കേരളീയര്‍ കഴിക്കുന്ന ഒരു കോഴിക്ക് സര്‍ക്കാര്‍ ഈടാക്കുന്നത് 33 രൂപ

Posted on: September 15, 2015 5:56 am | Last updated: September 14, 2015 at 11:56 pm

കൊച്ചി; ഒരു കോഴിയെ കേരളീയന്‍ കഴിക്കുമ്പോള്‍ സര്‍ക്കാറിന് ലഭിക്കുന്നത് 33 രൂപ. പ്രതിദിനം കേരളീയര്‍ കഴിക്കുന്നതാകട്ടെ ശരാശരി 10 ലക്ഷം കിലോ കോഴിയും. ഇതനുസരിച്ച് പ്രതിവര്‍ഷം 100 കോടിയില്‍ പരം രൂപയാണ് സംസ്ഥാന സര്‍ക്കാറിന്റെ ഖജനാവില്‍ ചെന്ന് വീഴുന്നത്. ലോകത്തൊരിടത്തുമില്ലാത്ത തരത്തിലാണ് സാധാരണക്കാരന്റെ കീശയില്‍ നിന്നും കയ്യിട്ടു വാരുന്ന സംസ്ഥാന സര്‍ക്കാറിന്റെ ഈ നികുതിക്കൊള്ള. രാജ്യത്ത് തന്നെ മറ്റൊരു സംസ്ഥാനത്തും കോഴിക്ക് നികുതിയില്ലെന്നിരിക്കെ ഓലമേഞ്ഞ കോഴിക്കൂടിന് പോലും ആഡംബര നികുതി നല്‍കണം. ഈ സാമ്പത്തിക വര്‍ഷം മുതല്‍ കോഴിത്തീറ്റക്ക് പോലും കര്‍ഷകര്‍ നികുതി നല്‍കണമിവിടെ. 14.5 ശതമാനമാണ് കോഴിക്ക് സര്‍ക്കാര്‍ എര്‍പ്പെടുത്തിയിരിക്കുന്ന നികുതി. ഒരു കിലോ കോഴിക്ക് 95 രൂപയാണ് തറവില. ഇതനുസരിച്ച് കിലോക്ക് 13.77 രൂപ നികുതി നല്‍കണം. ഇതിന് പുറമെ കോഴി എണ്ണത്തിന് (കോഴിക്കുഞ്ഞിനും) അഞ്ച് രൂപ നികുതിയുണ്ട്. ഇത്തരത്തില്‍ കോഴിക്കുഞ്ഞിന്റെ നികുതി അഞ്ച് രൂപയുള്‍പ്പെടെ സാധാരണയായി ലഭിക്കുന്ന രണ്ട് കിലോ തൂക്കമുള്ള ഒരു കോഴിക്ക് 32.55 രൂപ ഉപഭോക്താവ് നികുതി നല്‍കണം. രണ്ട് കിലോയുടെ കോഴി വാങ്ങുമ്പോള്‍ ഒന്നര കിലോയാണ് ഇറച്ചി ലഭിക്കുന്നതെങ്കിലും തത്വത്തില്‍ കോഴി വേസ്റ്റിനു പോലും സര്‍ക്കാര്‍ ഉപഭോക്താവില്‍ നിന്ന് നികുതി വാങ്ങുന്നു. എന്നാല്‍ പോത്ത്, ആട്, പന്നി, മത്സ്യം, പച്ചക്കറി എന്നിവക്കൊന്നും ഇത്തരത്തില്‍ നമ്മുടെ സംസ്ഥാനത്ത് നികുതിയുമില്ലെന്നുള്ളതാണ് മറ്റൊരു വിചിത്രമായ വസ്തുത.
