Connect with us

Palakkad

കേരളം നാലാംതരം സാക്ഷരതാ തുല്യത നേടിയ ആദ്യ സംസ്ഥാനമാകും: മന്ത്രി അബ്ദുര്‍റബ്ബ്

Published

|

Last Updated

പാലക്കാട്: രാജ്യത്തെ നാലാംതരം സാക്ഷരതാ തുല്യത നേടിയ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്. പൊതുവിദ്യാഭ്യാസവകുപ്പും സംസ്ഥാന സാക്ഷരതമിഷന്‍ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അട്ടപ്പാടി ആദിവാസി സാക്ഷരതാ തുല്യത പരിപാടി അഹാഡ്‌സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആദിവാസി വനിതകള്‍ക്കായി അക്ഷരമെഴുതിക്കൊണ്ടാണ് മന്ത്രി ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു നില്‍ക്കുന്ന ആദിവാസി വിഭാഗങ്ങളെ കൂടി മുന്‍ നിരയിലേക്ക് കൊണ്ടുവന്നാല്‍ മാത്രമേ സാക്ഷരതാ യജ്ഞം പൂര്‍ത്തിയാകുകയുളളുവെന്ന് മന്ത്രി പറഞ്ഞു. അക്ഷരലക്ഷം എന്ന പരിപാടിയിലൂടെയുളള നാല്, ഏഴ്, പത്ത്, പ്ലസ് ടു തുല്യതാ പരീക്ഷ കള്‍ക്ക് പി —എസ് സി അംഗീകാരമുളളതിനാല്‍ അതുവഴി തൊഴില്‍ സാധ്യത നിലവിലുണ്ട്. സംസ്ഥാനത്തെ ആദിവാസി മേഖലകളില്‍ 70 ശതമാനം മാത്രമെ സാക്ഷരത കൈവരിക്കാന്‍ സാധിച്ചിട്ടുളളു. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളില്‍ നിന്ന് 5000 പേരെ തിരഞ്ഞെടുത്ത് സാക്ഷരതയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. ഷൂട്ര ഊരിലെ കാളി, ചിലമ്പ് വട്ടേക്കാട് ഊരിലെ സേരി, കുക്കുപാളയം ഊരിലെ ചെല്ലി എന്നിവര്‍ക്ക് സ്റ്റേറ്റ് റിസോഴ്‌സ് തയ്യാറാക്കിയ സാക്ഷരതാ പാഠാവലി മന്ത്രിനല്‍കി.
കാരറ ഗവ. യു.—പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തയാറാക്കിയ ലഹരി വിരുദ്ധ ഡോക്യുമെന്ററി സിഡി യും മണ്ണാര്‍ക്കാട് സി എം യു പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തയാറാക്കിയ ഈസി ഇംഗ്ലീഷ് ഡി വി ഡിയും മന്ത്രി പ്രകാശനം ചെയ്തു. ചടങ്ങില്‍ എന്‍ ഷംസുദ്ദീന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.

Latest