അങ്കണ്‍വാടികളില്‍ വിതരണം ചെയ്ത ഭക്ഷ്യ വസ്തുക്കളില്‍ പൂപ്പല്‍

Posted on: September 15, 2015 9:53 am | Last updated: September 15, 2015 at 9:53 am

കോട്ടക്കല്‍: നഗരസഭയിലെ അങ്കണ്‍വാടികളില്‍ വിതരണം ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ക്ക് പൂപ്പല്‍. കുട്ടികള്‍ക്ക് നല്‍കാനായി കൊടുത്ത കടല, അവില്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ് പൂപ്പല്‍ പിടിച്ചിരിക്കുന്നത്. ഇത് കാരണം കുട്ടികള്‍ക്ക് നല്‍കാനാകാതെ അങ്കണ്‍വാടി ജീവനക്കാര്‍ കുഴങ്ങുകയാണിപ്പോള്‍.
ഇതിന് പുറമെ വിതരണം ചെയ്യുന്ന പാല്‍പൊടിയും ഗുണനിലവാരമില്ലാത്തതാണെന്നാണ് പരാതി. അംഗീകൃത ഏജന്‍സികളില്‍ നിന്നും വാങ്ങണമെന്നാണ് നിര്‍ദേശം. ഇപ്പോള്‍ മറ്റ് പല കമ്പനികളുടെതാണ് കൊടുക്കുന്നത്. പൂപ്പല്‍ ബാധിച്ചതിനാല്‍ കഴുകി ഉണക്കിയാണ് കടലയും മറ്റ് വസ്തുക്കളും നല്‍കുന്നത്. എന്നിട്ടും ഇത് ഉപയോഗിക്കാനാവാത്ത അവസ്ഥയുണ്ട്. കുടുംബശ്രീ യൂനിറ്റാണ് ഇപ്പോള്‍ ഇവിടെത്തെ അങ്കണ്‍വാടികളിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ നല്‍കുന്നത്. നേരത്തെ സ്വകാര്യ കമ്പനിയെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. ഇത് സംബന്ധിച്ച് നഗരസഭയില്‍ പരാതി നല്‍കിയിട്ടുണ്ട്. കോട്ടക്കല്‍ നഗരസഭയിലെ അങ്കണ്‍വാടികളില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്താതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷം നടത്തി നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി കെ കെ മനോജ് സിറാജിനോട് പറഞ്ഞു.