ചെറുകിട കരിങ്കല്‍ക്വാറി തൊഴിലാളികള്‍ അനിശ്ചിതകാല സത്യഗ്രഹത്തിലേക്ക്

Posted on: September 14, 2015 9:24 am | Last updated: September 14, 2015 at 9:24 am

കോഴിക്കോട്: ചെറുകിട കരിങ്കല്‍ക്വാറി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതുമൂലം ചെറുകിട കരിങ്കല്‍ക്വാറി തൊഴിലാളികള്‍ അനിശ്ചിതകാല സത്യഗ്രഹത്തിലേക്ക്. മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനാലാണ് 17മുതല്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങാന്‍ ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തിലെ 90ശതമാനം ക്വാറികള്‍ക്കും പെര്‍മിറ്റ് അനുവദിക്കുന്നില്ല. 2015 ലെ പുതിയ ഖനനച്ചട്ട പ്രകാരം മൂന്നുവര്‍ഷത്തേക്ക് പെര്‍മിറ്റ് ക്വാറികളുടെ പ്രവര്‍ത്തനം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ പുതിയ ഖനനചട്ടം നിലവില്‍ വന്നത് മുതല്‍ പെര്‍മിറ്റ് പുതുക്കി നല്‍കിയിട്ടുമില്ല. എന്നാല്‍ 2015 ലെഖനന ചട്ടം വന്‍കിട ലീസ് ക്വാറികളുടെ താല്‍പ്പര്യം മാത്രമാണ് സംരക്ഷിക്കുന്നത്. ഒരു ഹെക്ടര്‍ വിസ്തൃതിയുള്ള ക്വാറികള്‍ക്ക് മാത്രമേ ലീസ് സമ്പ്രദായത്തിലേക്ക് മാറാന്‍ കഴിയൂ. ലീസ് സമ്പ്രദായം മാത്രമേ നിലനില്‍ക്കൂവെന്നും താല്‍ക്കാലിക അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷത്തേക്ക് മാത്രമേ പെര്‍മിറ്റ് അനുവദിക്കൂ എന്നും ചട്ടം നിര്‍ദ്ദേശിക്കുമ്പോള്‍ ഭാവിയില്‍ ഒരു ഹെക്ടറിന് താഴെയുള്ള കേരളത്തിലെ ഭൂരിഭാഗം ക്വാറികളും അടച്ചുപൂട്ടും. ഇത്തരത്തില്‍ നിലപാടുള്ള സര്‍ക്കാര്‍ കോടതികളില്‍ കേസ് നടത്താന്‍ താല്‍പ്പര്യം കാണിക്കുന്നില്ല.
ഭൂരപരിഷ്‌ക്കരണ നിയമപ്രകാരം ഇളവ് ലഭിച്ച തോട്ടം മേഖലയില്‍ ആ നിയമത്തെ അട്ടിമറിക്കുന്ന രീതിയില്‍ വന്‍കിട ക്വാറികള്‍ പ്രവര്‍ത്തിക്കുകയാണ്. റവന്യൂ ഭൂമി, സര്‍ക്കാര്‍ പുറംപോക്ക് തുടങ്ങിയ മേഖലകളിലും അനധികൃത വന്‍കിട ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വന്‍കിട അനധികൃത ക്വാറികള്‍ക്ക് അവസരം ഉറപ്പാക്കുന്ന രീതിയിലാണ് 2015 ലെ ലീസ് നിര്‍ദ്ദേശങ്ങളുള്ളത്. ഇത് സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ 47 വര്‍ഷമായി കേരളത്തില്‍ നിലനില്‍ക്കുന്ന പെര്‍മിറ്റ് സമ്പ്രദായ പ്രകാരമാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെ ആശ്രയിച്ച് ലക്ഷക്കണക്കിന് തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പുതിയചട്ടം ഈ മേഖലയെ തകര്‍ക്കുന്നതിന് കാരണമാകുന്ന സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിന് തീരുമാനിച്ചിരിക്കുന്നത്.