ജ്യോതിശാസ്ത്ര പഠനങ്ങള്‍ക്കായി ആസ്‌ട്രോസാറ്റ് 28ന് കുതിക്കും

Posted on: September 17, 2015 5:45 am | Last updated: September 17, 2015 at 12:46 pm

ബെംഗളൂരു: ജ്യോതിശാസ്ത്ര പഠനങ്ങള്‍ക്കായുള്ള ഉപഗ്രഹമായ ആസ്‌ട്രോസാറ്റിന്റെ വിക്ഷേപണം ഈ മാസം 28ന് നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു.
പി എസ് എല്‍ വി സി-30 ആകും ആസ്‌ട്രോസാറ്റിനെയും വഹിച്ചു കൊണ്ട് കുതിക്കുക. 28ന് പത്ത് മണിക്കാണ് വിക്ഷേപണമെന്ന് ഐ എസ് ആര്‍ ഒ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ദേവീപ്രസാദ് കാര്‍ണിക് പറഞ്ഞു. ഉപഗ്രഹത്തിന്റെ അസംബ്ലിംഗ് ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഇന്തേനേഷ്യ, കാനഡ എന്നിവയില്‍ നിന്നായി ഒരോ ഉപഗ്രഹങ്ങള്‍ കൂടി ആസ്‌ട്രോസാറ്റില്‍ ഉണ്ടാകും. അമേരിക്കയില്‍ നിന്നുള്ള നാല് നാനോ ഉപഗ്രഹങ്ങളും ഉണ്ടാകും. ഇവയെല്ലാം സതീഷ് ധാവന്‍ സ്‌പേസ് സെന്ററില്‍ എത്തിക്കഴിഞ്ഞിട്ടുണ്ടെന്നും കാര്‍ണിക് പറഞ്ഞു.
പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സാറ്റലൈറ്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റത്തില്‍ കയറ്റി കഴിഞ്ഞ മാസം 16ന് ആസ്‌ട്രോസാറ്റിനെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ എത്തിച്ചിരുന്നു. അള്‍ട്രാ വയലറ്റ് രശ്മിയിലും പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതാണ് ആസ്‌ട്രോസാറ്റ് ദൗത്യം. ആസ്‌ട്രോസാറ്റില്‍ നാല് എക്‌സ്‌റേ പേലോഡുകള്‍ ഉണ്ട്. ഐ എസ് ആര്‍ ഒക്ക് പുറമേ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ്, ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ്, രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ട് എന്നിവ കൂടി പേലോഡുകള്‍ വികസിപ്പിക്കുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്.
രണ്ട് പോലോഡുകള്‍ വികസിപ്പിക്കുന്നതിന് കനേഡിയന്‍ സ്‌പേസ് ഏജന്‍സിയുടെയും ബ്രിട്ടനിലെ ലീസസ്റ്റര്‍ സര്‍വകലാശാലയുടെയും സഹായം തേടിയെന്നും ഐ എസ് ആര്‍ ഒ വ്യക്തമാക്കിയിരുന്നു.