ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി കോളനി സന്ദര്‍ശിച്ചു

Posted on: September 16, 2015 9:44 am | Last updated: September 16, 2015 at 9:44 am

താമരശ്ശേരി: ചികിത്സയും ഭക്ഷണവുമില്ലാതെ അവശയായ കോടഞ്ചേരി പാത്തിപ്പാറ കോളനിയിലെ ആദിവാസി യുവതി മരിച്ച സംഭവത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും ജില്ലാ സബ് ജഡ്ജുമായ ആര്‍ എല്‍ ബൈജു, ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടര്‍ ഡോ. കെ നാരായണ നായിക് എന്നിവര്‍ കോളനി സന്ദര്‍ശിച്ചു. കോളനിയിലെ ചന്തന്റെ ഭാര്യ പാറ്റ(38) യാണ് തിങ്കളാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാത്തതിനാല്‍ കുടലുകള്‍ ഒട്ടിപ്പോയ നിലയില്‍ ശനിയാഴ്ചയാണ് പാറ്റയെ താമരശ്ശേരി താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചത്. ശക്തമായ ന്യൂമോണിയ ബാധയുണ്ടായിരുന്നെങ്കിലും മതിയായ ചികിത്സ ലഭിക്കാതിരുന്നതും ഭക്ഷണം കഴിക്കാതിരുന്നതുമാണ് മരണ കാരണമെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. ഇതേ തുടര്‍ന്നാണ് ജില്ലാ സബ് ജെഡ്ജ് നേരിട്ട് കോളനിയിലെത്തിയത്. ആദിവാസികളുടെ ദുരിത ജീവിതം നേരില്‍കണ്ട അദ്ധേഹം പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ആദിവാസി ക്ഷേമത്തിന് മാത്രമായുള്ള ട്രൈബല്‍ ഡിപ്പാര്‍ട്ട് മെന്റില്‍നിന്നും ആരും സ്ഥലത്തെത്തിയിരുന്നില്ല. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ദീപയുമായി ജില്ലാ സബ് ജഡ്ജ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്. കോളനിയിലെ ദുരിത ജീവിതം സംബന്ധിച്ച് ഹൈകോടതിക്കും ജില്ലാ കലക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കുമെന്ന് ആര്‍ എല്‍ ബൈജു പറഞ്ഞു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇന്നലെ കോളനിയില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ 24 കുട്ടികള്‍ ഉള്‍പ്പെടെ 40 പേരാണ്ചികിത്സ തേടിയത്. ഇവരില്‍ ഒരാളൊഴികെ എല്ലാവരും കൈ കാലുകളിലും ദേഹത്തും ചൊറി ബാധിച്ചവരാണ്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നുമാണ് ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടര്‍ ഡോ. കെ നാരായണ നായിക് പ്രതികരിച്ചത്.