Connect with us

Wayanad

കമ്പമലയിലെ തേയിലത്തോട്ടം തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്‌

Published

|

Last Updated

തലപ്പുഴ: മൂന്നാറിലെ തൊഴിലാളികള്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഉചിതമായ തീരുമാനമെടുത്ത സര്‍ക്കാര്‍ സ്വന്തം ഉടമസ്ഥതയിലുള്ള തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തില്‍ നിന്ന് പുറം തിരിഞ്ഞ് നില്‍ക്കുന്നുവെന്ന് കമ്പമല തേയിലത്തോട്ടം തൊഴിലാളികള്‍ ആരോപിച്ചു. ഇതിനെതിരെ പ്രത്യക്ഷസമരത്തിന് ഒരുമ്പെട്ടിരിക്കുയാണ് തൊഴിലാളികള്‍. കേരള വനവികസന കോര്‍പ്പറേഷന് കീഴിലുള്ള കമ്പമലയിലെ തേയിലത്തോട്ടം തൊഴിലാളികള്‍ മതിയായ ശമ്പളമോ അടിസ്ഥാന സൗകര്യങ്ങളോ നല്‍കാതെ സര്‍ക്കാര്‍ അടിമകളെ പോലെ വേലചെയ്യിക്കുകയാണെന്നും തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.
മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനത്തിന്റെ കാഴ്ചകളാണ് കമ്പമല തേയിലത്തോട്ടത്തിലെത്തിയാല്‍ കാണാന്‍ കഴിയുക. തകര്‍ന്ന് കിടക്കുന്ന പാടികള്‍, വൃത്തിയുള്ള ശൗചാലയങ്ങളില്ല, നടക്കാന്‍ നല്ല വഴിയുമില്ല. മാസം മുഴുവന്‍ പൊരിവെയിലത്തും കനത്തമഴയത്തും അന്തിയോളം പണിയെടുത്താല്‍ ശമ്പളം കിട്ടാനായി കാത്തിരിക്കണം. ബോണസ്സാകട്ടെ വളരെ തുച്ഛവും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പമലയിലെ തേയിലത്തോട്ടത്തില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് മിനിമം ബോണസ്സായി നല്‍കുന്നത് 8.33 ശതമാനം. അത് കിട്ടാന്‍ സര്‍ക്കാറിന്റെ കനിവിനായി കാക്കുകയും വേണം. ഇങ്ങിനെ അവഗണനയുടെ നീറ്റലുള്ള കഥകളാണ് ഇവിടുത്തെ തൊഴിലാളികള്‍ക്ക് പറയാനുള്ളത്.
നിലവില്‍ 230 രൂപയാണ് ഒരു ദിവസത്തെ കൂലി. ആഴ്ചയില്‍ ഇരുനൂറ് രൂപ നല്‍കും. ഇതുകൊണ്ട് എങ്ങിനെ ഇക്കാലത്ത് ജീവിച്ച് പോകുമെന്നാണ് ഇവരുടെ ചോദ്യം.കമ്പമലയിലെ തൊഴിലാളികളുടെ ദയനീയാവസ്ഥ സര്‍ക്കാര്‍ ബോധപൂര്‍വ്വം കണ്ടില്ലെന്ന് വെക്കുകയാണെന്ന് ബി എം എസ് സംസ്ഥാന നേതാവ് അച്യുതന്‍ കുറ്റപ്പെടുത്തുന്നു.
തൊഴിലാളികള്‍ക്ക് ബോണസ് ഇരുപത് ശതമാനമാക്കണം കൂലി പ്രതിദിനം അഞ്ഞൂറ് രൂപയാക്കണമെന്നും അച്യുതന്‍ ആവശ്യപ്പെട്ടു.അറുപത്തിയാറ് സ്ഥിരം തൊഴിലാളികളും നൂറ്റി മുപ്പത്തിയാറ് താത്കാലിക തൊഴിലാളികളുമാണ് കമ്പമലയിലെ തോട്ടത്തില്‍ തൊഴിലെടുക്കുന്നത്. ഇതില്‍ താത്കാലിക തൊഴിലാളികള്‍ക്ക് ജോലിയില്ലാതായിട്ട് മൂന്ന് മാസമായി. ഇവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെയും ഒരു തീരുമാനവുമെടുത്തിട്ടില്ല. അറുപത്തിയാറ് തൊഴിലാളികള്‍ ചേര്‍ന്ന് നുള്ളിയെടുക്കുന്ന ചപ്പ് മൂത്ത് നശിച്ച് പോവകുയാണ്.
ജീവിത വെല്ലുവിളികളെ തരണം ചെയ്യാന്‍ മാര്‍ഗമൊരുക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ വരുന്ന ഈ മാസം 26ന് മാനന്തവാടി സബ്ഡിവിഷന്‍ ഓഫീസ് ഉപരോധിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.

---- facebook comment plugin here -----

Latest