Connect with us

Kerala

ബുദ്ധി വൈകല്യമുള്ളവരുടെ സ്വത്ത് ക്രയവിക്രയത്തിന് കലക്ടറുടെ അനുമതി വേണം

Published

|

Last Updated

പാലക്കാട്: ബുദ്ധിമാന്ദ്യം, സെറിബ്രല്‍ പാള്‍സി, ഓട്ടിസം, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നീ അവസ്ഥകളുള്ളവരുടെ കുടുംബ സ്വത്ത് ക്രയ വിക്രയം ചെയ്യുന്നതിന് കലക്ടര്‍ അധ്യക്ഷനായ കമ്മിറ്റിയുടെ അനുവാദം നിര്‍ബന്ധമാക്കി.
ബുദ്ധിവൈകല്യമുള്ളവരുടെയും സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയാത്തവരുടെയും സ്വത്താവകാശം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തുന്ന വ്യവസ്ഥകളാണ് സാമൂഹിക നീതി വകുപ്പിറക്കിയ ഉത്തരവിലുള്ളത്. കുടുംബ ഓഹരിയുമായി ബന്ധപ്പെട്ട ആധാരങ്ങള്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രത്യേക പരിഗണന ആവശ്യമുള്ള വ്യക്തികള്‍ കുടുംബത്തിലുണ്ടോ എന്ന് അധികാരികള്‍ ഉറപ്പുവരുത്തണം. മേല്‍പ്പറഞ്ഞ നാല് വിഭാഗം വൈകല്യമുള്ളവരുടെ ജീവനും സ്വത്തും അവകാശങ്ങളും സംരക്ഷിക്കുന്നതിന് 1999 ല്‍ നിലവില്‍ വന്നതാണ് നാഷനല്‍ട്രസ്റ്റ് ആക്ട്. സാമൂഹിക നീതിവകുപ്പിന്റെ പരിധിയില്‍ ഡല്‍ഹി കേന്ദ്രമായി രൂപവത്കരിച്ച ബോര്‍ഡാണ് ആക്ട് നടപ്പാക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഇതിന്റെ‘ ഭാഗമായി നടപ്പാക്കിയ കലക്ടര്‍ അധ്യക്ഷനായുള്ള ജില്ലാതല സമിതിക്ക് അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുണ്ട്. ബുദ്ധിമാന്ദ്യമുള്ളവരുടെ സ്വത്ത് കൈവശംവെക്കുകയും അവരെ മോശം സാഹചര്യങ്ങളില്‍ പാര്‍പ്പിക്കുകയും ചെയ്യുന്ന പല കുടുംബങ്ങളുമുണ്ട്.
അത്തരം സ്ഥലങ്ങളില്‍ചെന്ന് പരിശോധന നടത്താനും ബന്ധുക്കള്‍ക്കെതിരെ നടപടിയെടുക്കാനും നാഷനല്‍ ട്രസ്റ്റിന്റെ സമിതിയംഗങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഇവരുടെ പേരിലുള്ള വസ്തുക്കള്‍ പോക്കു വരവ് ചെയ്യും മുമ്പ് നാഷനല്‍ ട്രസ്റ്റിന്റെ ജില്ലാതല കമ്മിറ്റിയുടെ രേഖാ മൂലമുള്ള അനുമതി വേണ്ടി വരും. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് കേന്ദ്ര സാമൂഹിക നീതി അധികാരവത്കരണ മന്ത്രാലയത്തിന്റെ പരിധിയിലുള്ള നാഷനല്‍ ട്രസ്റ്റ് ആക്ട് 1999 പ്രകാരം കലക്ടര്‍ അധ്യക്ഷനായി ലോക്കല്‍ ലെവല്‍ കമ്മിറ്റികള്‍ ജില്ലകള്‍തോറും സ്ഥാപിതമായിട്ടുണ്ട്. വൈകല്യമുള്ളവര്‍ക്ക് നിയമപരമായി രക്ഷാകര്‍ത്താക്കളെ നിയമിക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും ഈ കമ്മിറ്റികള്‍ക്ക് ചുമതലയുണ്ട്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ സബ് റജിസ്ട്രാര്‍ വില്ലേജ് ഓഫീസുകളില്‍ നാഷനല്‍ ട്രസ്റ്റ് ആക്ട് സംബന്ധിച്ച ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മനോ വൈകല്യമുള്ളവര്‍ അംഗങ്ങളായുള്ള കുടുംബങ്ങളില്‍ നിബന്ധനകള്‍ പാലിക്കാതെ നടത്തുന്ന സ്വത്ത് ക്രയ വിക്രയങ്ങള്‍ റദ്ദാക്കുമെന്ന് വകുപ്പ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.