മെര്‍സ് രോഗവും പ്രതിരോധവും

Posted on: September 15, 2015 6:37 am | Last updated: September 15, 2015 at 12:39 am

novel_coronavirus_sars_mers2012ലാണ് മെര്‍സ് രോഗം ലോകത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. മിഡില്‍ ഈസ്റ്റ് റസ്പിറേറ്ററി സിന്‍ഡ്രാം കൊറോണോ വൈറസ് (Middle East respiratory syndrome coronavirus – MERS-CoV) എന്ന രോഗാണു പരത്തുന്നതാണ് മെര്‍സ് രോഗം. 2012ല്‍ നോവല്‍ കൊറോണോ വൈറസ്(Novel coronavirus)എന്ന പേരിലാണ് രോഗം അറിയപ്പെട്ടിരുന്നത്. ഒരു രോഗിയുടെ തുപ്പല്‍ പരിശോധിച്ചതില്‍ ബീറ്റാകൊറോണാ വൈറസ്(Beta coronavirus)എന്ന ഇനത്തില്‍പ്പെട്ട ആര്‍ എന്‍ എ വൈറസാണ് മെര്‍സിന് കാരണമെന്ന് മനസ്സിലായിട്ടുണ്ട്. 2015 ജൂലായ് മാസത്തിലെ കണക്കനുസരിച്ച് മെര്‍സ് സി ഒ വി 21 രാജ്യങ്ങളില്‍ കണ്ടുവരുന്നു. സഊദി, ജോര്‍ദാന്‍, ഖത്തര്‍, ഈജിപ്ത്, യു എ ഇ, യമന്‍, ലബനാന്‍, കുവൈറ്റ്, തുര്‍ക്കി, ഒമാന്‍, അള്‍ജീറിയ, ബംഗ്ലാദേശ്, ഓസ്ട്രിയ, യു കെ, സൗത്ത് കൊറിയ, യു എസ്, ചൈന, തായ്‌ലന്റ്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്.
ഡോ. അലി മുഹമ്മദ് സാക്കി എന്ന ഈജിപ്തുകാരനായ വൈറസ് രോഗ വിദഗ്ധനാണ് സഊദിയിലെ ഒരാളുടെ ശ്വാസകേശത്തില്‍ നിന്ന് മെര്‍സ് സി ഒ വി ലോകത്ത് ആദ്യമായി വേര്‍തിരിച്ചെടുത്തത്. 2012 സെപ്തംബറില്‍ ആയിരുന്നു ഇത്. ഖത്തറില്‍ നിന്നാണ് രോഗം ബാധിച്ച രണ്ടാമതൊരാളെ 2012 നവംബറില്‍ കണ്ടെത്തുന്നത്. റിയാദ് സര്‍വകലാശാലയില്‍ നടന്ന ഗവേഷണം തെളിയിക്കുന്നത് ഈ രോഗത്തിന് കാരണമായ വൈറസ് 2007നും 2012നും ഇടയില്‍ രൂപം കൊണ്ടതാണെന്നാണ്. എവിടെ നിന്നാണ് രോഗം മനുഷ്യനില്‍ എത്തിയതെന്ന് കൃത്യമായി ഇന്നും കണ്ടെത്തെയിട്ടില്ല. ഏതെങ്കിലും മൃഗങ്ങളില്‍ നിന്ന് മനുഷ്യനിലെത്തിയതാകാനാണ് സാധ്യതയെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. മനുഷ്യനെക്കൂടാതെ ഒട്ടകത്തിലും മെര്‍സ് രോഗം കണ്ടെത്തിയിട്ടുണ്ട്. ഒട്ടകവുമായി സഹവാസത്തിലുള്ള ചലര്‍ക്ക് രോഗം പിടിപെട്ടതായി വാര്‍ത്തയുണ്ട്. എന്നാല്‍, ഒട്ടകമാണോ മറ്റേതെങ്കിലും മൃഗങ്ങളാണോ മെര്‍സ് പടര്‍ത്താന്‍ കാരണക്കാരെന്നതിന് ഇനിയും തെളിവുകളൊന്നും ലഭ്യമല്ല.
