Connect with us

Kerala

റഫീഖിന്റെ മൊഴിമാറ്റം മഅ്ദനിക്ക് ഗുണം ചെയ്യും

Published

|

Last Updated

കോടതിയില്‍ ഹാജരായ ശേഷം ആശുപത്രിയിലേക്ക് മടങ്ങുന്ന അബ്ദുന്നാസര്‍ മഅ്ദനി

കൊല്ലം: ബെംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിക്കെതിരെ നേരത്തെ മൊഴി നല്‍കിയ പ്രധാന സാക്ഷിയായ റഫീഖിന്റെ മൊഴിമാറ്റം കേസില്‍ നിര്‍ണായക വഴിത്തിരിവാകും. സ്‌ഫോടനക്കേസില്‍ ഒന്നാം പ്രതിയായ തടിയന്റെവിട നസീര്‍ സംഘടിപ്പിച്ച തീവ്രവാദ ക്യാമ്പില്‍ മഅ്ദനിയെ കണ്ടുവെന്ന് നേരത്തെ മൊഴി നല്‍കിയെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെട്ടിരുന്ന കുടക് വീരാജ്‌പേട്ട സ്വദേശി റഫീഖ് ഇന്നലെ വിചാരണക്കോടതിയില്‍ സ്വീകരിച്ച നിലപാടാണ് കര്‍ണാടക സര്‍ക്കാറിനും പോലീസിനും തിരിച്ചടിയായിരിക്കുന്നത്.
പോലീസ് തന്നെ ഭീഷണിപ്പെടുത്തിയാണ് സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് റഫീഖ് രണ്ട് ദിവസമായി നടന്ന വിചാരണക്കൊടുവില്‍ കോടതിയില്‍ മൊഴി നല്‍കി. തടിയന്റെവിട നസീര്‍ വാടകക്കെടുത്ത് നടത്തിയിരുന്ന കുടക് മടിക്കേരിയിലെ ലക്കേരിയുള്ള ഇഞ്ചിത്തോട്ടത്തില്‍ തൊഴിലാളിയായിരുന്ന റഫീഖ്, സ്‌ഫോടനക്കസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കെടുക്കാനായി രഹസ്യമായി മഅ്ദനി കാറില്‍ എത്തിയത് കണ്ടുവെന്നും തുടര്‍ന്ന് കേസില്‍ അറസ്റ്റിലായ മഅ്ദനിയെ തിരിച്ചറിയല്‍ പരേഡിന് ഇവിടെക്കൊണ്ടു വന്നപ്പോള്‍ തിരിച്ചറിഞ്ഞുവെന്നുമായിരുന്നു കര്‍ണാടക പോലീസിന്റെ പ്രധാന ആരോപണം. റഫീഖ് ഇന്നലെ മഅ്ദനിക്ക് അനുകൂലമായി മൊഴി നല്‍കിയതോടെ വെട്ടിലായിരിക്കുകയാണ് പ്രോസിക്യൂഷന്‍.
മഅ്ദനിയെ കോടതിയില്‍ വെച്ചാണ് ആദ്യം കാണുന്നതെന്നും അതിന് മുമ്പ്് കണ്ടിട്ടില്ലെന്നും റഫീഖ് കോടതിയില്‍ വ്യക്തമാക്കി. പോലീസ് തന്നെ ബലമായി ഇംഗ്ലീഷില്‍ എഴുതിയ ചില പേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങിയെന്നും ഇതില്‍ ഒപ്പിട്ടില്ലെങ്കില്‍ ഭീകരവാദക്കേസുകളില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ചെയ്യിപ്പിച്ചതെന്നും റഫീഖ് കോടതിയില്‍ അറിയിക്കുകയായിരുന്നു.
കേസില്‍ മറ്റൊരു സാക്ഷിയായിരുന്ന മഅ്ദനി താമസിച്ചിരുന്ന എറണാകുളത്തെ വാടക വീടിന്റെ ഉടമസ്ഥനും മലയാളിയുമായ ജോസ് വര്‍ഗീസ് നേരത്തെ തന്നെ കൂറുമാറിയിരുന്നു. കേസിലെ പ്രധാനികളായ രണ്ട് സാക്ഷികളുടെ മൊഴിമാറ്റത്തോടെ കേസ് കൂടുതല്‍ ദുര്‍ബലപ്പെട്ടതായാണ് വിലയിരുത്തല്‍. അതേസമയം, പ്രഭാകരന്‍ എന്ന കുടകിലെ പ്രാദേശിക ബി ജെ പി നേതാവായ മറ്റൊരു സാക്ഷി മഅ്ദനിക്കെതിരായ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ട്. നേരത്തെ മഅ്ദനിക്കെതിരായ 22 സാക്ഷികളില്‍ ഒമ്പത് പേരുടേത് മാത്രമാണ് ഇതുവരെ സാക്ഷിവിസ്താരം പൂര്‍ത്തിയായത്. ആറ് പേരുടേത് ഭാഗികമായ വിസ്താരം നടന്നു. മൂന്ന് സാക്ഷികളായിരുന്നു പ്രധാനമായും മഅ്ദനിക്കെതിരായി മൊഴി നല്‍കിയിരുന്നത്. മൂന്നാമത്തെയാള്‍ ബി ജെ പിക്കാരനാണെന്നും ഇയാള്‍ മഅദനിക്കെതിരെ വ്യാജമൊഴി നല്‍കുകയായിരുന്നുവെന്നും അഭിഭാഷകര്‍ നേരത്തെ തന്നെ വാദിച്ചിരുന്നു. ബെംഗളൂരു സ്‌ഫോടനക്കേസില്‍ കുടകിലും എറണാകുളത്തുമായി നടന്ന ഗൂഢാലോചനകളില്‍ മഅ്ദനി പങ്കെടുത്തെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. റഫീഖിന് പുറമെ പ്രഭാകരനും, യോഗാനന്ദ, മഞ്ചുനാഥ് എന്നിവരും കുടകില്‍ മഅ്ദനി രഹസ്യമായി സന്ദര്‍ശനം നടത്തിയെന്ന് മൊഴി നല്‍കിയിട്ടുണ്ട്. കോയമ്പത്തൂര്‍ കേസു പോലെ ബെംഗളൂരു സ്‌ഫോടനക്കേസും തനിക്കെതിരെ ആസൂത്രിതമായ കെട്ടിച്ചമച്ചതാണെന്നാണ് മഅ്ദനിയുടെ നിലപാട്.

Latest