ദുബൈയില്‍ നിന്നു മംഗലാപുരത്തേക്ക് പുറപ്പെട്ട വിമാനം ഇറങ്ങിയത് കരിപ്പൂരില്‍

Posted on: September 19, 2015 6:21 pm | Last updated: September 19, 2015 at 6:21 pm

Karipur-International-airport-Bദുബൈ: ദുബൈയില്‍ നിന്നു മംഗലാപുരത്തേക്കു പുറപ്പെട്ട വിമാനം ഇറങ്ങിയത് കരിപ്പൂര്‍ വിമാനത്താവളത്തില്‍. യാത്രക്കാരുടെ ബഹളത്തെ തുടര്‍ന്ന് ഒരു മണിക്കൂറിനുശേഷം തിരിച്ചു മംഗലാപുരത്തേക്ക് വിമാനം പറന്നു.
എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയത്. വ്യാഴം രാത്രിയായിരുന്നു സംഭവം. നിറയെ യാത്രക്കാരുമായി ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നായിരുന്നു വിമാനം മംഗലാപുരത്തേക്ക് പറന്നത്. യു എ ഇ സമയം രാത്രി 11.30ഓടെയായിരുന്നു പുറപ്പെട്ടത്. എന്നാല്‍ മംഗലാപുരത്ത് എത്തിയപ്പോള്‍ വിമാനം താഴെയിറങ്ങിയില്ല. ഏറെ നേരം ആകാശത്ത് വട്ടമിട്ട് കറങ്ങിയശേഷം കോഴിക്കോട്ടേക്കുതിരിക്കുകയും കരിപ്പൂരില്‍ ഇറങ്ങുകയുമായിരുന്നുവത്രെ. കാരണം വ്യക്തമാക്കാതിരുന്നത് മലയാളികളടക്കമുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്കും മറ്റും അടിയന്തിരമായി നാട്ടിലേക്ക് പുറപ്പെട്ടവരായിരുന്നു യാത്രക്കാരില്‍ പലരും. എന്നാല്‍ പ്രതികൂല കാലാവസ്ഥമൂലമാണ് മംഗലാപുരത്ത് ഇറങ്ങാന്‍ കഴിയാതിരുന്നതെന്ന് പിന്നീട് അറിയിപ്പ് ലഭിച്ചതായി യാത്രക്കാരിലൊരാളായ എം എ ലത്വീഫ് പറഞ്ഞു. എപ്പോള്‍ തിരിച്ചു പുറപ്പെടുമെന്നാരാഞ്ഞപ്പോള്‍ കാത്തിരിക്കാനായിരുന്നുവത്രെ ബന്ധപ്പെട്ടവരില്‍ നിന്നു ലഭിച്ച നിര്‍ദ്ദേശമെന്നും ലത്വീഫ് വ്യക്തമാക്കി. തന്റെ മാതാവിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനായി ബന്ധുവിനോടൊപ്പം നാട്ടിലേക്ക് തിരിച്ചതായിരുന്നു ലത്വീഫ്. എന്നാല്‍ ഏറെ കഴിഞ്ഞിട്ടും വിമാനം പുറപ്പെടുന്നതിനുള്ള യാതൊരു സൂചനകളും കണ്ടില്ലത്രെ. ഇതേ തുര്‍ന്ന് ക്ഷുഭിതരായ യാത്രക്കാര്‍ ബഹളം വെച്ചതോടെ ഒരു മണിക്കൂറിനുശേഷം മംഗലാപുരത്തേക്കു പുറപ്പെടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാല് മണിക്ക് മംഗലാപുരത്ത് ഇറങ്ങേണ്ട വിമാനം എട്ട് മണിയോടെയാണ് ഇറങ്ങിയതെന്നും യാത്ര വൈകിയത് മൂലം താനടക്കമുള്ള യാത്രക്കാര്‍ ഏറെ പ്രയാസപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാനം വൈകിയതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ ബന്ധുക്കളെ സ്വീകരിക്കാനെത്തിയവരും ഏറെ വിഷമിച്ചു. വിമാനത്തിനു എന്തു സംഭവിച്ചുവെന്നറിയാതെ അവര്‍ ആശങ്കപ്പെട്ടു.
അതേസമയം, ഈ വിമാനത്തിനു തൊട്ടുമുമ്പ് എത്തിയ വിമാനങ്ങളെല്ലാം കൃത്യസമയത്ത് മംഗലാപുരത്ത് ഇറങ്ങിയതായി ബന്ധുക്കളെ സ്വീകരിക്കാനെത്തിയവര്‍ പറഞ്ഞു.