Connect with us

Editorial

യുദ്ധക്കുറ്റവാളികളെ വെറുതെ വിടരുത്

Published

|

Last Updated

ശ്രീലങ്കക്കകത്ത് തമിഴ് വംശജര്‍ക്ക് ഒരു “സ്വതന്ത്ര ഈഴ”ത്തിന് വേണ്ടി ആയുധമെടുത്ത തമിഴ് ഈഴം വിമോചന പുലികളുടെ ഉന്മൂലനാശം ശ്രീലങ്കന്‍ സര്‍ക്കാറിന്റെ അടിയുറച്ച നിലപാടായിരുന്നു. അതിന് വേണ്ടി അതിനിന്ദ്യമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയ ശ്രീലങ്കന്‍ സേനയും, സേനക്ക് അതിന് കരുത്ത് പകര്‍ന്ന രാഷ്ട്രീയ നേതൃത്വവും ഇപ്പോള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ പ്രതിക്കൂട്ടിലാണ്. 2009ല്‍ ആഭ്യന്തരയുദ്ധത്തിന്റെ അവസാന നാളുകളില്‍ സേനയും തമിഴ്പുലികളും അഴിച്ച് വിട്ട, ആരെയും നടുക്കുന്ന ക്രൂരതകള്‍ക്ക് പ്രത്യേക അന്താരാഷ്ട്ര കോടതിമുമ്പാകെ ഇരുപക്ഷവും വിചാരണ നേരിടാന്‍ പോകുകയാണ്. അതിനിടയില്‍ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയുടെ (യു എന്‍ എച്ച് ആര്‍ സി) ഒരു അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ബുധനാഴ്ച പുറത്ത് വിട്ടു. യുദ്ധം അവസാനിച്ചിട്ടും എതിരാളികളേയും വിമര്‍ശകരേയും സര്‍ക്കാര്‍ സേന നിര്‍ദ്ദയം അടിച്ചമര്‍ത്തി. സേനക്ക് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങിയ ആയിരക്കണക്കിന് തമിഴ് വംശജരെ പിന്നീടാരും കണ്ടിട്ടില്ല. തടവിലാക്കിയവരെ മൃഗീയമായ ലൈംഗിക പീഡനത്തിന് ഇരകളാക്കി. തടവുകാരെ കൈകാര്യംചെയ്യാന്‍ തടങ്കല്‍പാളയത്തില്‍ ഒരുക്കിയ സന്നാഹങ്ങള്‍ യു എന്‍ എച്ച് ആര്‍ സിയുടെ 261 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്.
രണ്ടര പതിറ്റാണ്ടിലേറെ നീണ്ട യുദ്ധത്തിലെ കുറ്റകൃത്യങ്ങളുടെ വിചാരണക്ക് പ്രത്യേക കോടതി രൂപവത്കരിക്കണമെന്ന യു എന്‍ എച്ച് ആര്‍ സിയുടെ നിര്‍ദ്ദേശം അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുമെന്നും, യുദ്ധക്കുറ്റങ്ങളുടെ കാര്യത്തില്‍ നീതി ഉറപ്പാക്കുമെന്നും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുണ്ട്. യുദ്ധത്തിന്റെ അവസാന നാളുകളില്‍ സേനക്ക് മുന്നില്‍ ആയുധംവെച്ച് കീഴടങ്ങിയവര്‍ പിന്നീട് അപ്രത്യക്ഷരാകുകയായിരുന്നു. “പുലിനേതാവ്” വേലുപ്പിള്ള പ്രഭാകരന്റെ കൗമാരക്കാരനായ മകന്‍ ബാലചന്ദ്രനെ മൃഗീയമായി പീഡിപ്പിച്ച ശേഷം വെടിവെച്ച്‌കൊല്ലുകയായിരുന്നുവെന്ന് സംശയിക്കാന്‍ മതിയായ കാരണമുണ്ട്. പുലി നേതാവ് പ്രഭാകരനെപ്പോലും പിടികൂടി പീഡിപ്പിച്ച ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു. അന്താരാഷ്ട്ര ജഡ്ജിമാരും അഭിഭാഷകരും അന്വേഷകരും ഉള്‍പ്പെടുന്ന പ്രത്യേക കോടതിമുമ്പാകെ വരാനിരിക്കുന്ന വസ്തുതകള്‍ അങ്ങേയറ്റം വേദന ഉളവാക്കുന്നതായിരിക്കുമെന്ന് ഉറപ്പാണ്. കൊച്ചു കുട്ടികളെ പട്ടാളത്തില്‍ ചേര്‍ത്ത് അവരേയും സ്ത്രീകളേയും സേനക്ക് മുന്നില്‍ മനുഷ്യമറയാക്കി ഉപയോഗിച്ച എല്‍ ടി ടി ഇയുടെ ചെയ്തികള്‍ മനുഷ്യാവകാശങ്ങള്‍ മാത്രമല്ല, മനുഷ്യത്വം പോലുമില്ലാത്തതായിരുന്നു.
തമിഴ് വംശജരെ പീഡിപ്പിക്കുന്നതില്‍ രസം കണ്ടെത്തിയിരുന്ന അന്നത്തെ പ്രസിഡണ്ട് മഹിന്ദ രാജപക്‌സെ, സിംഹളരുടെ വീരനായകനായെങ്കിലും കഴിഞ്ഞ ജനുവരിയില്‍ നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. അതോടെ രാഷ്ട്രീയമായ ഒരു തിരിച്ചുവരവ് രാജപക്‌സെക്ക് ലങ്കന്‍ ജനത നിഷേധിക്കുകയായിരുന്നു. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ കാലത്തിന്റെ ചുവരെഴുത്ത് വായിച്ച നേതാവാണെന്ന് വേണം കരുതാന്‍. വംശീയ പ്രശ്‌നത്തിന് രാഷ്ട്രീയമായ പരിഹാരം വേണമെന്ന് വാദിക്കുന്ന അദ്ദേഹം ഇത് നാലാം തവണയാണ് പ്രധാനമന്ത്രിയാകുന്നത്. പ്രസിഡണ്ട് മൈത്രിപാല സിരിസേനയും വിക്രമസിംഗെയുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന നേതാവാണ്. പതിനാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും അധികാരത്തില്‍ വന്ന യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യു എന്‍ പി)ക്ക് ജനാഭിലാഷം പാലിക്കാനാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
അയല്‍ രാജ്യങ്ങളുമായി ഈടുറ്റ സൗഹൃദബന്ധം ആഗ്രഹിക്കുന്ന ഇന്ത്യക്ക് ഇതൊരു പരീക്ഷണകാലമാണ്. ശ്രീലങ്കയെ പോലെ തന്നെ ഇന്ത്യയുടെ ഏറ്റവും അടുത്ത അയല്‍ രാജ്യമായ പാക്കിസ്ഥാനുമായുള്ള ബന്ധവും കലുഷിതമാണ്. അതിര്‍ത്തിയില്‍ അടുത്ത കാലത്തായി നിരന്തരം സംഘര്‍ഷമുണ്ടാകുന്നു. സാര്‍ക്, ബ്രിക്‌സ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിലും ഇന്ത്യക്ക് പഴയ സ്വീകാര്യതയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അമേരിക്കന്‍ പക്ഷത്തേക്ക് പ്രകടമായ ചായ്‌വ് കാണിക്കുന്നതാണ് ഇന്ത്യയുടെ നിലപാടുകള്‍. അമേരിക്കയുടെ “ഡമ്മി”യെന്ന് വിശേഷിപ്പിക്കുന്ന ഇസ്‌റാഈലുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഫലസ്തീനെപ്പോലും ഇന്ത്യ തള്ളിപ്പറഞ്ഞത് ഇന്ത്യയുടെ പ്രതിഛായയും സ്വീകാര്യതയും നഷ്ടപ്പെടുത്തിയ ഘടകങ്ങളാണെന്ന് ചൂണ്ടിക്കാണിക്കാതെ വയ്യ.

Latest