കിംഗ് ഫൈസല്‍ റോഡ് ഭാഗികമായി തുറന്നു

Posted on: September 19, 2015 6:16 pm | Last updated: September 19, 2015 at 6:16 pm

AR-309189847ഷാര്‍ജ: അറ്റകുറ്റപണികളുടെ ഭാഗമായി രണ്ട് മാസം മുമ്പ് അടച്ച കിംഗ് ഫൈസല്‍ റോഡ് ഭാഗികമായി തുറന്നു. റോഡിന്റെ ഷാര്‍ജയില്‍ നിന്ന് ദുബൈക്കുള്ള ഭാഗമാണ് തുറന്നത്. അതേ സമയം റോഡിന്റെ എതിര്‍ ദിശ അറ്റകുറ്റ പണികളുടെ ഭാഗമായി വ്യാഴാഴ്ച മുതല്‍ അടച്ചിരിക്കയാണ്. ദുബൈയില്‍ നിന്ന് ഷാര്‍ജക്കുള്ള ഭാഗമാണ് മൂന്നു മാസത്തേക്ക് അടച്ചത്. റോഡിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റോഡ് അടച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. രണ്ടു ദിശകളിലും രണ്ട് കിലോ മീറ്റര്‍ നീളത്തിലാണ് റോഡ് അറ്റകുറ്റ പണി നടത്തുന്നത്. 1.48 കോടി ദിര്‍ഹമാണ് ഇതിനായി ചെലവഴിക്കുന്നത്. ഇതിനോട് 40 ലക്ഷം ദിര്‍ഹം കൂടി കൂടുതലായി ചെലവഴിക്കുമെന്ന് റോഡിന്റെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
റോഡ് ഭാഗികമായി തുറന്നത് ഈ റൂട്ടില്‍ യാത്രചെയ്യുന്നവര്‍ക്ക് ഏറെ അനുഗ്രഹമായിട്ടുണ്ട്. അതേസമയം റോഡിന്റെ എതിര്‍ ദിശ അടച്ചത് ഇതുവഴിയുള്ള യാത്ര ദുരിതത്തിലാക്കുമെന്നാണ് കരുതുന്നത്. ഇവിടെ ഉണ്ടാവുന്ന ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാവണമെങ്കില്‍ കൂടുതല്‍ സമാന്തര പാതകള്‍ ആവശ്യമാണെന്ന് മേഖലയിലെ താമസക്കാരില്‍ ഒരാളായ അധ്യാപകന്‍ വഫാ സഖര്‍ അഭിപ്രായപ്പെട്ടു. റോഡ് അടച്ചത് യാത്ര ദുരിതമാക്കുമെന്ന് കോണ്‍ട്രാക്ടറായ ശെരീഫ് അല്‍ വക്കീലും പറഞ്ഞു.
കിംഗ് ഫൈസല്‍ പാലത്തിനെയും കിംഗ് ഫൈസല്‍ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന രണ്ടു കിലോമീറ്റര്‍ നീളമുള്ള ഭാഗമാണ് തുറന്നിരിക്കുന്നത്. ഇതോടെ അല്‍ ഖാസിമിയ മേഖലയിലെ വാഹന ഗതാഗതം സുഗമമായി. ദുബൈയുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫൈസല്‍ സ്ട്രീറ്റിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായാല്‍ അടുത്ത വര്‍ഷം ആദ്യം അജ്മാനിലേക്കുള്ള കിംഗ് ഫൈസല്‍ സ്ട്രീറ്റിന്റെ ഭാഗത്തെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കും.
ഡിസംബര്‍ 31 വരെയാവും കിംഗ് ഫൈസല്‍ സ്ട്രീറ്റിന്റെ ദുബൈ ദിശയിലുള്ള ഭാഗത്തിന്റെ അറ്റകുറ്റപണികള്‍ നടക്കുക. കഴിഞ്ഞ വര്‍ഷം കോര്‍ണിഷ് സ്ട്രീറ്റിലും സമാനമായ അറ്റകുറ്റ ജോലികള്‍ നടത്തിയിരുന്നു.