കോഴിക്കോട് ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടിത്തം

Posted on: September 14, 2015 10:56 pm | Last updated: September 14, 2015 at 11:55 pm

കോഴിക്കോട്: നഗരത്തില്‍ ഇന്നലെ രാത്രി വീണ്ടും തീപ്പിടിത്തം. ഇന്നലെ രാത്രി 9.15 ഓടെ പാളയം മാരിയമ്മന്‍ കോവിലിന് സമീപത്തെ കെവി കോംപ്ലക്‌സില്‍ ഉണ്ടായ തീപ്പിടിത്തം പരിഭ്രാന്തി പരത്തി. കെ വി കോംപ്ലക്‌സ് കെട്ടിടത്തിലെ ‘സീസണ്‍’ എന്ന തുണിക്കടയിലാണ് അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കടയില്‍ സൂക്ഷിച്ചിരുന്ന തുണികള്‍ പൂര്‍ണമായും കത്തി നശിച്ചു. കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ പടര്‍ന്ന തീ പിന്നീട് താഴത്തെ നിലയിലേക്കും വ്യാപിക്കുകയായിരുന്നു. കോഴിക്കോട് ബീച്ച് ഫയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നും മൂന്ന് യൂനിറ്റും, വെള്ളിമാട്കുന്ന് ഫയര്‍ഫോഴ്‌സില്‍ നിന്നും രണ്ട് യൂനിറ്റും, മീഞ്ചന്ത സ്റ്റേഷനില്‍ നിന്ന് രണ്ട് യൂണിറ്റും സ്ഥലത്തെത്തി. രാത്രി 10 ഓടെ തീ നിയന്ത്രണ വിധേയമാക്കി.