ജലദോഷം പോലെ ചെറിയ പനിയും ചുമയുമാണ് രോഗ ലക്ഷണം. തുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെടും. ഓക്‌സിജന്‍ വേണ്ടത്ര ശ്വാസകോശത്തിന് ലഭ്യമല്ലാത്തതിനാല്‍ രോഗം മൂര്‍ഛിക്കുമ്പോള്‍ ശ്വസനത്തിന്റെ വേഗം വര്‍ധിക്കും. പൂര്‍ണമായി രോഗബാധിതനാകുമ്പോള്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കും. ഇത് മരണ കാരണമാകും. ശ്വാസകോശത്തെ രോഗം പിടികൂടിയാല്‍ കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കും. ഹൃദയ അറകളില്‍ നീര് വരുന്ന അവസ്ഥയുമുണ്ടാകും. മറ്റു അവയവങ്ങളെയും രോഗം നശിപ്പിക്കും. രക്തം കട്ടപിടിക്കാനുള്ള കഴിവ് നഷ്ടപ്പെടും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഇല്ലാതാകുന്നതോടെ അപകടത്തിലാകും.
സഊദിയില്‍ ബാധിതരെ കണ്ടെത്തുന്നത് വരെ ലോകത്തിന് മെര്‍സ് രോഗത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നതെങ്ങനെയെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. രോഗികളുമായി ബന്ധമുള്ളവര്‍ക്കോ രോഗിയെ ശുശ്രൂഷിക്കുന്നവര്‍ക്കോ രോഗബാധ ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്. സഊദിയില്‍ രോഗം കണ്ടെത്തിയ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും രോഗികളെ ശുശ്രൂഷിച്ചവരോ പരസ്പര ബന്ധമുള്ളവരോ അല്ലായിരുന്നു എന്നത് വിചിത്രമായിരിക്കുന്നു.
2015 മാര്‍ച്ച് വരെ, ഈ രോഗം സഊദിയില്‍ 933 പേരെ ബാധിക്കുകയും 401 മരണം റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. 2015 ആഗസ്റ്റ് 25ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് 1474 പേര്‍ക്ക് ഇതുവരെ മെര്‍സ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ 515 പേര്‍ മരിച്ചു. അതായത് രോഗം ബാധിച്ചവരില്‍ 35 ശതമാനം പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മെര്‍സ് റിപ്പോര്‍ട്ട് ചെയ്ത 92 പേരും സഊദി തലസ്ഥാനമായ റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗികളില്‍ 70 ശതമാനം പേരും പുരുഷന്മാരാണ്. ശരാശരി 54 വയസ്സുള്ളവരുമാണ്. ലോകത്തെ 80 ശതമാനം മെര്‍സ് രോഗികളും സഊദിയില്‍ നിന്നുള്ളവരാണെന്ന് കണക്കുകള്‍ പറയുന്നു.
രോഗലക്ഷണങ്ങള്‍ കണ്ട് 12 ദിവസത്തിനുള്ളില്‍ രോഗം മൂര്‍ഛിക്കാറാണ് പതിവ് എന്നാല്‍, വൈറസ് ശരീരത്തിലെത്തിയാലും ചെറുപ്പക്കാരില്‍ ഒരു മാസത്തിന് ശേഷമായിരിക്കും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുക. രോഗിയുമായുള്ള ഇടപഴകല്‍ വഴി രോഗം ബാധിക്കാനുള്ള സാധ്യത വെറും അഞ്ച് ശതമാനം മാത്രമാണ് എന്നാണ് പറയുന്നത്. രോഗം മനുഷ്യനിലെത്തുന്നതിന് ഏറെ സാധ്യത കാണുന്നത് ഒട്ടകത്തില്‍ നിന്ന് തന്നെയാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ഒട്ടകങ്ങളെ മേച്ചുനടക്കുന്നവരില്‍ രോഗം കൂടുതലായി കണ്ടുവരുന്നതാണ് ഈ നിഗമത്തിന് ആധാരം. ഒട്ടകങ്ങളില്‍ പ്രായം കുറഞ്ഞവയിലാണ് രോഗം കൂടുതലായും കണ്ടുവരുന്നത്.
