ശൈഖ് റാശിദിന്റെ വേര്‍പാട്; ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അനുശോചകര്‍

Posted on: September 21, 2015 5:45 pm | Last updated: September 21, 2015 at 5:45 pm

3361991141 copyദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മകന്‍ ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്യാണത്തിലുള്ള അനുശോചനം തുടരുന്നു. അനുശോചനം അറിയിക്കാന്‍ എത്തിയവരെ സഅബീല്‍ കൊട്ടാരത്തില്‍ ശൈഖ് മുഹമ്മദ് സ്വീകരിച്ചു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും മറ്റു കുടുംബാംഗങ്ങളും അതിഥികളെ സ്വീകരിച്ചു. ഖത്തറില്‍ നിന്ന് ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി എത്തിയിരുന്നു. ശൈഖ് ഹമദിനെ യു എ ഇ സാമ്പത്തിക കാര്യ മന്ത്രിയും ദുബൈ ഉപ ഭരണാധികാരിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം ശൈഖ് മുഹമ്മദിന്റെ മകനും ഉപ ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ശൈഖ് സഈദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവര്‍ സ്വീകരിച്ചു.
ലബനോനിലെ പ്രധാനമന്ത്രി തമാം സാഇബ് സലാമിനെ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് സ്വീകരിച്ചു. ശൈഖ് റാശിദിന്റെ നിര്യാണത്തിലുള്ള ദുഃഖം ലബനോന്‍ പ്രധാനമന്ത്രി രേഖപ്പെടുത്തി. മക്തൂം കുടുംബത്തിന് വേണ്ടി പ്രധാനമന്ത്രി പ്രാര്‍ഥന നടത്തി.
രാവിലെ 10 മുതല്‍ ഉച്ച വരെയും അസറിനും മഗ്‌രിബിനും ഇടയിലും അനുശോചനം അറിയിക്കാന്‍ എത്തിയവരെ സ്വീകരിച്ചു. സ്ത്രീകളെ ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം അല്‍ മക്തൂം സഅബീല്‍ കൊട്ടാരത്തില്‍ സ്വീകരിച്ചു. ശൈഖ ഹിന്ദിന്റെ മകനാണ് ശൈഖ് റാശിദ്. ഹൃദയാഘാതത്തെത്തുടര്‍ന്ന് നിര്യാതനായ ശൈഖ് റാശിദിന്റെ ഭൗതിക ശരീരം കഴിഞ്ഞ ദിവസം ഉമ്മു ഹുറൈറില്‍ ആണ് അടക്കം ചെയ്തത്. മയ്യിത്ത് നിസ്‌കാരത്തില്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, റാസല്‍ ഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, അജ്മാനിലെ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി തുടങ്ങിയവര്‍ പങ്കെടുത്തു. ഷാര്‍ജയിലെ കിരീടാവകാശി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അടക്കം മിക്ക എമിറേറ്റിലെയും കിരീടാവകാശികളും എത്തിയിരുന്നു.