Connect with us

International

ടോണി അബട്ട് തെറിച്ചു; ആസ്‌ത്രേലിയക്ക് പുതിയ പ്രധാനമന്ത്രി

Published

|

Last Updated

കാന്‍ബറെ: ലിബറല്‍പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്ന് ടോണി അബട്ട് തെറിച്ചതോടെ മാല്‍ക്കം ടേണ്‍ബുള്‍ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രിപദത്തിലേക്ക്. നേതൃസ്ഥാനത്തിന് വേണ്ടി നടന്ന തിരഞ്ഞെടുപ്പില്‍ 44 വോട്ടുകള്‍ക്കെതിരെ 54 വോട്ടുകള്‍ നേടിയാണ് മാല്‍ക്കം ശക്തി തെളിയിച്ചത്. നേരത്തെ വാര്‍ത്താവിനിമയ മന്ത്രിയായിരുന്ന ഇദ്ദേഹം ഇന്ന് രാജ്യത്തിന്റെ 29ാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ടോണി അബട്ടിന്റെ വലതുപക്ഷ പദ്ധതികള്‍ സമ്മിശ്ര പ്രതികരണങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു.
വിദേശകാര്യ മന്ത്രിയായിരുന്ന ജൂലി ബിഷപ് മാല്‍ക്കമിന്റെ ഭാഗം ചേര്‍ന്ന് ടോണി അബട്ടിനോട് നേതൃസ്ഥാനം ഒഴിയാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹം 30നെതിരെ 70 വോട്ടുകള്‍ നേടി ലിബറല്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി നേതൃസ്ഥാനം തിരിച്ചുപിടിച്ചു. നിലവില്‍ ആരാണോ ലിബറല്‍ പാര്‍ട്ടിയുടെ നേതാവെങ്കില്‍ അദ്ദേഹമായിരിക്കും രാജ്യത്തിന്റെ പ്രധാനമന്ത്രി. ഇതനുസരിച്ചാണ് മാല്‍ക്കം പ്രധാനമന്ത്രി സ്ഥാനത്തെത്തിയിരിക്കുന്നത്. വ്യക്തികളുടെയും വിപണിയുടെയും സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന ലിബറല്‍ സര്‍ക്കാറാകും തന്റേതെന്ന് അദ്ദേഹം നേതൃസ്ഥാനത്ത് എത്തിയ ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി.
സാമ്പത്തിക രംഗത്തെ പ്രതിസന്ധികളെ തുടര്‍ന്ന് നേതൃസ്ഥാനം വെല്ലുവിളിനേരിടേണ്ടിവരുമെന്ന് ടോണി അബട്ടിനോട് മാല്‍ക്കം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക ആവശ്യങ്ങളെ പരിഗണിച്ച് മുന്നോട്ടുപോകുന്നതില്‍ ടോണി അബട്ട് പരാജയമാണെന്ന് കാന്‍ബറെയില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന മറ്റൊരു തിരഞ്ഞെടുപ്പില്‍ ടോണി അബട്ട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ ടോണി അബട്ടിന് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പിന്തുണച്ചവര്‍ വോട്ടെടുപ്പില്‍ പ്രതികൂലമായി വോട്ട് രേഖപ്പെടുത്തി.

Latest