Connect with us

Kozhikode

ജ്വല്ലറി കവര്‍ച്ചാ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തത് സാഹസികമായി

Published

|

Last Updated

താമരശ്ശേരി; മുക്കത്തെ ജ്വല്ലറി കവര്‍ച്ചയിലെ പ്രധാന പ്രതിയെ ഒരുമാസത്തിനകം പിടികൂടിയത് അതി സാഹസികമായി. പശ്ചിമബംഗാള്‍ പോലീസ് പോലും കടന്നുചെല്ലാന്‍ മടിക്കുന്ന മാള്‍ഡ ജില്ലയിലെ മില്‍ക്കി കോളനിയില്‍ നിന്നാണ് ഝാര്‍ഖണ്ഡ് സ്വദേശിയായ കൃഷ്ണാ രബിദാസിനെ(27) കൊടുവള്ളി സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കീഴ്‌പെടുത്തിയത്.
സി ഐ യുടെയും താമരശ്ശേരി ഡി വൈ എസ് പി. ആര്‍ ശ്രീകുമാറിന്റെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വി കെ സുരേഷ്, പി ബിജു, പി അബ്ദുല്‍ റഷീദ്, ഷിബില്‍ ജോസഫ്, ഹോം ഗാര്‍ഡായ വിമുക്ത ഭടന്‍ എം ടി രജീന്ദ്രന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. റൂറല്‍ എസ് പി. പി എച് അഷ്‌റഫിന്റെയും താമരശ്ശേരി ഡി വൈ എസ് പി. ആര്‍ ശ്രീകുമാറിന്റെയും മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. കേരളത്തില്‍ നടന്ന സമാന മോഷണങ്ങളുടെ വിവരം ശേഖരിച്ച് അതിലെ പ്രതികളെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശാസ്ത്രീയമായ അന്വേഷണത്തില്‍ ലഭിച്ച ചെറിയ സൂചനകളാണ് കേസിന്റെ വഴിത്തിരിവായത്. പോലീസിലെ സാങ്കേതിക വിദഗ്ദന്‍ ടി പി വിജേഷിന്റെ സേവനവും ഉപയോഗപ്പെടുത്തി.
പശ്ചമ ബംഗാളിലെ മാള്‍ഡ ജില്ലയിലെ മില്‍ക്കി കോളനിയിലെ ഭാര്യ വീട്ടില്‍ പ്രതി ഒളിവില്‍ കഴിയുന്നവെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് സംഘം ഈ വീട് നിരീക്ഷിച്ചു. പ്രതി വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്തി വീട്ടില്‍ ഇരച്ച് കയറിയതോടെ പ്രതി സമീപത്തെ പുഴയില്‍ ചാടി. ജീവന്‍പോലും പണയം വെച്ച് പോലീസ് സംഘവും പുഴയില്‍ ചാടി വെള്ളത്തില്‍വെച്ചാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. നിമിഷങ്ങള്‍ക്കകം നൂറുകണക്കായ ഗ്രാമവാസികള്‍ പോലീസിനെ വളഞ്ഞു. നാട്ടില്‍ മാന്യമായി ജീവിക്കുന്ന കൃഷ്ണാ രബിദാസിനെ പിടികൂടിയത് മാവോയിസ്റ്റ് സംഘമാണെന്ന് പ്രചരിച്ചതോടെ ഗ്രാമവാസികള്‍ പോലീസിനെ അപായപ്പെടുത്താനും ശ്രമിച്ചു. സ്ഥലത്തെത്തിയ പശ്ചിമ ബംഗാള്‍ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കി കേരളത്തിലെത്തിച്ചത്. മൂവായിരം കിലോമീറ്ററിലധികം ദൂരത്തുള്ള പ്രതിയെ പിടികൂടി കേരളത്തിലെത്തിക്കാന്‍ പോലീസിന് 15 ദിവസം തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടി വന്നു.

Latest