മൂന്നാറില്‍ വീണ്ടും സര്‍ക്കാര്‍ നാടകം

Posted on: September 22, 2015 4:25 am | Last updated: September 21, 2015 at 11:26 pm

മൂന്നാര്‍ ഹൈറേഞ്ച് മേഖലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതിന് ടാറ്റക്കെതിരെ കേസെടുത്തിരിക്കയാണ് സംസ്ഥാന സര്‍ക്കാര്‍. പള്ളിവാസല്‍, നേമക്കാട്, നല്ലതിണ്ണ, ചുണ്ടുവാര, മുണ്ടുമല, മാട്ടുപ്പെട്ടി തുടങ്ങി ഒമ്പത് എസ്റ്റേറ്റുകളിലായി ഒരുലക്ഷം ഏക്കര്‍ ഭൂമി കൈയേറിയതിന് മൂന്നാര്‍, ദേവികുളം, നെടുങ്കടം സ്റ്റേഷനുകളിലായി ഒമ്പത് കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ, ടാറ്റ ഗ്‌ളോബല്‍ ബിവറേജ് ലിമിറ്റഡ്, കണ്ണന്‍ ദേവന്‍ ഹില്‍പ്ലാന്റേഷന്‍ എന്നീ കമ്പനികള്‍ക്കും എസ്റ്റേറ്റ് മനേജര്‍മാര്‍ക്കുമെതിരെയാണ് കേസ്.
മൂന്നാറിലെ ടാറ്റായുടെ ഭൂമി കൈയേറ്റം അടുത്ത കാലത്തുണ്ടായ ഒരു പുതിയ സംഭവമല്ല. തേയില തോട്ടങ്ങളുടെ വിസ്തൃതി വര്‍ദ്ധിപ്പിച്ചും വിറകിന് മരങ്ങള്‍ നട്ടുപിടിപ്പിക്കാനെന്ന പേരിലും സ്വന്തമാക്കിയ ഭൂമിയുടെ മറവിലും കമ്പനി വനഭൂമി കൈയേറുന്നുവെന്ന പരാതിക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഇതേതുടര്‍ന്നാണ് 1971ല്‍ കണ്ണന്‍ ദേവന്‍ (ഭൂമി ഏറ്റെടുക്കല്‍) നിയമം കൊണ്ടുവന്നത്. കണ്ണന്‍ ദേവന്‍ കമ്പനിയുടെ കൈവശമുണ്ടായിരുന്ന മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ തിരിച്ചെടുക്കാനും തേയിലകൃഷിക്കും അനുബന്ധാവശ്യങ്ങള്‍ക്കും വേണ്ടിവരുന്ന ഭൂമി തിരിച്ചു പാട്ടത്തിന് നല്‍കുന്നതിനും വ്യവസ്ഥചെയ്യുന്നതുമാണ് നിയമം. ഈ നിയമ പ്രകാരം ഏറ്റെടുത്ത 1,27,714.77 ഏക്കറില്‍ 57192.65 ഏക്കറാണ് കമ്പനിക്കു തിരിച്ചുനല്‍കി. ബാക്കി ഭൂമി സര്‍ക്കാറില്‍ നിക്ഷിപ്തമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ കമ്പനി പിന്നെയും കൈയേറ്റം തുടര്‍ന്നു. മൂന്നാര്‍ ദൗത്യ സംഘത്തിന്റെ പരിശോധനയിലും അതിനു മുമ്പ് ഇസ്ഹാഖ് കുരിക്കളും, നാലകത്ത് സൂപ്പിയും അധ്യക്ഷന്മാരായുള്ള നിയമസഭാ സമിതികള്‍ നടത്തിയ പരിശോധനകളിലും ഇക്കാര്യം ബോധ്യപ്പെട്ടതാണ്. ടാറ്റാ കമ്പനികള്‍ ഒരു ലക്ഷത്തിലേറെ ഏക്കര്‍ ഭൂമി കൈയേറിയതായി റവന്യൂ അണ്ടര്‍ സെക്രട്ടറിയായിരുന്ന എം കെ സ്റ്റെല്ല 2014 ഡിസംമ്പര്‍ 19ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതുമാണ്. 1971 ലെ കണ്ണന്‍ ദേവന്‍ ഭൂ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ’76 ല്‍ ലാന്റ് ബോര്‍ഡ് സര്‍ക്കാറിന് കൈമാറിയ, കണ്ണന്‍ദേവന്‍ വില്ലേജിലെ 53 സര്‍വേ നമ്പറുകളിലായുള്ള് 50,000 ഏക്കര്‍ ഭൂമിയാണ് ടാറ്റ അനധികൃതമായി കൈവശം വെച്ചു വരുന്നതായി 2008ല്‍ ഇടുക്കി ജില്ലാ കലക്ടര്‍ അശോക് കുമാര്‍ സിംഗിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വേയിലും വെളിപ്പെട്ടു. കമ്പനിക്ക് പുറമെ രാഷ്ട്രീയപാര്‍ട്ടികളും, വന്‍ ഭൂമാഫിയകളും, ബിനാമി പേരില്‍ രാഷ്ട്രീയനേതാക്കളും, ഉദ്യോഗസ്ഥരും, സിനിമാതാരങ്ങളും ഭൂരേഖകള്‍ തിരുത്തിയും വ്യാജപട്ടയങ്ങള്‍ ചമച്ചും മൂന്നാറിലെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിട്ടുണ്ട്.
റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയോടെയായിരുന്നു ഇതെല്ലാം. മൂന്നാറില്‍ വന്‍തോതില്‍ അനധികുത ഭൂമി കൈയേറ്റം നടന്നതില്‍ റവന്യൂ, തദ്ദേശ സ്വയംഭരണം, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി ഹരന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും അവര്‍ ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ മന്ത്രിസഭാ ഉപസമിതി ഈ ശിപാര്‍ശ തള്ളുകയാണുണ്ടായത്. സര്‍വേപ്രകാരം കണ്ടെത്തിയ അധിക ഭൂമി വനഭൂമിയായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശവും തള്ളപ്പെട്ടു. കമ്പനിക്കെതിരായ ഔദ്യോഗിക രേഖകള്‍ ഉദ്യോഗസ്ഥര്‍ നശിപ്പിച്ച സംഭവങ്ങള്‍ വരെയുണ്ടായി.മൂന്നാര്‍ ഒഴിപ്പിക്കലിന് ഇറങ്ങിപ്പുറപ്പെട്ട മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ രാമസ്വാമി അയ്യര്‍ ഹെഡ്‌വര്‍ക്ക് ഡാമിനു സമീപം സ്ഥാപിച്ച സംസ്ഥാന സര്‍ക്കാരിന്റെ ബോര്‍ഡ് കയ്യേറ്റക്കാര്‍ എടുത്തെറിയുകയും അതിനപ്പുറം രണ്ടര ഏക്കറോളം ഭൂമി കൈയേറുകയും ചെയ്തത് കൈയേറ്റക്കാരുടെ സ്വാധീനവും ഭരണ തലങ്ങളില്‍ അവര്‍ക്കുള്ള പിടിപാടും വ്യക്തമാക്കുന്നുണ്ട്. കൈയേറിയ വനഭൂമി ടാറ്റ മറിച്ചു വില്‍ക്കുമ്പോഴും അത് കമ്പനിയുടേതാണെന്ന് സാക്ഷ്യപ്പെടുത്തി കൊടുക്കുക വഴി കമ്പനിയുടെ അനധികൃത വില്‍പനക്കും വനം, റവന്യു വകുപ്പുകള്‍ പിന്തുണ നല്‍കിയിരുന്നു.
ഈ വിധം ഭരണത്തിലിരിക്കുന്നവരും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് ഭൂമി കൈയേറ്റത്തിന് കമ്പനിക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുത്ത ശേഷം ഇപ്പോള്‍ അവര്‍ക്കെതിരെ കേസെടുക്കുന്നത് വിരോധഭാസമാണ്. പൊതു പ്രവര്‍ത്തകന്‍ നല്‍കിയ ഹരജി അവഗണിച്ചാല്‍ കോടതിയില്‍ നിന്നുണ്ടായേക്കുന്ന തിരിച്ചടി ഭയന്നും, കക്ഷി രാഷ്ട്രീയ ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞു മൂന്നാര്‍ ജനത സ്വതന്ത്രമായി ചിന്തിക്കാനും സംഘടിക്കാനും തുടങ്ങിയ പശ്ചാത്തലത്തിലും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു നാടകമെന്നതില്‍ കവിഞ്ഞു ഈ നിടയമനടപടികളില്‍ ആത്മാര്‍ഥതയുടെ കണിക അശേഷമില്ല. പ്രത്യുത കമ്പനിക്കെതിരെ മാത്രമല്ല, രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ള മറ്റു കൈയേറ്റക്കാര്‍ക്കെതിരെയും കേസെടുക്കേണ്ടതുണ്ട്. പക്ഷേ അതോടെ എല്ലാ നടപടികളും നിലക്കും. മൂന്നാല്‍ കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഒരുങ്ങിത്തിരിച്ച ദൗത്യ സംഘത്തിന്റെ അനുഭവം നമ്മുടെ മുമ്പിലുണ്ട്. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമമായി നിര്‍മിച്ച ഒരു രാഷ്ട്രീയ കക്ഷിയുടെ കെട്ടിടത്തിന്മേല്‍ ദൗത്യ സംഘം കൈവെച്ചപ്പോഴാണല്ലോ ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കാന്‍ അടിയന്തിര നിര്‍ദേശമുണ്ടായത്. നിയമം ഇവിടെ സാധാരണക്കാര്‍ക്ക് മാത്രമുള്ളതാണ്. വന്‍കിടക്കാരും ഭൂമാഫിയയും ഏത് ഭരണത്തിലും നിയമത്തിനതീതരാണ്.