വാട്‌സ്ആപ്പ് വഴി ഐ എസ് റിക്രൂട്ട്‌മെന്റ്: സന്ദേശം വന്നത് അമേരിക്കയില്‍ നിന്ന്

Posted on: September 16, 2015 5:38 am | Last updated: September 16, 2015 at 12:38 am

കൊച്ചി: വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയില്‍ ചേര്‍ക്കുന്നതിനായി കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന കാസര്‍കോട് സ്വദേശിക്ക് വാട്‌സ്ആപ് സന്ദേശം വന്നത് അമേരിക്കയില്‍ നിന്ന്. സൈബര്‍ സെല്‍ നടത്തിയ പരിശോധനയിലാണ് സന്ദേശം എത്തിയ വാട്‌സ്ആപ്പ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ അമേരിക്കയില്‍ നിന്നുള്ളതാണെന്ന് വ്യക്തമായത്. +15098710700 എന്ന നമ്പറില്‍ നിന്നാണ് ഷാമി എന്നയാളുടെ വാട്‌സ്ആപ്പ് സന്ദേശം വന്നിരിക്കുന്നത്. അമേരിക്കയിലെ ഐ ഡി നമ്പറില്‍ നിന്ന് ആര്‍ക്കൊക്കെ സന്ദേശങ്ങള്‍ പോയിട്ടുണ്ട്് എന്ന് മനസ്സിലാക്കുന്നതിന് സൈബര്‍ സെല്‍ വാട്‌സ്ആപ്പ് അധികൃതരുടെ സഹായം തേടിയിട്ടുണ്ട്. വിവരങ്ങള്‍ ലഭ്യമാകാന്‍ കൂടുതല്‍ സമയം എടുത്തേക്കും. റൈറ്റ് തിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നാണ് കാസര്‍കോട് സ്വദേശിയുടെ ഫോണ്‍ നമ്പര്‍ ഷാമി എന്ന പേരുകാരന്‍ സംഘടിപ്പിച്ചത്. റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പില്‍ പെട്ട പലരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ചാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
വാട്‌സ്ആപ്പില്‍ ചാറ്റിംഗിലൂടെയാണ് ഷാമി എന്നയാളെ കാസര്‍കോട് സ്വദേശി പരിചയപ്പെടുന്നത്. ഇസ്‌ലാമിക അഭിവാദ്യങ്ങളോടെ വെള്ളിയാഴ്ചയാണ് യുവാവിന് അജ്ഞാത സന്ദേശം ആദ്യമെത്തിയത്. ദൗലത്ത് ഇസ്‌ലാം ദഅ്‌വാ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്തുകൊണ്ടായിരുന്നു സന്ദേശം. സന്ദേശത്തിന്റെ ഉടമ ആരാണെന്ന് ചോദിച്ചപ്പോള്‍ ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ നിന്നും ഷമി എന്നായിരുന്നു പരിചയപ്പെടുത്തിയത്. പിന്നീട് ശനിയാഴ്ച മുതല്‍ സന്ദേശങ്ങള്‍ വഴി സംസാരിക്കാന്‍ തുടങ്ങി. അപരിചിതന്‍ ഇതിനിടയില്‍ ജോലി ഉള്‍പ്പെടെയുള്ള യുവാവിന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നിങ്ങള്‍ ഞങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ആണെന്നും ഗ്രൂപ്പില്‍ ചേരുന്നത് അപകടകരമായതിനാല്‍ ശ്രദ്ധയോടെ വേണം നീങ്ങാനെന്നും സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയത്രെ.