പ്രതിദിനം വില്‍പന നടത്തുന്ന പത്ത് ലക്ഷം കിലോയില്‍ പകുതിയോളം ആഭ്യന്തര ഉത്പാദനമാണ്. ബാക്കിയുള്ളവ ഇതര സം സ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവയാണ്. 80 ലക്ഷം കോഴിമുട്ടയും പ്രതിദിനം കേരളത്തിലേക്കെത്തുന്നുണ്ട്. ഇതിനായി ഓരോ മാസവും ശരാശരി ഒരു കോടി കോഴിക്കുഞ്ഞുങ്ങളും സംസ്ഥാനത്തെ ഫാമുകളിലേക്കെത്തുന്നുണ്ട്. കോഴി കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ 1990 ലാണ് സംസ്ഥാനത്ത് കോഴിക്ക് 10 ശതമാനം നികുതി ഏര്‍പ്പെടുത്തി തുടങ്ങിയത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് വ്യാപകമായി കോഴിഎത്തിയപ്പോള്‍ സംസ്ഥാനത്തേക്കുള്ള പ്രവേശന നികുതിയായാണ് ഇറച്ചിക്കോഴിക്ക് നികുതി ചുമത്തിയത്. സംസ്ഥാനത്തെ കോഴി കര്‍ഷകര്‍ക്ക് നികുതി ഇളവും നല്‍കിയിരുന്നു. എന്നാല്‍ 2005 ഏപ്രില്‍ ഒന്ന് മുതല്‍ വാറ്റ് നിയമം നിലവില്‍ വന്നതോടെ സംസ്ഥാനത്തെ കോഴി കര്‍ഷകരും ഈ നികുതി ഭാരം ചുമക്കേണ്ടി വരികയായിരുന്നു. യു ഡി എഫ് സര്‍ക്കാര്‍ ഓരോ വര്‍ഷവും കോഴിക്കുള്ള നികുതി വര്‍ധിപ്പിച്ചതോടെയാണ് ഇപ്പോള്‍ 14.5 ശതമാനത്തിലെത്തി നില്‍ക്കുന്നത്.
ഇതിനെല്ലാം പുറമെ അര ശതമാനമാണ് ഇപ്പോള്‍ കോഴി തീറ്റക്ക് ഏര്‍പ്പെടുത്തിയ നികുതി. കാര്‍ഷിക വൃത്തിയില്‍ ഉള്‍പ്പെടുത്തി വൈദ്യുതി സബ്‌സിഡി നല്‍കിയിരുന്നെങ്കിലും ഇതും എടുത്ത് കളഞ്ഞു. 3000 സ്‌ക്വയര്‍ ഫീറ്റിനുമുകളിലുള്ള കോഴിക്കൂടുകള്‍ക്ക് വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള ആഡംബര നികുതിയും ഏര്‍പ്പെടുത്തി. ഇതോടെ കോഴി കര്‍ഷകരെ സഹായിക്കാന്‍ തുടങ്ങിയ നികുതിയിപ്പോള്‍ കര്‍ഷക ദ്രോഹമായി തീര്‍ന്നിരിക്കുകയാണ്. രാജ്യത്തെവിടെയുമില്ലാത്ത തരത്തില്‍ കോഴിക്ക് വിലയുമുയര്‍ന്നു. ഇറച്ചിക്കോഴിക്ക് നികുതിയുള്ള രാജ്യത്തെ ഏക സംസ്ഥാനമായി തുടരുമ്പോഴും ഇനിയും തറ വില ഉയര്‍ത്തി കൂടുതല്‍ നികുതി പിരിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനെതിരെ സംസ്ഥാന പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിലക്കയറ്റം തടയിടാനുള്ള നടപടികള്‍ കൈകൊള്ളുന്നതായി സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും വിലക്കയറ്റമുണ്ടാക്കുന്നതിന് പുറമെ ലോകത്തെവിടെയുമില്ലാത്ത തരത്തില്‍ കോഴി കര്‍ഷകര്‍ ഉപഭോക്താവില്‍ നിന്ന് നികുതിക്കൊള്ള നടത്തുകയാണ് സര്‍ക്കാര്‍.