ഭവന നിര്‍മാണ ബോര്‍ഡ് വായ്പ: ജില്ലയില്‍ എഴുനൂറോളം പേര്‍ ജപ്തി ഭീഷണിയില്‍

Posted on: September 15, 2015 9:45 am | Last updated: September 15, 2015 at 9:45 am

കല്‍പ്പറ്റ: വയനാട്ടില്‍ വീട് നിര്‍മാണത്തിനായി ഭവന നിര്‍മാണ ബോര്‍ഡില്‍ നിന്ന് വായ്പയെടുത്ത് കടക്കെണിയിലായവര്‍ പ്രതിസന്ധിയിലേക്ക്. കിടപ്പാടം നഷ്ടപ്പെടുമോയെന്ന ആധി പേറി ആയിരത്തോളം പേരാണ് ജില്ലയില്‍ കഴിയുന്നത്. വയനാട് പാക്കേജിന്റെ കാലാവധി കഴിഞ്ഞതും വായ്പയെടുത്തവരെ ആശങ്കയെ ആളിക്കത്തിക്കുകയാണ്.
കാര്‍ഷികമേഖലയിലെ തകര്‍ച്ചയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കുന്നതിനായാണ് സര്‍ക്കാര്‍ വയനാട് പാക്കേജ് നടപ്പാക്കിയത്. പാക്കേജിന്റെ കാലാവധി കഴിഞ്ഞ മാര്‍ച്ച് മുപ്പതിന് അവസാനിക്കുകയും ചെയ്തു. പിന്നീട് ഭവനനിര്‍മ്മാണ ബോര്‍ഡ് വായ്പക്കാര്‍ക്കായും സര്‍ക്കാര്‍ മറ്റൊരു പാക്കേജ് പ്രഖ്യാപിച്ചു. ഈ പാക്കേജിന്റെ കാലാവധി ഈ മാസം അവസാനത്തോടെ കഴിയും. പലിശയുടെ നിശ്ചിത ശതമാനം ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കുന്ന തരത്തിലായിരുന്ന പാക്കേജ്.
പാക്കേജുകളുടെ കാലാവധി അവസാനിക്കുന്നത് വായ്പയെടുത്തവരുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുകയാണ്.
ഭവനനിര്‍മ്മാണ ബോര്‍ഡാകട്ടെ വായ്പക്കാരുടെ സാമ്പത്തിക സാഹചര്യങ്ങളൊന്നും മാനിക്കാതെ കുടിശ്ശിക തിരിച്ച് പിടിക്കാനുള്ള എല്ലാ നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. വായ്പക്ക് ജാമ്യം നല്‍കിയ വസ്തു കരസ്ഥപ്പെടുത്തുന്ന നടപടികളുമായാണ് ബോര്‍ഡ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പുല്‍പ്പള്ളി മേഖലയില്‍ ഇതിനോടകം നിരവധി പേര്‍ക്ക് ഭവനനിര്‍മ്മാണ ബോര്‍ഡില്‍ നിന്ന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ജപ്തി ഭീഷണി മാത്രമല്ല വായ്പാ കുടിശ്ശികക്കാരന്റെ നികുതി സ്വീകരിക്കരുതെന്നും ബോര്‍ഡ് അതത് വില്ലേജ് ഓഫീസുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇതോടെ വീട്ടില്‍ മനസ്സമാധാനമായി കിടന്നുറങ്ങാന്‍ കഴിയാതെയായെന്ന് വായ്പയെടുത്തവര്‍ പരിതപിക്കുന്നു. അമ്പതിനായിരം രൂപ വായ്പയെടുത്തവര്‍ക്ക് ഇപ്പോള്‍ ലക്ഷങ്ങളാണ് ബാധ്യതയായിരിക്കുന്നത്.
ജില്ലയില്‍ എഴുനൂറോളം പേരാണ് ജപ്തിമുനമ്പില്‍ കഴിയുന്നത്. വായ്പയെടുത്ത് കെട്ടിയുയര്‍ത്തിയ വീട് ഏത് നിമിഷവും ബോര്‍ഡ് കൊണ്ട് പോകാനുള്ള മുന്നില്‍ കണ്ട് ആധിയോടെയാണ് ഇവരെല്ലാം കഴിഞ്ഞ് കൂടുന്നത്. കാര്‍ഷികമേഖലയിലുണ്ടായ വിളത്തകര്‍ച്ചയും വിലത്തകര്‍ച്ചയുമാണ് പലരെയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതും തന്‍മൂലം തിരിച്ചടവ് മുടങ്ങിയതും. ഇക്കാര്യം മുഖവിലക്കെടുക്കാതെയാണ് ബോര്‍ഡ് പെരുമാറുന്നതെന്നാണ് വായ്പക്കാരുടെ ആരോപണം. പലിശയും പിഴ പലിശയും ഒഴിവാക്കണമെന്ന് ഹൗസിംഗ് ബോര്‍ഡ് ലോണീസ് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാറും ബോര്‍ഡും കണ്ടില്ലെന്ന് നടിക്കുകയാണ്.