പിന്‍സീറ്റ് ഹെല്‍മറ്റ് ഘട്ടംഘട്ടമായി നടപ്പാക്കും: തച്ചങ്കരി

Posted on: September 20, 2015 11:25 pm | Last updated: September 20, 2015 at 11:25 pm

helmetതിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഘട്ടംഘട്ടമായി ഹെല്‍മറ്റ് നിര്‍ബന്ധമാക്കും. ആദ്യ ഘട്ടത്തില്‍ യാത്രക്കാര്‍ക്ക് ബോധവത്കരണമാണ് ഉദ്ദേശിക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കുന്നതിനെതിരെ നിലനില്‍ക്കുന്ന പ്രതിഷേധങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കുമെതിരെ കൃത്യമായ അവബോധം നല്‍കും. കൃത്യമായ കാലയളവ് നല്‍കിയതിന് ശേഷമേ ഉത്തരവ് നടപ്പാക്കൂ.
ഇതിനുള്ളില്‍ ജനങ്ങള്‍ക്ക് അവബോധവും ബോധവത്കരണവും നല്‍കി സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഉത്തരവിനെതിരെയുള്ള അപ്പീലിന്റെ ഫലവും പരിശോധിച്ച ശേഷമേ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകൂവെന്നും തച്ചങ്കരി പറഞ്ഞു.
അതേസമയം, സംസ്ഥാനത്തുണ്ടാകുന്ന ഇരുചക്ര വാഹന അപകട മരണനിരക്ക് പരിശോധിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കുന്നവരുടെയും ധരിക്കാത്തവരുടെയും എണ്ണത്തില്‍ കാര്യമായ വ്യത്യാസമില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, കഴിഞ്ഞ വര്‍ഷം ഇരുചക്ര വാഹനാപകടത്തില്‍ ഹെല്‍മറ്റ് ധരിക്കാത്തവരേക്കാള്‍ മരണനിരക്ക് കൂടുതല്‍ ഹെല്‍മറ്റ് ധരിച്ചിരുന്നവരിലാണ്. 1709 പേരാണ് കഴിഞ്ഞ വര്‍ഷം ഇരുചക്ര വാഹനാപകടത്തില്‍ മരണമടഞ്ഞത്. ഇതില്‍ ഹെല്‍മറ്റ് ധരിച്ചിരുന്നവര്‍ 867 പേരും ധരിക്കാത്തവര്‍ 842 പേരുമാണ്. 2014ല്‍ ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍ മരണങ്ങളുണ്ടായത്. ഈവര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പാലക്കാട് ജില്ലയാണ് അപകടനിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത്.
ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഇത് പൂര്‍ണമായി പാലിക്കപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ വാഹനങ്ങളുടെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന ഉത്തരവ് എത്രത്തോളം പാലിക്കപ്പെടുമെന്നതില്‍ ആശങ്കയുണ്ട്.