Connect with us

Health

ഡിഫ്തീരിയക്ക് മുംബൈയില്‍ നിന്ന് മരുന്നെത്തിക്കും

Published

|

Last Updated

മലപ്പുറം: ഡിഫ്തീരിയ രോഗികള്‍ക്ക് നല്‍കാന്‍ സംസ്ഥാനത്ത് മരുന്നില്ല. കേരളത്തിലെ ഒരു മെഡിക്കല്‍ കോളജിലും മരുന്നില്ലാത്തതിനാല്‍ ഡല്‍ഹിയില്‍ നിന്നാണ് മരുന്നെത്തിച്ചത്. ഇതുകൊണ്ട് മൂന്ന് പേര്‍ക്ക് മാത്രമേ ചികിത്സ നല്‍കാന്‍ സാധിച്ചുള്ളൂ. ഇതേ തുടര്‍ന്ന് മുംബൈയില്‍ നിന്ന് മരുന്ന് എത്തിക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ആവശ്യമെങ്കില്‍ ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാഷ്ട്രങ്ങളില്‍ നിന്ന് മരുന്ന് എത്തിക്കാനും നീക്കമുണ്ട്.
20 ആമ്പ്യൂള്‍ മരുന്നാണ് എത്തിക്കുക. ഒരു ആമ്പ്യൂളിന് 2000 രൂപയാണ് വില. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ നല്‍കുന്ന ഡി ടി, ഡി പി ടി വാക്‌സിനുകളാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ കൈവശമുള്ളത്. എന്നാല്‍ രോഗം സ്ഥിരീകരിച്ചാല്‍ നല്‍കേണ്ട ആന്റി ഡിഫ്തറിറ്റി സിറം കേരളത്തിലെവിടെയുമില്ലാത്തതിനാല്‍ ചികിത്സ നല്‍കാനാകാതെ അധികൃതര്‍ നിസ്സഹായരാകുകയാണ്. യഥാസമയം മരുന്ന് എത്തിച്ചുനല്‍കിയാല്‍ മാത്രമേ മതിയായ ചികിത്സ ലഭിക്കുകയുള്ളൂ. രാജ്യത്ത് ഈ മരുന്ന് ഉത്പാദിപ്പിക്കാത്തതാണ് ഇതിന്റെ ദൗര്‍ലഭ്യത്തിന് ഇടയാക്കിയിരിക്കുന്നത്.
മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ ബാധിച്ച് ഒരു വിദ്യാര്‍ഥി മരിക്കുകയും മറ്റൊരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുമാണ്. വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ കോംപ്ലക്‌സിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. ചികിത്സയിലുള്ളത് മലപ്പുറം കാളമ്പാടി അറബിക് കോളജിലെ വിദ്യാര്‍ഥിയാണ്. ഇരുവരും പ്രതിരോധ കുത്തിവെപ്പെടുക്കാത്ത വിദ്യാര്‍ഥികളാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി ഉമറുല്‍ ഫാറൂഖ് പറഞ്ഞു. ചികിത്സയിലുള്ള വിദ്യാര്‍ഥിക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.
ഡിഫ്തീരിയ പടരുന്നത് തടയാന്‍ ആരോഗ്യ മന്ത്രി വി എസ് ശിവകുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍നിന്ന് കുടുംബക്ഷേമവിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി സുനില്‍കുമാര്‍, എന്‍ ആര്‍ എച്ച് എം സംസ്ഥാന ഡയറക്ടര്‍ ഡോ. ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് മലപ്പുറം ജില്ലയിലെത്തുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും സംഘത്തിലുണ്ടാകും. ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം രോഗബാധ കണ്ടെത്തിയ വെട്ടത്തൂരിലെയും കാളമ്പാടിയിലെയും സ്ഥാപനങ്ങള്‍ സംഘം സന്ദര്‍ശിക്കും. പ്രതിരോധ കുത്തിവെപ്പെടുക്കാത്തവരില്‍ മലപ്പുറം, കാസര്‍കോട് ജില്ലകളാണ് ഏറ്റവും മുന്നിലുള്ളത്. മലപ്പുറത്ത് 26,336 കുട്ടികള്‍ കുത്തിവെപ്പെടുത്തിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. കാസര്‍കോട് 1279 കുട്ടികളും പ്രതിരോധ കുത്തിവെപ്പെടുത്തിട്ടില്ല. ഡിഫ്തീരിയ കണ്ടെത്തിയതോടെ സംസ്ഥാന വ്യാപകമായി ബോധവതകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. മലപ്പുറം ജില്ലയില്‍ ഒക്‌ടോബര്‍ ഒന്നുമുതലാരംഭിക്കുന്ന രണ്ടാം ഘട്ട പ്രതിരോധകുത്തിവെപ്പ് പരിപാടിയിലൂടെ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത രണ്ട് വയസ്സിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കും.

Latest