Connect with us

Idukki

വിജയാരവങ്ങളില്‍ മൂന്നാര്‍; ഞെട്ടല്‍ മാറാതെ ട്രേഡ് യൂനിയനുകള്‍

Published

|

Last Updated

തൊടുപുഴ: യൂനിയനുകള്‍ പതിറ്റാണ്ടുകളായി ചൊല്ലിക്കൊടുത്ത മുദ്രാവാക്യങ്ങളെ തളളിപ്പറഞ്ഞ് മൂന്നാറില്‍ കണ്ണന്‍ ദേവന്‍ തൊഴിലാളികള്‍ നേടിയ വിജയത്തിന്റെ ഞെട്ടലില്‍ തൊഴിലാളി നേതാക്കള്‍. തോട്ടം മേഖലയിലെ പ്രമുഖ ട്രേഡ് യൂനിയന്‍ നേതാവും കെ പി സി സി വൈസ് പ്രസിന്റുമായ എ.കെ മണി സൗത്ത് ഇന്ത്യന്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (ഐ എന്‍ ടി യു സി) പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. സമരക്കാരുടെ കടുത്ത രോഷത്തിനിരയായ സി പി എം ജില്ലാ കമ്മിറ്റി അംഗം കൂടിയായ സ്ഥലം എം എല്‍ എ എസ് രാജേന്ദ്രന്റെ സമാന്തര നിരാഹാരം ഇന്നലെ രാവിലെ അവസാനിപ്പിച്ചു. ടാറ്റായില്‍ നിന്ന് ആനുകൂല്യം കൈപ്പറ്റിയതായി തൊഴിലാളികള്‍ പുറത്തുവിട്ട 150 പേരില്‍ പ്രമുഖരാണ് മുന്‍ എം എല്‍ എ കൂടിയായ എ കെ മണിയും രാജേന്ദ്രനും. ഒരു ചക്കയിട്ടപ്പോള്‍ ചത്ത മുയലാണ് മൂന്നാര്‍ വിജയമെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം എം മണിയുടെ പ്രതികരണം. കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചു പോയതിന്റെ ജാള്യത തോട്ടം മേഖലയിലെ എല്ലാ നേതാക്കളിലും ദൃശ്യമായിരുന്നു.
അതേ സമയം ഇതു വരെ ഒരു സമര വിജയത്തിലും കാണാത്ത പ്രതികരണത്തിന് മൂന്നാര്‍ ഇന്നലെ സാക്ഷ്യം വഹിച്ചു. സമരത്തിന് പൂര്‍ണപിന്തുണ നല്‍കിയ പോലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും നന്ദി പറഞ്ഞ് സ്ത്രീകളടക്കമുളള തൊഴിലാളികള്‍ ആഹ്ലാദ പ്രകടനം നടത്തി. പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനമായെത്തിയ പ്രക്ഷോഭകര്‍ ഡിവൈ എസ് പിയെ എടുത്തുയര്‍ത്തി. സമരത്തിന്റെ ചൂട് ലോകത്തെ അറിയിച്ച മാധ്യമ പ്രവര്‍ത്തകരെ ഹാരമണിയിച്ച് തോളിലേറ്റി. നേതാക്കള്‍ പറയുന്ന സമരങ്ങള്‍ നടപ്പാക്കി ശീലമുളള തൊഴിലാളികള്‍ ഇതാദ്യമായി സ്വയം രൂപപ്പെടുത്തിയ സമരരീതി പ്രാവര്‍ത്തികമാക്കിയതിന്റെ ആരവത്തിലായിരുന്നു. എം എം മണി നല്‍കിയ നാരങ്ങാനീരു കുടിച്ചാണ് രാജേന്ദ്രന്‍ സമരം അവസാനിപ്പിച്ചത്. വിയറ്റ്‌നാമിലായിരുന്ന മണി ഞായറാഴ്ചയാണ് മടങ്ങിയെത്തിയത്. തോട്ടം തൊഴിലാളി സമരം ന്യായമായിരുന്നെന്നും വിജയിച്ചത് സി