അണക്കെട്ടുകളിലെ ജലവിതാനം താഴുന്നു; കാര്‍ഷിക മേഖല പ്രതിസന്ധിയിലേക്ക്

Posted on: September 15, 2015 9:43 am | Last updated: September 15, 2015 at 9:43 am

പാലക്കാട്: മഴക്കുറവ് കാരണം ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നില്ല. രണ്ടാം വിള നെല്‍കൃഷിയടക്കം പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് സൂചന. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്ന നിലയിലാണ്.
സര്‍ക്കാരിന്റെ കണക്കുപ്രകാരം ഇത്തവണ ജില്ലയില്‍ 29 ശതമാനമാണ് മഴക്കുറവ്.മലമ്പുഴ അണക്കെട്ടില്‍ കഴിഞ്ഞ വര്‍ഷം 114.32 മീറ്റര്‍ ജലനിരപ്പ് രേഖപ്പെടുത്തിയ സ്ഥാനത്ത് വ്യാഴാഴ്ചത്തെ ജലനിരപ്പ് 110.52 മാത്രമാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴയില്‍ 668.44 മില്ലീ മീറ്ററിന്റെ കുറവുണ്ട്. 2014 ല്‍ 1925.04 മില്ലീമീറ്റര്‍ ലഭിച്ചിടത്ത് ഇത്തവണ കിട്ടിയതാവട്ടെ 1256.6 മില്ലീമീറ്റര്‍ മാത്രം. പാലക്കാട് നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളുടെ കുടിവെള്ളസ്രോതസ്സുകൂടിയാണ് മലമ്പുഴ അണക്കെട്ട്. ജില്ലയിലെ മറ്റ് ആറ് പ്രധാന അണക്കെട്ടുകളിലും ജലനിരപ്പ് മലമ്പുഴയ്ക്ക് സമാനമായ അവസ്ഥയിലാണ്. പോത്തുണ്ടി അണക്കെട്ടില്‍ കഴിഞ്ഞ വര്‍ഷം ഇതേ ദിവസം പരമാവധി ജലനിരപ്പായ 108.51 അടി രേഖപ്പെടുത്തിയിരുന്നു.
വ്യാഴാഴ്ചത്തെ ജലനിരപ്പാവട്ടെ 103.403 അടി മാത്രമാണ്.മംഗലം അണക്കെട്ടില്‍ വ്യാഴാഴ്ച 77.84 മീറ്റര്‍ വെള്ളമാണുള്ളത്. കഴിഞ്ഞ വര്‍ഷമിത് 77.77 മീറ്റര്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ധാരാളം മഴ ല’ിച്ചതിനാല്‍ അണക്കെട്ട് തുറന്നു വിട്ടിരുന്നു. എന്നാല്‍, ഇത്തവണ അങ്ങനെ ചെയ്യാതിരുന്നിട്ടും വെള്ളം കുറവാണ്. കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ 2014 ല്‍ 95.7 മീറ്ററായിരുന്നൂ ജലനിരപ്പെങ്കില്‍ ഇത്തവണ 95.8 മീറ്ററാണ്. ഇവിടെയും ഇത്തവണ വെള്ളം തുറന്നുവിട്ടിട്ടില്ല. ഡിസംബറില്‍ രണ്ടാംവിളയ്ക്ക് വെള്ളം കൊടുക്കേണ്ടതുണ്ട്. എന്നാല്‍ ഇനിയും മഴ കിട്ടിയില്ലെങ്കില്‍ അടുത്ത മാസം തന്നെ തുറക്കേണ്ടിവരും.
ചിറ്റൂര്‍പ്പുഴ പദ്ധതിയുടെ പരിധിയില്‍ വരുന്ന അണക്കെട്ടുകളിലും സമാന സ്ഥിതിയാണ്. പറമ്പിക്കുളംആളിയാര്‍ കരാര്‍ പ്രകാരം തമിഴ്‌നാട്ടില്‍ നിന്നുള്ള വെള്ളം കൃത്യമായി കിട്ടിയാല്‍ മാത്രമേ നിലവിലെ സ്ഥിതിയില്‍ കൃഷി സുഗമമായി നടക്കുകയുള്ളൂ. ഇതു കൂടാതെ കുടിവെള്ള പ്രശ്‌നം വേറെയുമുണ്ട്. ചിറ്റൂര്‍പ്പുഴ പദ്ധതിയില്‍ നിന്നുള്ള വെള്ളമുപയോഗിച്ച് 40,000 ഹെക്ടറിലാണ് കൃഷിയിറക്കുന്നത്.