ഫോര്‍ട്ട് കൊച്ചി ബോട്ടപകടം: കൊച്ചി നഗരസഭയില്‍ പ്രതിഷേധം

Posted on: September 19, 2015 12:05 am | Last updated: September 18, 2015 at 11:53 pm

chn mayor  council halകൊച്ചി: ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൊച്ചി മേയര്‍ ടോണി ചമ്മിണിയെ കോര്‍പറേഷന്‍ ഹാളില്‍ പത്തുമണിക്കൂറിലേറെ തടഞ്ഞുവെച്ചു. എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ കാര്യാലയവും മുന്നിലുള്ള റോഡും ഉപരോധിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ ആരംഭിച്ച ഉപരോധം അനിശ്ചിതമായി നീണ്ടതിനെ തുടര്‍ന്ന് രാത്രി ഒമ്പത് മണിയോടെ പോലീസ്, പ്രവര്‍ത്തകരെയും കൗണ്‍സിലര്‍മാരെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് മേയറെ മോചിപ്പിച്ചു.
സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ പ്രാരംഭ പ്രഖ്യാപനത്തിനായി ചേര്‍ന്ന നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗം തുടങ്ങിയ ഉടന്‍ പുറത്ത് അഞ്ച് ദിവസമായി പ്രതിപക്ഷ നേതാവ് കെ ജെ ജേക്കബും കൗണ്‍സിലര്‍ സി എ ഷക്കീറും നടത്തുന്ന നിരാഹാരസമരത്തിന് പരിഹാരം ഉണ്ടാക്കാതെ ഒരു പദ്ധതിയും അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം കൗണ്‍സില്‍ യോഗം സ്തംഭിപ്പിക്കുകയായിരുന്നു. അധ്യക്ഷ വേദിയില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയ മേയറെ ഓടിയെത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തടഞ്ഞുവെച്ചു. ഉച്ചവരെ അദ്ദേഹത്തെ കസേരയില്‍ നിന്ന് നീങ്ങാന്‍ പോലും അനുവദിച്ചില്ല.
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാതെ മേയറെ പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രതിപക്ഷം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ പിടിവാശിക്ക് വഴങ്ങുന്ന പ്രശ്‌നമില്ലെന്ന നിലപാടിലേക്ക് ഭരണപക്ഷവും നീങ്ങിയതോടെ പ്രതിസന്ധി നീളുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മേയര്‍ വിവരങ്ങള്‍ ധരിപ്പിച്ചതിനെ തുടര്‍ന്ന് അനുരഞ്ജനത്തിനായി ഇടപെടാന്‍ മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞിനെ അദ്ദേഹം ചുമതലപ്പെടുത്തി. എന്നാല്‍ ഒരു ചര്‍ച്ചക്കുമില്ലെന്ന പ്രതിപക്ഷ നിലപാടിന് മുന്നില്‍ ഈ നീക്കം വിഫലമായി.
അടുത്ത മന്ത്രിസഭാ യോഗം ജുഡീഷ്യല്‍ അന്വേഷണത്തിന്റെ കാര്യം തീരുമാനിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന രാത്രി ഒമ്പത് മണിയോടെ എത്തി. ഇതിന് പിന്നാലെ പോലീസ് നടപടിയും തുടങ്ങി. ആദ്യം ഗേറ്റിന് പുറത്ത് ഉപരോധം തീര്‍ത്ത പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ പോലീസ് തുടര്‍ന്ന് കൗണ്‍സില്‍ ഹാളില്‍ കടന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരെയും അറസ്റ്റ് ചെയ്തു നീക്കി.