കസ്റ്റഡി പ്രതി മജിസ്‌ട്രേറ്റിന് നേരെ ചെരിപ്പെറിഞ്ഞു

Posted on: September 17, 2015 12:40 pm | Last updated: September 17, 2015 at 12:40 pm

കൊച്ചി: തോപ്പുംപടിയിലെ കൊച്ചി കോടതിയില്‍ കസ്റ്റഡി പ്രതി മജിസ്‌ട്രേറ്റിന് നേരെ ചെരിപ്പെറിഞ്ഞു. കൊച്ചി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ രാവിലെയാണ് സംഭവം. ഇടക്കൊച്ചി സ്വദേശി എഡ്വേര്‍ഡ് വിജയന്‍(52)ആണ് മജിസ്‌ട്രേറ്റ് രഹന സജീവന് നേരെ ചെരിപ്പെറിഞ്ഞത്. രാവിലെ കോടതി നടപടി തുടങ്ങിയ ശേഷം എഡ്വേര്‍ഡ് പ്രതിയായ കേസിന്റെ വിചാരണാ നടപടികള്‍ക്കായി കോടതിയില്‍ കയറിയപ്പോഴാണ് വലത് കാലിലെ ചെരിപ്പൂരി മജിസ്‌ട്രേറ്റിന് നേരെ ഇയാള്‍ എറിഞ്ഞത്. നിങ്ങളെന്നെ തൂക്കിക്കൊന്നോളൂവെന്ന് പറഞ്ഞാണത്രെ പ്രതി ചെരിപ്പേറ് നടത്തിയത്. ചെരിപ്പ് സമീപത്തെ ബഞ്ച് ക്ലാര്‍ക്കിന്റെയടുത്താണ് പതിച്ചത്.
നിരവധി ക്രിമിനല്‍ കേസുകളുള്ള എഡ്വേര്‍ഡ് പ്രതിയായ അടിപിടി കേസിലെ വിചാരണയാണ് നടന്നത്. കഴിഞ്ഞ മാസം നടന്ന സിറ്റിംഗില്‍ തനിക്ക് സ്വന്തം ജാമ്യം അനുവദിക്കണമെന്ന് എഡ്വേര്‍ഡ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. കൊച്ചി മുന്‍സിഫായിരുന്ന രഹന സജീവന്‍ പത്ത് ദിവസം മുമ്പാണ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായി ചുമതലയേറ്റത്. ഇതിനിടെയാണ് ചെരിപ്പേറ് സംഭവം നടന്നത്. മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാണ് പ്രതി ചെരിപ്പേറ് പ്രകടനം നടത്തിയതെന്നാണ് സൂചന. സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തതായാണ് വിവരം.