എം ജി വിസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

Posted on: September 19, 2015 4:36 am | Last updated: September 18, 2015 at 11:39 pm

babu sebastianകോട്ടയം: എം ജി യൂനിവേഴ്‌സിറ്റിയില്‍ വൈസ് ചാന്‍സലറും പ്രൊ വൈസ് ചാന്‍സലറും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. പി വി സി ഡോ. ഷീനാ ഷുക്കൂര്‍ ദുബൈ യാത്രയില്‍ നടത്തിയ പ്രസംഗം വിവാദമായതിനു പിന്നാലെയാണ് വി സിക്കെതിരെ സിന്‍ഡിക്കേറ്റിലെ ഒരുവിഭാഗം അംഗങ്ങള്‍ അഴിമതി ആരോപണങ്ങളുമായി രംഗത്തെത്തിയത്. തലസ്ഥാനത്ത് കോറിഡോര്‍ പൊളിറ്റിക്‌സ് കളിക്കുന്ന വി സി ഡോ. ബാബു സെബാസ്റ്റിയന്‍ സര്‍വകലാശാലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് യു ഡി എഫ് അനുകൂലികളായ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കോണ്‍ഗ്രസ് ഐ വിഭാഗത്തിന്റെയും ലീഗിന്റെയും പ്രതിനിധികളായ പി കെ ഫിറോസ്, ഡോ. സോമശേഖരനുണ്ണി, പ്രൊഫ. ബി സുശീലന്‍, പ്രൊഫ. സി എച്ച് അബ്ദുല്‍ ലത്തീഫ്, ഡോ. കെ പി നാരായണക്കുറുപ്പ് എന്നിവരാണ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ഇന്ന് ചേരുന്ന എം ജി സിന്‍ഡിക്കേറ്റ് യോഗത്തില്‍ വി സിയുടെ നടപടികളെ ചോദ്യം ചെയ്യുമെന്നും ഗവര്‍ണര്‍, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരെ വിവരം ധരിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.
സര്‍വകലാശാലയുടെ പ്രധാന വരുമാന മാര്‍ഗമായിരുന്ന ഓഫ് ക്യാമ്പസ് സെന്ററുകള്‍ പൂട്ടാന്‍ വി സി വ്യാജ റിപ്പോര്‍ട്ട് ചമച്ചെന്ന ഗുരുതര ആരോപണവും അവര്‍ ഇന്നയിച്ചു. വി സി ഇതിന് റജിസ്ട്രാറെയും കൂട്ടുപിടിച്ചു. ഈ വ്യാജ റിപ്പോര്‍ട്ട് ഉപയോഗിച്ച് ഗവര്‍ണറെയും സര്‍ക്കാറിനെയും ഇവര്‍ തെറ്റിധരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കെ എം എബ്രഹാമിനും ഇതില്‍ പങ്കുണ്ട്. സിന്‍ഡിക്കേറ്റ് തീരുമാനത്തെ മറികടന്നായിരുന്നു വി സിയുടെ നടപടി. ഇവിടങ്ങളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ വൈവക്കും പ്രാക്ടിക്കലിനുമായി ദൂരെയുള്ള കേന്ദ്രങ്ങളില്‍ പോകേണ്ടി വരികയാണ്. സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്ഥനായ വി സി അത് തുടര്‍ച്ചയായി ലംഘിക്കുന്നു.
പി വി സി ഡോ. ഷീനാ ഷുക്കൂറിന്റെ ദുബൈ പ്രസംഗം വിവാദമാക്കിയത് വി സിയാണ്. പാലായില്‍ ഗവര്‍ണര്‍ പങ്കെടുത്ത യോഗസ്ഥലത്തേക്ക് പി വി സിക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി-എ ബി വി പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സ്‌പോണ്‍സര്‍ ചെയ്തത് ഡോ. ബാബു സെബാസ്റ്റിയനാണെന്ന് സിന്‍ഡിക്കേറ്റംഗം പി കെ ഫിറോസ് പറഞ്ഞു. വി സിയായി ബാബു സെബാസ്റ്റിയനെ നിയമിച്ചത് നേരത്തെ ബി ജെ പി ചോദ്യം ചെയ്തിരുന്നു. ഇവരെ തൃപ്തിപ്പെടുത്താനുള്ള കളികളാണ് ഇപ്പോള്‍ വി സി നടത്തിക്കൊണ്ടിരിക്കുന്നത്. പി വി സിക്ക് എതിരായ നീക്കങ്ങള്‍ ഇതിന്റെ ഭാഗമായാണ്. പി വി സിക്കുള്ള സ്റ്റാറ്റിയൂട്ടറി അധികാരങ്ങള്‍ പോലും കവര്‍ന്നെടുത്ത് റജിസ്ട്രാര്‍ക്ക് നല്‍കി.
വി സി ഓഫീസില്‍ വരാതെ വീട്ടിലിരുന്നാണ് ഫയല്‍ നോക്കുന്നത്. ഇതുമൂലം സര്‍വകലാശാലയില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ വിസിയെ കാണാന്‍ സാധിക്കുന്നില്ല. സര്‍വകലാശാലയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നടപ്പാക്കിയ ബയോമെട്രിക് പഞ്ചിഗ് സംവിധാനം പ്രവര്‍ത്തനരഹിതമാണ്. സിന്‍ഡിക്കേറ്റ്, ജീവനക്കാര്‍ എന്നിവരുമായി ചര്‍ച്ച ചെയ്യാതെ ഈ സംവിധാനം നടപ്പാക്കിയതിന് പിന്നില്‍ അഴിമതിയുണ്ട്. ഓപ്പണ്‍ ടെന്‍ഡര്‍ ക്ഷണിക്കാതെ ഹൈ സെക്യൂരിറ്റി സര്‍ട്ടിഫിക്കറ്റ് സംവിധാനം നടപ്പാക്കാന്‍ വിസി ശ്രമിക്കുന്നതും അഴിമതി ലക്ഷ്യമിട്ടാണ്. സര്‍വകലാശാലയിലെ ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്ററുകള്‍ അടച്ചു പൂട്ടുന്നതിനാണ് വി സി നേതൃത്വം നല്‍കുന്നത്. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സിന് വേണ്ടി നീക്കി വെച്ച 3.65 കോടി രൂപ സിന്‍ഡിക്കേറ്റിനെ അറിയിക്കാതെ വി സി വകമാറ്റിയത് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ALSO READ  എം ജി രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റി