Connect with us

Kerala

മൂന്നാര്‍ പ്രക്ഷോഭം: സംഘടനാ സംവിധാനം ഉടച്ചുവാര്‍ക്കാന്‍ ട്രേഡ് യൂനിയനുകള്‍

Published

|

Last Updated

തൊടുപുഴ :മൂന്നാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ തോട്ടം തൊഴിലാളി യൂനിയനുകളില്‍ പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവം. യൂനിയനുകളെ ഒഴിവാക്കി മൂന്നാര്‍ പ്രക്ഷോഭം നടത്തിയ സ്ത്രീ തൊഴിലാളികളെ കൂടി ഉള്‍ക്കൊണ്ടുള്ള പുനഃസംഘടനക്കാണ് ആലോചന. സമരം ചെയ്ത സ്ത്രീ തൊഴിലാളികള്‍ ഇന്ന് യോഗം ചേര്‍ന്ന് പുതിയ യൂനിയന്‍ അടക്കമുള്ള തീരുമാനമെടുക്കുമെന്ന പ്രഖ്യാപനവുമായി മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് ട്രേഡ് യൂനിയന്‍ നേതൃത്വങ്ങളുടെ മനം മാറ്റം.
ഇതിനിടെ കണ്ണന്‍ ദേവന്‍ പ്ലാന്റേഷനില്‍ തൊഴിലാളികള്‍ക്ക് സമരത്തിന്റെ ഒത്തു തീര്‍പ്പു വ്യവസ്ഥയനുസരിച്ചുള്ള 20 ശതമാനം പുതുക്കിയ ബോണസ് വിതരണം ആരംഭിച്ചു.
എ ഐ ടി യു സി തോട്ടം തൊഴിലാളി യൂനിയനിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ധാരണയായി. ഐ എന്‍ ടി യു സി യൂനിയനില്‍ നിന്നുള്ള എ കെ മണിയുടെ രാജി അംഗീകരിക്കരുതെന്ന് ജനറല്‍ ബോഡി യോഗത്തോട് ആവശ്യപ്പെടാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. എസ്‌റ്റേറ്റ് ജനറല്‍ ബോഡി യോഗങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സി ഐ ടി യു പ്രവര്‍ത്തക സമിതി യോഗവും മൂന്നാറില്‍ ചേരും.
എ ഐ ടി യു സി ദേവികുളം തോട്ടം തൊഴിലാളി യുനിയന്‍, അംഗങ്ങളുടെ താത്പര്യമനുസരിച്ച് പുനഃസംഘടിപ്പിക്കാനുള്ള ആവശ്യം ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിക്കാന്‍ എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് കമ്മിറ്റികള്‍ ചേര്‍ന്ന ശേഷമാണ് നേതാക്കള്‍ ധാരണയിലെത്തിയത്. യോഗങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ രാജി സന്നദ്ധത അറിയിച്ചതോടെ പ്രസിഡന്റ് ഒഴികെയുള്ള തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം വിശ്വാസവോട്ട് തേടാന്‍ തീരുമാനിച്ചു. ജി എന്‍ ഗുരുനാഥനെ വരണാധികാരിയായി തിരഞ്ഞെടുത്തു. വരണാധികാരിയെ സഹായിക്കാന്‍ അഞ്ചംഗ വനിതാ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇന്ന് ചേരുന്ന ജനറല്‍ ബോഡിയില്‍ അന്തിമ തീരുമാനമെടുത്ത ശേഷം തിരഞ്ഞെടുപ്പിനായി ഒക്ടോബര്‍ നാലിന് വീണ്ടും ജനറല്‍ ബോഡി ചേരുമെന്നും യൂനിയന്‍ പ്രസിഡന്റ് സി എ കുര്യന്‍ അറിയിച്ചു. സി ഐ ടി യു വിന്റെ ഡിവിഷന്‍ യൂനിറ്റ് യോഗങ്ങള്‍ നടന്നുവരികയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താനും ഡിവിഷന്‍ ജനറല്‍ബോഡി യോഗങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം എം മണിയുടെ സാന്നിധ്യത്തില്‍ യൂനിയന്റെ പ്രവര്‍ത്തക സമിതി യോഗം ചേരും.

Latest