മഅ്ദനിയെ കുടകില്‍ വച്ച് കണ്ടിട്ടില്ലെന്ന് പ്രധാന സാക്ഷി

Posted on: September 15, 2015 2:15 pm | Last updated: September 17, 2015 at 12:19 am

madani get out

ബെംഗളൂരൂ: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്കെതിരായ പ്രധാന സാക്ഷി കോടതിയില്‍ മൊഴിമാറ്റി. കുടക് സ്വദേശിയും ഇഞ്ചികൃഷിക്കാരനുമായ റഫീഖ് ആണ് മഅ്ദനിക്ക് അനുകൂലമായി പ്രത്യേക എന്‍ ഐ എ കോടതിയില്‍ മൊഴി നല്‍കിയത്.
പോലീസ് അന്വേഷണ സംഘം തന്നെ ഭീഷണിപ്പെടുത്തിയാണ് പ്രധാന സാക്ഷിയാക്കിയതെന്ന് വിചാരണ കോടതി മുമ്പാകെ റഫീഖ് പറഞ്ഞു. സ്‌ഫോടന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ പ്രധാനസാക്ഷിയാക്കിയതെന്നും റഫീഖ് കോടതിയെ അറിയിച്ചു. ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ ഒന്നാം പ്രതിയായ തടിയന്റെവിട നസീര്‍ മടിക്കേരിയിലെ ലക്കേരി എസ്റ്റേറ്റില്‍ സംഘടിപ്പിച്ച തീവ്രവാദ ക്യാമ്പില്‍ മഅ്ദനിയെ കണ്ടുവെന്നായിരുന്നു റഫീഖിന്റെ മുന്‍മൊഴി.
എന്നാല്‍, ഇത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പോലീസ് സംഘം പറയിച്ചതാണ്. താന്‍ കോടതിയില്‍ വെച്ചാണ് മഅ്ദനിയെ ആദ്യം കാണുന്നത്. തന്നെ സാക്ഷിയാക്കിയ അന്വേഷണ സംഘം ബലമായി ചില പേപ്പറുകളിലും മറ്റും ഒപ്പിടുവിച്ചിരുന്നു. ഇംഗ്ലീഷില്‍ എഴുതിയ ഏതാനും പേപ്പറുകളിലും ഒപ്പിട്ടുവാങ്ങി. ഇത് ഭീഷണിപ്പെടുത്തിയാണ് ചെയ്യിപ്പിച്ചത് – റഫീഖ് വിചാരണ കോടതിയെ അറിയിച്ചു. ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ ഇന്നാണ് മഅ്ദനിക്കെതിരായ പ്രധാന സാക്ഷി റഫീഖിനെ കോടതി വിസ്തരിച്ചത്. ഈ സമയത്താണ് മുന്‍ നിലപാടില്‍ നിന്ന് മാറി, താന്‍ കുടകില്‍ വെച്ച് മഅ്ദനിയെ കണ്ടിട്ടില്ലെന്ന് ഇയാള്‍ കോടതിയെ അറിയിച്ചത്.
ഇതോടെ കേസില്‍ നിലപാട് മാറ്റുന്ന സാക്ഷികളുടെ എണ്ണം രണ്ടായി. ഈ കേസില്‍ നേരത്തെ മറ്റൊരു സാക്ഷി മുന്‍ മൊഴി മാറ്റിയിരുന്നു.