ഒക്‌ടോബര്‍ രണ്ട് മുസ്‌ലിം ലീഗ് ഭീകരവിരുദ്ധ ദിനമായി ആചരിക്കും

Posted on: September 21, 2015 10:25 am | Last updated: September 21, 2015 at 10:25 am

leagueകോഴിക്കോട്: മുസ്‌ലിംലീഗിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ട് ഭീകരവിരുദ്ധ ദിനമായി ആചരിക്കും. ചെന്നൈയില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനപ്രകാരമാണ് ഗാന്ധിജയന്തി ദിനം ഭീകരവിരുദ്ധ ദിനമായി ആചരിക്കുന്നത്.
ദിനാചരണത്തിന്റെ ഭാഗമായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് ഭീകരവിരുദ്ധ സെമിനാര്‍ സംഘടിപ്പിക്കും. അന്ന് 3 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദ് എം പി, വ്യവസായ-ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മുരുകന്‍ കാട്ടാകട, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, കെ പി എ മജീദ്, അബ്ദുസമദ് സമദാനി, പി കെ കെ ബാവ, ഡോ. എം കെ മുനീര്‍ എന്നിവര്‍ സംബന്ധിക്കും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലകളില്‍ നടത്താന്‍ തീരുമാനിച്ച തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ക്ക് യോഗം അന്തിമരൂപം നല്‍കി. ഒക്‌ടോബര്‍ മൂന്നിന് കാസര്‍കോട് ജില്ലയിലാണ് കണ്‍വന്‍ഷന്‍ തുടക്കും കുറിക്കുന്നത്. നാലിന് കണ്ണൂര്‍, അഞ്ചിന് വയനാട്, ആറിന് മലപ്പുറം ജില്ലകളിലും തിരുവനന്തപുരത്ത് ഏഴിനും പാലക്കാട് എട്ടിനും കണ്‍വന്‍ഷന്‍ നടക്കും. ഒമ്പതിന് വെള്ളിയാഴ്ച തൃശ്ശൂര്‍ ജില്ലയിലും പത്തിന് എറണാകുളത്തും, 11 ന് ഇടുക്കി, കോട്ടയം ജില്ലകളിലും 12 ന് ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും 13 ന് കൊല്ലം ജില്ലയിലും കണ്‍വന്‍ഷന്‍ നടത്താനും യോഗം തീരുമാനിച്ചു.