കന്യാസ്ത്രീയെ കൊലപ്പെടുത്തിയത് മണ്‍വെട്ടികൊണ്ട്

Posted on: September 20, 2015 7:51 pm | Last updated: September 20, 2015 at 11:28 pm

sister amala
പാലാ: ലിസ്യു മഠത്തില്‍ സിസ്റ്റര്‍ അമല കൊല്ലപ്പെട്ടത് മണ്‍വെട്ടികൊണ്ട് തലക്ക് അടിയേറ്റെന്ന് സൂചന. മഠത്തിലെ സ്റ്റെയര്‍കെയ്‌സിന് അടിയില്‍ നിന്ന് രക്തക്കറ പുരണ്ട മണ്‍വെട്ടി കണ്ടെത്തിയതാണ് കേസില്‍ അന്വേഷണ സംഘത്തിന് പുതിയ വഴിത്തിരിവാകുന്നത്. രക്തം പുരണ്ട മണ്‍വെട്ടി ഫോറന്‍സിക് പരിശോധനക്ക് അയച്ചതായി പോലീസ് അറിയിച്ചു. മഠത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്നതിന് കൃത്യമായ ചില സൂചനകള്‍ ലഭിച്ചതായി കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദര്‍ശിച്ച എ ഡി ജി പി. കെ പത്മകുമാര്‍ വ്യക്തമാക്കിയിരുന്നു. സമാന രീതിയില്‍ ആക്രമണം നടത്തിയ കേസുകളില്‍ പ്രതികളായ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിട്ടുള്ള മൂന്ന് പേരെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം. ഇവരില്‍ ഒരാളെ കന്യാസ്ത്രീ കൊല്ലപ്പെട്ട രാത്രിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പാലാ നഗരത്തില്‍ കണ്ടതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
സംഭവ ദിവസം മഠത്തിന്റെ താഴത്തെ നിലയിലെ ഗ്രില്ലിന്റെ പൂട്ട് രണ്ട് തവണ തകര്‍ത്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലിസ്യു മഠത്തിലെ 74 വയസ്സുള്ള കന്യാസ്ത്രീക്ക് ഒരാഴ്ച മുമ്പ് തലക്ക് പരുക്കേറ്റിരുന്നു.
സിസ്റ്റര്‍ അമല താമസിച്ചിരുന്ന പാലായിലെ ലിസ്യൂ കോണ്‍വെന്റ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി സന്ദര്‍ശിച്ചു. സംഭവം സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കണമെന്നും മുഖ്യമന്ത്രി, ഡി ജി പി എന്നിവരോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും ഇവര്‍ പറഞ്ഞു. സമാനമായ ആക്രമണം ചില മഠങ്ങള്‍ക്കു നേരെ അരങ്ങേറിയിട്ടുണ്ട്. ഇവിടെയൊക്കെ ആക്രമണത്തിനിരയായത് പ്രായമായ കന്യാസ്ത്രീകളാണ്. മോഷണമോ മറ്റ് അതിക്രമങ്ങളോ നടന്നതായി റിപ്പോര്‍ട്ടില്ല. കോണ്‍വെന്റുകള്‍ക്കു നേരെ നടക്കുന്ന ഇത്തരം ആക്രമണം ആശങ്കയുളവാക്കുന്നതാണെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഉച്ചക്ക് പാലാ ബിഷപ്പ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച ശേഷമാണ് കെ സി റോസക്കുട്ടി മഠത്തിലെത്തിയത്. ലിസ്യൂ കോണ്‍വെന്റില്‍ മദര്‍ സിസ്റ്റര്‍ അലക്‌സ് മേരിയോടും മറ്റ് സിസ്റ്റര്‍മാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സിസ്റ്റര്‍ അമലയുടെ മുറിയിലും സന്ദര്‍ശനം നടത്തി