ബി ജെ പി ഹര്‍ത്താല്‍ അക്രമാസക്തമായി

Posted on: September 15, 2015 9:41 am | Last updated: September 15, 2015 at 9:41 am

പാലക്കാട്: പുതുശ്ശേരി പി കെ ചള്ള എടുപ്പുകുളത്ത് ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സി പി എം പ്രവര്‍ത്തകന് വെട്ടേറ്റ കേസില്‍ നാല് ആര്‍ എസ് എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി ജെ പി ഇന്നലെ പ്രഖ്യാപിച്ച മൂന്ന് പഞ്ചായത്തുകളിലെ ഹര്‍ത്താല്‍ അക്രമാസക്തമായി.
പുതുശ്ശേരി, എലപ്പുള്ളി, മരുതറോഡ് പഞ്ചായത്തുകളിലാണ് ഇന്നലെ വൈകീട്ട് ആറുമുതല്‍ വൈകീട്ട് ആറുവരെ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തിയത്.
ദേശീയപാത കടന്നുപോകുന്ന പഞ്ചായത്തായതിനാല്‍ അന്തര്‍സംസ്ഥാന വാഹനഗതാഗതം ഹര്‍ത്താല്‍ ഭാഗികമായി ബാധിച്ചു. വാഹനങ്ങള്‍ തടയില്ലെന്ന് അറിയിച്ചിരുന്നെങ്കിലും ആര്‍ എഎസുകാര്‍ ബലം പ്രയോഗിച്ച് പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. പാലക്കാട് നിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ഒരു കെ എസ് ആര്‍ ടി സി ബസ്സിനെയും തമിഴ് നാട് സര്‍ക്കാര്‍ ബസിനെയും കല്ലെറിഞ്ഞു. കല്ലേറല്‍ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
യാത്രക്കാര്‍ അത്ഭുതകരമായാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. വാളയാര്‍ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ കഞ്ചിക്കോട് ശിവക്ഷേത്രത്തിന് സമീപമായിരുന്നു ആക്രമണം. കനത്തപോലീസിനെ ദേശീയപാതയില്‍ വിന്യസിച്ചിരുന്നതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ തടയാനായി.
കഴിഞ്ഞദിവസം കഞ്ചിക്കോടിനടുത്തെ ഒരു പഴയവീട്ടില്‍ മാരകായുധങ്ങള്‍ അന്വേഷിച്ചെത്തിയ കസബ പോലീസ് സംഘമാണ് നാല് ആര്‍ എസ എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. കഞ്ചിക്കോട് ഐ ടി ഐക്ക് സമീപമായിരുന്നു ഈ വീട്. വീടിനു മുന്നില്‍ ബോര്‍ഡുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അത് ആര്‍ —എസ് എസ് കാര്യാലയമാണെന്നായിരുന്നു അവരുടെ അവകാശവാദം.
വാഹനത്തില്‍ നിന്നും മാരകായുധം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസബ പോലീസ് എസ് ഐ എം പി സന്ദീപിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.
പി കെ ചള്ള സ്വദേശികളായ മനു (20), കൃഷ്ണപ്രസാദ് (25),രഞ്ജിത്ത് (20), വിശാഖ് (22) എന്നിവരെ മാരകായുധങ്ങള്‍ സൂക്ഷിച്ചതിന് അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് മുന്ന് പഞ്ചായത്തുകളില്‍ ബി ജെ പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.