരണ പക്ഷം മേനി നടിക്കുമ്പോള്‍ ഉപരി വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ചലിക്കാനായില്ലെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനോ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പദ്ധതികള്‍ നടപ്പാക്കിയില്ലെന്നും പ്രതിപക്ഷം ആരോപണമുന്നയിക്കുന്നു. സദ്ഗമയ പദ്ധതിയിലൂടെ വിദ്യഭ്യാസ രംഗത്ത് ദേശീയ ശ്രദ്ധ പിടിച്ചു പറ്റാനായി. മികച്ച ആരോഗ്യ പദ്ധതികള്‍ തുടങ്ങി. മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യ സുരക്ഷക്കായി നടപ്പാക്കിയ സൗഖ്യം, സാധാരണക്കാരുടെ ആരോഗ്യ പരിപാലനത്തിനായുള്ള ആയുഷ് ആരോഗ്യ ഇന്‍ഷ്വറന്‍സ്, വയോജനങ്ങള്‍ക്കായി വയോ മിത്രം, വിധവകള്‍ക്കായുള്ള സഹജ, എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ബാല സുരക്ഷ തുടങ്ങിയവയിലൂടെ സംസ്ഥാനത്തെ മികച്ച ആരോഗ്യ നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭയുടെ ഫണ്ടും എം പി, എം എല്‍ എ ഫണ്ടുകളും ഉള്‍പ്പെടുത്തി 180 കോടിയുടെ വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്.
പി ഡബ്ലിയു ഡി റോഡുകളുള്‍പ്പെടെ 103 കോടി രൂപാ ചിലവില്‍ റോഡുകളുടെ വികസനം, ഇക്കോ ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി വടപുറം പാല നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ ജവഹര്‍ലാല്‍ നെഹ്‌റു ബസ് ടെര്‍മിനല്‍ യാഥാര്‍ഥ്യമാക്കി. 6.6 കോടിയുടെ കെ എസ് ആര്‍ ടി സി ടെര്‍മിനല്‍നല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം അന്തിമ ഘട്ടത്തിലും എത്തിക്കാനായി. ദക്ഷിണേന്ത്യയുടെ ടൂറിസം ഹമ്പാക്കി മാറ്റുന്ന ഗേറ്റ് വേ ഓഫ് നിലമ്പൂര്‍, മിനി ടൗണ്‍ ഹാള്‍, ആധുനിക മത്സ്യ മാംസ മാര്‍ക്കറ്റ്, വൈദ്യുതി ഭവനും ഐ ടി ഐക്കും പുതിയ കെട്ടിടങ്ങള്‍, ഹോമിയോ ഡിസ്പന്‍സറി, 5.5 കോടി രൂപ ചിലവില്‍ ടൗണില്‍ ഡ്രൈനേജ് നിര്‍മാണം, മാലിന്യ സംസ്‌കരണത്തിനായി സീറോ വേസ്റ്റ്, പട്ടിക ജാതിക്കാരുടെ വിദ്യാഭ്യാസ ആരോഗ്യ പുരോഗതിക്കായി ഒപ്പത്തിനൊപ്പം, ദുരിതമനുഭവിക്കുന്നവര്‍ക്ക് തണലേകാന്‍ സ്‌നേഹപത്തായം, തുടങ്ങിയവ ഭരണനേട്ടമായി ഭരണ പക്ഷം മുന്നോട്ടുവെക്കുന്നുണ്ട്. അതേ സമയം പ്രഖ്യാപനങ്ങളും ലക്ഷങ്ങള്‍ ചിലവിട്ടുള്ള ഉദ്ഘാടന മാമാങ്കങ്ങളുമല്ലാതെ പദ്ധതികള്‍ പച്ചപിടിക്കുന്നില്ലെന്നും യഥാര്‍ഥ വികസനം ഏറെ അകലെയാണെന്നും