സുരക്ഷാ ബില്ലിന് ജപ്പാന്‍ പാര്‍ലിമെന്റിന്റെ അംഗീകാരം

Posted on: September 19, 2015 11:19 pm | Last updated: September 19, 2015 at 11:19 pm

JAPAN1-articleLargeടോക്കിയോ: വിദേശ രാജ്യങ്ങളിലെ യുദ്ധമുഖങ്ങളിലേക്ക് സൈന്യത്തെ അയക്കുന്നതിന് നിയമപ്രാബല്യം നല്‍കുന്ന പുതിയ ബില്‍ ജപ്പാന്‍ പാര്‍ലിമെന്റ് അംഗീകരിച്ചു. നീണ്ട വാഗ്വാദങ്ങള്‍ക്കും പ്രതിപക്ഷ വിമര്‍ശത്തിനും വിധേയമായതിന് ശേഷമാണ് ബില്‍ പാസ്സാക്കിയത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജപ്പാന്‍ സൈന്യം വിദേശയുദ്ധമുഖങ്ങളില്‍ പങ്കെടുത്തിരുന്നില്ല. പാര്‍ലിമെന്റില്‍ പ്രതിപക്ഷം ശക്തമായി തന്നെ ഈ നീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു. സ്വന്തം പ്രതിരോധത്തിന് വേണ്ടി മാത്രം മറ്റു രാജ്യങ്ങളിലേക്ക് സൈന്യത്തെ അയക്കാവുന്ന നിയമമാണ് ഇപ്പോള്‍ പാര്‍ലിമെന്റ് പാസ്സാക്കിയത്. കഴിഞ്ഞ ജൂലൈയില്‍ അധോസഭയില്‍ ഈ നിയമം പാസ്സാക്കിയെടുത്തിരുന്നു. ഇതേതുടര്‍ന്ന് രാജ്യത്തിന്റെ സുരക്ഷയില്‍ ഉത്കണ്ഠ സൃഷ്ടിച്ച് സൈന്യത്തെ വിദേശങ്ങളിലേക്കയക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി അരങ്ങേറിയിരുന്നു. പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ നേതൃത്വത്തിലുള്ള ഭരണപക്ഷം സുരക്ഷാ ബില്ലിനെ പിന്തുണക്കുന്നവരാണ്. ഷിന്‍സോ ആബെക്കെതിരെ വ്യാപകമായ പ്രതിഷേധവും അരങ്ങേറിയിരുന്നു. രാജ്യത്ത് നടന്ന സര്‍വേകളില്‍ പുതിയ ബില്ലിനെതിരെയാണ് പൊതുവികാരം. കഴിഞ്ഞ ദിവസം പ്രതിഷേധവുമായി നൂറുകണക്കിന് പേര്‍ പാര്‍ലിമെന്റിന് പുറത്ത് ഒരുമിച്ചുകൂടിയിരുന്നു. പ്രതിരോധ ആവശ്യങ്ങള്‍ക്കായി രാജ്യത്തിന്റെ സൈന്യത്തെ പുറം രാജ്യങ്ങളിലേക്ക് അയക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അമേരിക്കയെ പോലെ യുദ്ധം നയിക്കുന്ന രാജ്യമായി ജപ്പാന്‍ മാറുമെന്നും വിമര്‍ശകര്‍ വിലയിരുന്നു.