ഒരേ കോഴ്‌സിന് വ്യത്യസ്ത ഫീസ്, വീണ്ടും സ്വാശ്രയക്കുതന്ത്രം

Posted on: September 22, 2015 3:28 am | Last updated: September 21, 2015 at 11:29 pm

education newഒരേ കോഴ്‌സുകള്‍ക്ക് വ്യത്യസ്ത കോളജുകള്‍ക്ക് വ്യത്യസ്ത ഫീസ് ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ ലംഘനമല്ലേ എന്ന ചോദ്യം കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ കാര്യത്തില്‍ വീണ്ടും ഉയര്‍ന്നു വന്നിരിക്കുന്നു. കേരളാ ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളജ് മാനേജുമെന്റ് ഫെഡറേഷനുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ പുതിയ രഹസ്യകരാര്‍ പ്രകാരം അഞ്ച് മെഡിക്കല്‍ കോളജുകള്‍ക്കു എം ബി ബി എസ് കോഴ്‌സിന് ഉയര്‍ന്ന ഫീസ് വാങ്ങാം. ഓരോ വര്‍ഷവും ഫീസ് വര്‍ധിപ്പിക്കാനും മുന്‍കൂര്‍ ധാരണയായിരിക്കുന്നു.
മെയ് 15ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പു പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഫെഡറേഷനിലെ അംഗ കോളജുകള്‍ക്ക് പ്രത്യേക ഫീസ് വാങ്ങാനുള്ള അനുമതിയുണ്ട്. 2015-16 അധ്യയനവര്‍ഷം എം ബി ബി എസ് കോഴ്‌സുകള്‍ക്ക് വാര്‍ഷിക ഫീസായി നാല് ലക്ഷം രൂപ എല്ലാവിദ്യാര്‍ഥികളും അടയ്ക്കണമെന്ന് പറഞ്ഞിരിക്കുന്നു. മെറിറ്റ് – മാനേജ്‌മെന്റ് ക്വാട്ടാ വ്യത്യാസമില്ലാതെയാണിത്. ബി ഡി എസിന് അത് മൂന്ന് ലക്ഷം രൂപയാണ്. എന്നാല്‍ 2016-2017 വര്‍ഷം എം ബി ബി എസ് ഫീസ് 4,40,000 ആയി ഉയരും. 2017-18 അധ്യയനവര്‍ഷം 4,85,000 രൂപയായി വാങ്ങിക്കാനും വ്യവസ്ഥ ചെയ്യുന്നു. ബി ഡി എസ് കോഴ്‌സിന് 3,30,000 രൂപയായിരിക്കുമിത്.
കരാര്‍ പ്രകാരം എന്‍ ആര്‍ ഐ ക്വാട്ടയിലെ വിദ്യാര്‍ഥികള്‍ നല്‍കേണ്ട തുക പ്രതിവര്‍ഷം 11 ലക്ഷം രൂപയാണ്. 2017-ല്‍ ഇത് 12 ലക്ഷമായും 2018-ല്‍ 13 ലക്ഷമായിട്ടും ഉയരും. പ്രത്യുപകാരമായി, ആ വിഭാഗം വിദ്യാര്‍ഥികള്‍ ഒരുവിധ മെഡിക്കല്‍ പരീക്ഷയും പാസ്സാകേണ്ടതില്ല എന്ന വ്യവസ്ഥ തുടരും. എത്ര ലക്ഷം ഫീസ് നല്‍കാമെന്ന മാനദണ്ഡത്തെ മാത്രം ആശ്രയിച്ചായിരിക്കുമത്. മറ്റൊന്നും പരിഗണിക്കില്ല. സ്വാശ്രയ വിദ്യാഭ്യാസ കമ്പോളത്തില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ അത്രയ്ക്കു അശുഭകരമാണ്.
ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ എന്ന പേരു വച്ചിരിക്കുന്നത് കൊണ്ട് ഫെഡറേഷനിലെ കോളജുകള്‍ ‘ന്യൂനപക്ഷ’മാണത്രെ! ന്യൂനപക്ഷ പദവി അലങ്കരിച്ച് വാഴുന്ന ആ കോളജുകള്‍ താഴെപ്പറയുന്നു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ്, തൃശൂര്‍ അമല മെഡിക്കല്‍ കോളജ്, തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്, കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജ്, പുഷ്പഗിരി കോളജ് ഒഫ് ഡെന്റല്‍ സയന്‍സസ് തിരുവല്ല എന്നിവയാണവ. ന്യൂനപക്ഷ പദവിയെ ഒരു മറയാക്കിക്കൊണ്ട് നഗ്നമായ വിദ്യാഭ്യാസ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളിലെ ഒരു വിഭാഗമാണത്. യഥാര്‍ഥത്തില്‍ വിദ്യഭ്യാസകൊള്ളയ്ക്കു ഈ സര്‍ക്കാര്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുകൊടുക്കുകയായിരുന്നുവെന്നു പറയാം.
ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട സാധാരണക്കാരായ എത്ര വിദ്യാര്‍ഥികള്‍ ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്? ഒരാളുമുണ്ടാവില്ല. പിന്നെന്തിനാണ് ന്യൂനപക്ഷ ബോര്‍ഡ് സ്ഥാപിച്ച് അതിന്റെ വിശേഷാവകാശങ്ങള്‍ നേടാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്?
അപ്പോള്‍ എം ഇ എസ് രംഗപ്രവേശം ചെയ്യുന്നു. സര്‍ക്കാര്‍ തുല്യനീതി കാണിക്കുന്നില്ലെയെന്നാണ് അവരുടെ ആക്ഷേപം. മുസ്‌ലിം ന്യൂനപക്ഷ സ്വാശ്രയ കോളജുകളുടെ കാര്യത്തില്‍ സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് ഈ കരാറെന്ന് അവര്‍ പറയുന്നു. എന്നുവെച്ചാല്‍, ഭാഗികമായ ന്യായം മാത്രമാണത്. ഉയര്‍ന്ന ഫീസ് ഈടാക്കാനുള്ള അവകാശം തങ്ങള്‍ക്കും കിട്ടണം എന്നതാണ് അവരുന്നയിക്കുന്ന തുല്യനീതി സങ്കല്‍പ്പമെങ്കില്‍ പരിതാപകരമാണ് ആ സാമൂഹിക നീതി വിലാപം. മറിച്ച്, പറയേണ്ടത് അന്യായമായ ഒരു കരാറാണ് ഈ സര്‍ക്കാര്‍ ക്രിസ്ത്യന്‍ ഫെഡറേഷന്‍ സ്ഥാപനങ്ങളുമായി ഒപ്പുവച്ചിരിക്കുന്നതെന്നാണ്. കുട്ടികളെ കൊള്ളയടിക്കാന്‍ മൂന്ന് വര്‍ഷത്തേക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കരാര്‍ ഒപ്പുവെച്ച നടപടി പിന്‍വലിക്കണമെന്നാണ്. അങ്ങനെ ഡിമാന്‍ഡ് ചെയ്യുമ്പോള്‍, എം ബി ബി എസിന് വാര്‍ഷിക ഫീസിനത്തില്‍ വാങ്ങാവുന്ന ഏറ്റവും ഉയര്‍ന്ന തുക എത്രയായിരിക്കണമെന്ന് തീരുമാനിക്കേണ്ടതുണ്ട്. ഉയര്‍ന്ന തുക കോഴ വാങ്ങി പ്രവേശനം നല്‍കുന്ന സ്ഥാപനമാണ് എം ഇ എസ് എന്ന ആരോപണം നിലനില്‍ക്കുന്നു. അത് തള്ളിക്കളയാനാകുമോ? പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി പ്രവേശന മാനദണ്ഡങ്ങള്‍ക്കെതിരെ ജെയിംസ് കമ്മിറ്റി കര്‍ശനമായ നിലപാട് സ്വീകരിച്ചത് സ്വാഗതാര്‍ഹമാണ്.
എന്നാല്‍, മെയ് 30ന് ക്രിസ്ത്യന്‍ ഫെഡറേഷനുമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ച കരാറിന്റെ കാര്യത്തില്‍ ജെയിംസ് കമ്മിറ്റി എന്തു നിലപാട് സ്വീകരിച്ചുവെന്ന് അറിയേണ്ടതുണ്ട്. ഒരു പ്രതികരണവും ഇതുവരെ കണ്ടിട്ടില്ല. സര്‍ക്കാറും മാനേജ്‌മെന്റും തമ്മില്‍ ഫീസിനെ സംബന്ധിച്ച് അന്യായ കരാര്‍ രൂപപ്പെടുത്തുമ്പോള്‍ അതിന് അംഗീകാരം കൊടുക്കുക എന്ന ധര്‍മമാണോ ജെയിംസ് കമ്മിറ്റിക്കുള്ളത്?
