പേരിനൊരു മെഡിക്കല്‍ കോളജ്

Posted on: September 17, 2015 11:37 am | Last updated: September 17, 2015 at 11:37 am

manjeri medicalമഞ്ചേരി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാനും രോഗികളെ ചികിത്സിക്കാനും മതിയായ ഡോക്ടര്‍മാരില്ലെന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് റസിഡഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികള്‍.
ജൂനിയര്‍-സീനിയര്‍ റസിഡന്റ്‌സ് ഡോക്ടര്‍മാരായി നിയമനം ലഭിച്ച നാല്‍പ്പത് ഡോക്ടര്‍മാരില്‍ 17പേര്‍ സ്ഥലം മാറിപ്പോയി. പുതുതായി ആരും റസിഡന്റ്‌സ് ഡോക്ടര്‍ സേവനത്തിന് വരുന്നില്ല. റസിഡന്റ്‌സ് ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്‍സി ഡോക്ടര്‍മാര്‍ എന്നിവരോടുള്ള സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും അവഗണന കൈപ്പേറിയതാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അധിക വേതനം ലഭ്യമാക്കുക, വാര്‍ഡുകള്‍, ഒ പികള്‍ എന്നിവയില്‍ സ്ഥല സകൗര്യങ്ങള്‍ വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കും താമസ സൗകര്യം ഉറപ്പു വരുത്തുക, രോഗികള്‍ക്ക് അര്‍ഹതപ്പെട്ട ചികിത്സയും പരിശോധന സൗകര്യങ്ങളും ലഭ്യമാക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഈ മാസം 17 ആയിട്ടും കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല.
ശമ്പളക്കുറവ് കാരണമാണ് പുതിയ ഡോക്ടര്‍മാര്‍ മഞ്ചേരി മെഡിക്കല്‍ കോളജിനെ കൈവിടുന്നത്. മറ്റു മെഡിക്കല്‍ കോളജുകളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 50,000 രൂപയും സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് 60,000 രൂപയും നല്‍കുമ്പോള്‍ ഇവിടെ 35,000 രൂപയാണ് നല്‍കുന്നത്. പി ജി ഡിപ്ലോമക്കാര്‍ക്ക് 38000 രൂപയും പി ജി ഡിഗ്രിക്കാര്‍ക്ക് 50,000 രൂപയുമാണ് നല്‍കിവരുന്നത്. മെഡിസിന്‍, സര്‍ജറി, അനസ്തറ്റിക് വിഭാഗങ്ങളില്‍ ഒരോ ഡോക്ടര്‍മാര്‍ വീതമാണുള്ളത്. നാലു വീതം സീനിയര്‍ റസിഡന്റ്‌സ് ഡോക്ടര്‍മാര്‍ ആവശ്യമുള്ള യൂനിറ്റുകളിലെല്ലാം ഡോക്ടര്‍മാര്‍ കുറവാണ്. ദിവസവും 150 രോഗികളെയെങ്കിലും നോക്കേണ്ടിവരുന്നുണ്ട്.
അടുത്തയാഴ്ച എം സി ഐ പരിശോധനക്കെത്തുമ്പോള്‍ റസിഡന്റ് ഡോക്ടര്‍മാരില്ലെന്ന കാരണം പറഞ്ഞ് മെഡിക്കല്‍ കോളജിന്റെ അംഗീകാരം റദ്ദാക്കുമെന്നത് എം ബി ബി എസ് വിദ്യാര്‍ഥികളോടും രോഗികളോടും കാട്ടുന്ന വഞ്ചനയാണെന്നും ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തി.