Connect with us

Gulf

ഷാര്‍ജയില്‍ മലയാളിയുടേതടക്കം കാറുകളില്‍ ഗ്ലാസ് തകര്‍ത്ത് മോഷണം

Published

|

Last Updated

ഷാര്‍ജ: നിര്‍ത്തിയിട്ട കാറുകളുടെ ഗ്ലാസുകള്‍ തകര്‍ത്ത് മോഷണം. മലയാളിയുടേതുള്‍പ്പെടെ നിരവധി കാറുകളിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി ഷാര്‍ജ യര്‍മൂക്കില്‍ മദീന സൂപ്പര്‍മാര്‍ക്കറ്റിനു സമീപമായിരുന്നു സംഭവം. കാറുകളുടെ സൈഡ് ഗ്ലാസ് തകര്‍ത്തു ഡോര്‍ തുറന്നാണ് കവര്‍ച്ച. സണ്‍ഗ്ലാസടക്കം നിരവധി വിലപ്പെട്ട സാധനങ്ങള്‍ നഷ്ടപ്പെട്ടു. കാറുകളുടെ ഡേഷ് ബോക്‌സുകളിലും മറ്റും സൂക്ഷിച്ചിരുന്ന രേഖകളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു. എന്തൊക്കെ സാധനങ്ങളാണ് ഓരോ കാറില്‍ നിന്നും നഷ്ടപ്പെട്ടതെന്ന് കൃത്യമായി അറിവായിട്ടില്ല. 16 കാറുകളില്‍ മോഷണം നടന്നതായാണ് വിവരം.
തിരുവനന്തപുരം സ്വദേശി സിദ്ദീഖിന്റേതാണ് കവര്‍ച്ചക്കിരയായ കാറുകളിലൊന്ന്. തന്റെ കാറില്‍ നിന്നു വിലപിടിപ്പുള്ള സണ്‍ഗ്ലാസ് നഷ്ടപ്പെട്ടതായി സിദ്ദീഖ് പറഞ്ഞു. കാറിന്റെ രേഖകളും മറ്റും അകത്ത് വാരിവലിച്ചിട്ട നിലയിലായിരുന്നുവെന്നും ഷാര്‍ജയിലെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ ഇയാള്‍ പറഞ്ഞു. പുലര്‍ച്ചെ ജോലിക്കുപോകാനായി എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടതെന്നും സിദ്ദീഖ് പറഞ്ഞു. കാറിന്റെ സൈഡ്ഗ്ലാസിലെ ഏറ്റവും അറ്റത്തെ ചെറിയ ഗ്ലാസാണ് തകര്‍ത്തത്. എല്ലാ കാറുകളുടെയും ഗ്ലാസുകള്‍ സമാന രീതിയിലാണ് തകര്‍ത്തതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
വിശാലമായ പാര്‍ക്കിംഗ് സൗകര്യമുള്ള സ്ഥലമാണിത്. റെന്റ്എ കാറുകളടക്കം നിരവധി വാഹനങ്ങളാണ് രാപകല്‍ ഭേദമന്യേ ഇവിടെ നിര്‍ത്തിയിടാറുണ്ട്. സമീപത്തെ താമസക്കാരാണ് ഇവിടം പാര്‍ക്കിംഗിനായി ഉപയോഗിക്കുന്നത്.
ജനസാന്ദ്രതയുള്ള പ്രദേശമായിട്ടും വാഹനങ്ങളില്‍ ഒന്നിച്ച് നടന്ന മോഷണം താമസക്കാരെ നടുക്കത്തിലാക്കിയിട്ടുണ്ട്. മലയാളികളടക്കമുള്ള പ്രവാസികളാണ് താമസക്കാരിലേറെയും.
രണ്ടു ദിവസം മുമ്പ് തൊട്ടടുത്ത സ്ഥലത്ത് നിന്നു ഒരു കാര്‍ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നതായി സമീപത്ത് താമസക്കാരനായ മലയാളി യുവാവ് പറഞ്ഞു. മലയാളിയായ ഗ്യാസ് ഏജന്‍സി ഉടമയുടേതായിരുന്നുവത്രെ കാര്‍. രാത്രി താമസസ്ഥലത്ത് നിര്‍ത്തിയിട്ടതായിരുന്നുവെന്നും രാവിലെ ചെന്നുനോക്കുമ്പോള്‍ കാണാനില്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

Latest