ഒട്ടക അറവുശാലാ തൊഴിലാളികളിലും അവയെ കൂട്ടത്തോടെ വളര്‍ത്തുന്ന ആലയങ്ങളില്‍ പണിയെടുക്കുന്നവരിലും രോഗമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ആരോഗ്യമുള്ള ഒട്ടകങ്ങളെ അറുക്കുന്ന അറവുശാലകളില്‍ ജോലി ചെയ്യുന്നവരിലാണ് രോഗം കണ്ടെത്തിയത്. അതുകൊണ്ട് രോഗം പകരുന്ന മൃഗത്തെ കുറിച്ചുള്ള ആശയക്കുഴപ്പം ഇനിയും നിലനില്‍ക്കുന്നുണ്ട്.
മെര്‍സ് രോഗം ബാധിക്കുന്ന മനുഷ്യരില്‍ കൂടുതല്‍ പേരും പ്രമേഹം, ആസ്ത്മ, ആരോഗ്യക്കുറവ് എന്നിവ ഉള്ളവരാണ്. ഇത്തരക്കാര്‍ക്ക് രോഗം പിടിപെട്ടാല്‍ മൂര്‍ഛിക്കാനുള്ള സാഹചര്യം വളരെ കൂടുതലാണ്. ഇത്തരം രോഗികള്‍ ഒട്ടകങ്ങളുമായി ഇടപഴകുന്നതും ഒട്ടക ഫാമുകള്‍ സന്ദര്‍ശിക്കുന്നതും ഒഴിവാക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ വൃത്തിയുള്ള ആഹാരം മാത്രം കഴിക്കണം. ഒട്ടകപ്പാല്‍ തിളപ്പിക്കാതെ കഴിക്കുന്നത് രോഗം വരാന്‍ സാധ്യതയുള്ളതാണ്. രോഗം വരാതിരിക്കാന്‍ രോഗികളുമായുള്ള ഇടപെടലുകള്‍ ഒഴിവാക്കുകയും രോഗികള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാറിനില്‍ക്കുകയും വേണം. രോഗകാരികളായ വൈറസുകള്‍ മക്കയില്‍ നിന്നും ജിദ്ദയില്‍ നിന്നും കണ്ടെത്തിയിട്ടുള്ളതിനാല്‍ തീര്‍ഥാടകരും സന്ദര്‍ശകരും ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ത്യയില്‍/കേരളത്തില്‍ നിന്നും ഇതുവരെ രോഗം സ്ഥരീകരിച്ചിട്ടില്ലെങ്കിലും രോഗം പൊട്ടിപ്പുറപ്പെടാന്‍ സാധ്യത ഏറെയാണ്. ഒട്ടനവധി കേരളീയരും ഇന്ത്യക്കാരും ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെ ജോലി ചെയ്തുവരികയും ചെയ്യുന്നുണ്ടല്ലോ. ഗള്‍ഫില്‍ നിന്നും വരുന്നവര്‍ക്കാര്‍ക്കെങ്കിലും രോഗം കണ്ടെത്തിയാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെ വിവരമറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് അഭ്യര്‍ഥിച്ചിട്ടുണ്ട്. രോഗം വരാതിരിക്കാന്‍ കൈയും കാലും വൃത്തിയായി കഴുകുകയും ചുമയ്ക്കുമ്പോള്‍ തൂവാല ഉപയോഗിക്കുകയും ചെയ്യണം. മറ്റുള്ളവരെ സ്പര്‍ശിക്കുന്നതിനു മുമ്പ് മുഖവും പ്രത്യേകിച്ച് കൈകാലുകളും ശുദ്ധിവരുത്തണം. ഏതായാലും മെര്‍സ് രോഗത്തിനെതിരെ ജാഗ്രത അനിവാര്യമായിരിക്കുന്നു.