Connect with us

Gulf

ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു

Published

|

Last Updated

മക്ക: ഹജ്ജ് കര്‍മത്തിന് പുണ്യഭൂമിയിലെത്തെിയ വിദേശ തീര്‍ഥാടകരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. ഇക്കഴിഞ്ഞ ദിവസം വരെ 9,67,249 തീര്‍ഥാടകര്‍ രാജ്യത്തത്തെിയിട്ടുണ്ടെന്നാണ് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് പുറത്തുവിട്ട കണക്ക്. ഇതില്‍ 9,40,234 പേര്‍ വിമാനം വഴിയും 17,427 പേര്‍ കരമാര്‍ഗവും 9,588 പേര്‍ കപ്പല്‍ വഴിയുമാണ് എത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവിലെത്തെിയവരെക്കാള്‍ 16,153 തീര്‍ഥാടകര്‍ (രണ്ട് ശതമാനം) കുറവാണിത്.
കര, വ്യോമ, കടല്‍ വഴി തീര്‍ഥാടകരുടെ വരവ് തുടരുകയാണ്. ഹജ്ജ് ദിനങ്ങളടുത്തതോടെ ജിദ്ദ, മദീന വിമാനത്താവളം വഴി തീര്‍ഥാടകരെയും വഹിച്ചെത്തെുന്ന വിമാനങ്ങളുടെ എണ്ണവും കൂടി. ഈ വര്‍ഷം 13 ലക്ഷം വിദേശ ഹാജിമാരും അഞ്ച് ലക്ഷം ആഭ്യന്തര ഹാജിമാരുമാണ് എത്തുന്നത്. ഹറം വികസനപ്രവര്‍ത്തികള്‍ സൗദിക്കകത്ത് നിന്നും പുറത്ത് നിന്നും വരുന്ന ഹാജിമാരുടെ ക്വോട്ടയില്‍ വരുത്തിയ നിയന്ത്രണത്തില്‍ അടുത്ത വര്‍ഷം മുതല്‍ അയവുവരുത്തുമെന്ന് സഊദി ഹജ്ജ് കാര്യ മന്ത്രി ഡോ. ബന്ദര്‍ മുഹമ്മദ് ഹജ്ജാര്‍ വ്യക്തമാക്കി. ഹറമിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകുന്നതോടെ നിയന്ത്രണം പൂര്‍ണമായും എടുത്തുകളയും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം പേര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അവസരം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിവിധ പ്രവേശന കവാടങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഹജ്ജ് നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിന് മക്കയുടെ വിവിധ ഭാഗങ്ങളിലും ഹജ്ജ് അനുഷ്ഠാന സ്ഥലങ്ങളിലും സ്ഥാപിച്ച 5,000 ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതായി ഹാജിമാരുടെ സുരക്ഷക്കായി മിനായില്‍ പ്രവര്‍ത്തിക്കുന്ന നിയന്ത്രണ കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ഖുലൈവി അറിയിച്ചു. സമാധാനപരമായും സുരക്ഷിതമായും ഹജ്ജ് നിര്‍വഹിക്കാന്‍ ഹാജിമാര്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്.
ഹറമിന്റെയും ഹജ്ജ് അനുഷ്ഠാന സ്ഥലങ്ങളൂടെയും വികസന പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിച്ച് ഹജ്ജ് ചടങ്ങുകള്‍ തുടങ്ങുന്നതോടെ വരും ദിനങ്ങളില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും. ഇതിനായി മൊത്തം 9000 ക്യാമറകള്‍ വേണ്ടിവരും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്യാമറ നിരീക്ഷണം പൂര്‍ണ വിജയമായിരുന്നു. അതിനൂതനമായ കമ്പ്യൂട്ടര്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്.

Latest