ക്രോസ് സബ്‌സിഡി പാടില്ലായെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണത്രേ മെറിറ്റ് വിദ്യാര്‍ഥികള്‍ക്കും മാനേജ്‌മെന്റ് ക്വാട്ടാ വിദ്യാര്‍ഥികള്‍ക്കും ഒരേതരം ഫീസ്- ഉയര്‍ന്ന ഫീസ്, ഈടാക്കാന്‍ വകുപ്പുണ്ടാക്കുന്നത്. മെറിറ്റ് അട്ടിമറിക്കാന്‍ മൂലധനവക്താക്കള്‍ കണ്ടുപിടിച്ച വാദഗതിയാണത്. എല്ലാവരും നാലു ലക്ഷം രൂപവീതം പ്രതിവര്‍ഷം ഫീസ് കൊടുക്കണമെന്ന് നിശ്ചയിച്ചാല്‍ പിന്നെ മെറിറ്റ് സീറ്റ് കാറ്റഗറിക്ക് പ്രസക്തിയില്ലല്ലോ. വാസ്തവത്തില്‍ കുറഞ്ഞ ഫീസില്‍, താങ്ങാവുന്ന ഫീസില്‍, മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാനുള്ള സംവിധാനമുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. അതിന് പകരം സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടം കൊഴുപ്പിക്കാന്‍ സര്‍ക്കാര്‍ മാനേജ്‌മെന്റുകള്‍ക്ക് കരാറുണ്ടാക്കിക്കൊടുക്കുകയാണ്.
അതേപോലെ, മെറിറ്റിനോടൊപ്പം സംവരണതത്ത്വങ്ങളും സ്വാശ്രയ കോളജുകള്‍ കാറ്റില്‍പ്പറത്തുന്നു. സംവരണാനുകൂല്യമുള്ള വിദ്യാര്‍ഥികളില്‍ നിന്നും ഫീസ് കൂടാതെ പതിനായിരം രൂപാ വീതം കോഷന്‍ ഡെപ്പോസിറ്റ് കെട്ടിവയ്ക്കാനും വ്യവസ്ഥകളുണ്ട് ഈ കരാറില്‍. അങ്ങനെ സാമൂഹിക നീതി സങ്കല്‍പ്പങ്ങളുടെ കഴുത്തറുക്കുന്ന കോളജുകളില്‍ പഠിച്ച് ഡോക്ടര്‍മാരായി പുറത്തിറങ്ങുന്നവരുടെ മനോഭാവമെന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ.
ന്യൂനപക്ഷ സമുദായങ്ങളിലെ സാധാരണ വിദ്യാര്‍ഥികള്‍ക്ക് അത്തരം പദവി വഹിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് എന്തെങ്കിലും ഗുണം ലഭിക്കുന്നുണ്ടോയെന്ന കാര്യവും പ്രത്യേകം പരിശോധിക്കേണ്ടതാണ്. എത്ര ശതമാനം വിദ്യാര്‍ഥികള്‍ ആകെ ആ സമുദായങ്ങളില്‍ നിന്ന് വരുന്നു എന്ന കാര്യവും പരിഗണി്ക്കണം. സമുദായമേതായാലും ലക്ഷങ്ങള്‍ ഫീസും കോഴയും നല്‍കുന്നവര്‍ക്കു മാത്രമേ പ്രവേശനം ലഭിക്കൂ എന്ന സ്ഥിതിയാണ് മിക്കമേഖലകളിലും നിലനില്‍ക്കുന്നത്. അതുകൊണ്ട് സാമൂഹിക നീതിക്ക് കടലാസില്‍ പോലും സ്ഥാനമില്ല.
ഫീ റെഗുലേറ്ററി കമ്മിറ്റി ഒരു നോക്കുകുത്തിയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന കാര്യവും ഗൗരവപൂര്‍വം തന്നെ കാണണം. മാനേജ്‌മെന്റുകളുടെ സമ്മര്‍ദ തന്ത്രങ്ങള്‍ കാരണമോ രാഷ്ട്രീയ സ്വാധീനം കാരണമോ നീതിപൂര്‍വം ഫീസ് നിശ്ചയിക്കാന്‍, മിക്ക സ്വാശ്രയ കോഴ്‌സുകളിലും സമീപകാലത്ത് കഴിയാതെയായിട്ടുണ്ട്.