പി എമ്മിന്റെ അവസരോചിത ഇടപെടല്‍ കൊണ്ടാണെന്നും എസ് രാജേന്ദ്രന്‍ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു കൊണ്ട് എം എം മണി പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് മൂന്നാറിലെത്തിയതോടെയാണ് സര്‍ക്കാരിന്റെ കണ്ണ് തുറന്നത്. സമരം ഒത്തുതീര്‍പ്പായതില്‍ അതിയായ സന്തോഷമുണ്ട്. എന്നാല്‍ കൂലിവര്‍ധനവിന് വേണ്ടി ശക്തമായ ഇടപെടല്‍ വേണ്ടിവരും. ട്രേഡ് യൂനിയനുകളെ പരിഹസിക്കുന്നവര്‍ തൊഴിലാളികള്‍ ഇന്നനുഭവിക്കുന്ന പല ആനുകൂല്യങ്ങളും എങ്ങനെ നേടിയെന്ന് മനസിലാക്കണം. ഒരു ചക്ക വീണ് മുയലുചത്തെന്ന് കരുതി എപ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല.
തോട്ടം തൊഴിലാളിസമരം എല്ലാം ട്രേഡ് യൂണിയനുകളും പരിശോധിക്കണം. സി ഐ ടി യു നിശ്ചയമായും വിലയിരുത്തും. സമയാസമയങ്ങളില്‍ ഓരോവിഷയത്തിലും ഇടപെടും. എന്തെങ്കിലും പിശക് പറ്റിയിട്ടുണ്ടോയെന്നും പരിശോധിക്കും. തോട്ടം ഉടമകളുടെ ആനുകൂല്യം പറ്റുന്നവരല്ല സി ഐ ടി.യുക്കാര്‍. അതുകൊണ്ട് ഞങ്ങള്‍ക്ക് ആരെയും പേടിയില്ല. അതിനാലാണ് എസ് രാജേന്ദ്രന്‍ സമരം ആരംഭിച്ചതെന്നും മണി പറഞ്ഞു.
തൊഴിലാളികള്‍ അവിശ്വാസം പ്രകടിപ്പിച്ച സാഹചചര്യത്തില്‍ സ്ഥാനത്തു തുടരുന്നില്ലെന്ന് വ്യക്തമാക്കിയാണ് എ.കെ മണിയുടെ രാജി. എ കെ മണി രാജി പിന്‍വലിക്കണമൊവശ്യപ്പെട്ട് യുത്ത്്് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസ് പൂട്ടിയിട്ടു. പാര്‍ട്ടി ഓഫീസിന് മുമ്പില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ബ്ലോക്ക്്് പഞ്ചായത്ത്്് പ്രസിഡന്റ്്്്്് അടക്കമുള്ളവരെ തടഞ്ഞുവെച്ചു.
ഡിവൈ.എസ്.പിമാരായ പ്രഫുലചന്ദ്രന്‍, വി.എന്‍ സജി എന്നിവരെ പൂമാലയിട്ടും എടുത്തുയര്‍ത്തിയുമാണ് സ്ത്രീതൊഴിലാളികള്‍ നന്ദി അറിയിച്ചത്. വിവിധ എസ്റ്റേറ്റ് ഡിവിഷനുകളില്‍ നിന്ന് ആയിരക്കണക്കിന് സ്ത്രീകളാണ് മൂന്നാറിലേക്ക് ഒഴുകിയെത്തിയത്. എന്നാല്‍ തൊഴിലാളി സ്ത്രീകളുടെ മാത്രം ബുദ്ധിയല്ല പ്രക്ഷോഭത്തിന് പിന്നിലെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. വ്യക്തമായ ആസൂത്രണത്തോടെയും ആരുടെയോ നിര്‍ദേശ പ്രകാരവും കൃത്യമായ തിരക്കഥയിലാണ് സമരം നടന്നത്. ഇന്റലിജന്‍സ് വിഭാഗത്തിന് ഇക്കാര്യത്തില്‍ സംഭവിച്ച വീഴ്ച വരും ദിവസങ്ങളില്‍ അന്വേഷണ വിധേയമാക്കും.

Latest