പ്രതിപക്ഷം ഉന്നയിക്കുന്നു. കാലങ്ങളായി നിലനില്‍ക്കുന്ന കുടിവെള്ള പ്രശ്‌നത്തിന് അറുതിയായില്ല, കോഴിക്കോട്- നിലമ്പൂര്‍ – ഗൂഡല്ലൂര്‍ റോഡിലെ ഏറ്റവും തിരക്കേറിയ നിലമ്പൂര്‍ ടൗണില്‍ ബൈപ്പാസ് ഇപ്പോഴും സ്വപന പദ്ധതിയാണ്. നിലമ്പൂര്‍, ചന്തക്കുന്ന് ടൗണുകളില്‍ ട്രാഫിക് സിഗ്നലുകള്‍ അശാസ്ത്രീയമായി സ്ഥാപിച്ചത്‌കൊണ്ട് ഒരു ഫലവുമുണ്ടായില്ല, മാസങ്ങള്‍ക്കകം ഉപയോഗ ശൂന്യവുമായി. വയല്‍ നികത്തി ദ്രുതഗതിയില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചതിനാല്‍ ദിവസങ്ങള്‍ക്കകം പൊട്ടിപൊളിഞ്ഞു. സ്റ്റാന്‍ഡ് നിര്‍മാണത്തിന് പിന്നിലും റിയല്‍ എസ്റ്റേറ്റ് താല്‍പര്യമുണ്ട്. ഐ എ വൈ, ഇ എം എസ് ഭവന പദ്ധതി തുടങ്ങിയവക്ക് പകരമായി എല്ലാവര്‍ക്കും വീട് പദ്ധതി തുടക്കമിട്ടെങ്കിലും വീട് ലഭിക്കാത്ത നിരവധി കുടുംബങ്ങള്‍ നഗരസഭയില്‍ ദുരിതമനുഭവിക്കുന്നു. വീട് നിര്‍മാണം പൂര്‍ത്തീകരിക്കാനാവാതെ വിശമിക്കുന്നവരുമുണ്ട്. ഭൂ രഹിതര്‍ നഗരസഭ ഭൂമിയില്‍ കുടില്‍ കെട്ടി സമരം നടത്തിയെങ്കിലും ഭൂമി ലഭിച്ചില്ല. സീറോ വേസ്റ്റ് നടപ്പാക്കാനായില്ല. ടൗണിലും പരിസരത്തും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നു. തെരുവ് വിളക്കുകള്‍ അണഞ്ഞ് കിടക്കുന്നു. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തുടങ്ങിയതേയില്ല. കാര്‍ഷിക മേഖലയില്‍ എത്തി നോട്ടം പോലും നടത്തിയില്ല. വന്യ മൃഗങ്ങളുടെയും തെരുവ് നായകളുടെയും ശല്യം അവഗണിച്ചു. സദ്ഗമയ ആഘോഷിക്കുമ്പോഴും മാനവേദന്‍ സ്‌കൂളടക്കമുള്ള വിദ്യാലയങ്ങളുടെ അടിസ്ഥാന വികസനം സാധ്യമാക്കിയില്ല തുടങ്ങിയ നിരവധി പോരായ്മകള്‍ പ്രതിപക്ഷം ചൂണ്ടികാട്ടുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വികസന ചര്‍ച്ചകള്‍ക്കപ്പുറം രാഷ്ടീയ സമവാക്യങ്ങളും പ്രതിഫലിക്കാനുള്ള സാധ്യതയും ഇവിടെ നിലനില്‍ക്കുന്നുണ്ട്. യുഡി എഫിലെ രണ്ടാം കക്ഷിയായ ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിലവില്‍ സീറ്റില്ലാത്ത കേരളാ കോണ്‍ഗ്രസുകാരും അവകാശവാദവുമായി എത്തുമെന്നാണ് സൂചന. അതേ സമയം സി പി എമ്മില്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന വിഭാഗീയത ഇടതുപക്ഷത്തെ വേട്ടയാടുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് പരിഹാരം കാണാനുള്ള ശ്രമം ഊര്‍ജിതമാണെങ്കിലും വിമത ഭീഷണി തള്ളിക്കളയാനാവില്ല.